2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വെസ്റ്റ്ബാങ്കില്‍ അക്രമം അഴിച്ചുവിട്ട് ഇസ്‌റാഈലി കുടിയേറ്റക്കാര്‍; വീടുകള്‍ക്കും കാറുകള്‍ക്കും തീയിട്ടു, ഒരു മരണം, നാലുപേര്‍ക്ക് ഗുരുതര പരുക്ക്

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കുനേരെ അക്രമം അഴിച്ചു വിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍. നബുലസിലും പരിസരപ്രദേശങ്ങളിലുമാണ് അക്രമ പരമ്പര അരങ്ങേറിയത്. 30ലേറെ കാറുകളും വീടുകളും തീയിട്ടു. നിരവധി ഫലസ്തീനികള്‍ മര്‍ദനത്തിനിരയായി.

അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റതായും ഫലസ്തീന്‍ അധികൃതര്‍ പറഞ്ഞു. 98 പേര്‍ക്ക് ചികിത്സ നല്‍കിയതായി ഫലസ്തീനിയന്‍ റെഡ് ക്രോസ് അറിയിച്ചു. വെടിയേറ്റും ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റുമാണ് ആളുകള്‍ക്ക് പരുക്കേറ്റത്. ടിയര്‍ ഗ്യാസ് ശ്വസിച്ചും പലരും ചികിത്സ തേടി. ചെറുത്തുനിന്ന ഫലസ്തീനികളുടെ കല്ലേറില്‍ ഏതാനും ഇസ്‌റാഈല്‍ പൗരന്മാര്‍ക്കും പരിക്കേറ്റു. ശനിയാഴ്ച രണ്ട് ഇസ്‌റാഈല്‍ പൗരന്മാര്‍ വെടിയേറ്റ് മരിച്ചതിന്റെ പ്രതികാരമായാണ് അക്രമപരമ്പര അഴിച്ചുവിട്ടത്.

തൊട്ടുമുമ്പത്തെ ദിവസം 11ഫലസ്തീനികളെ ഇസ്‌റാഈല്‍ സേന വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ദയയില്ലാതെ പ്രതിഷേധിക്കണമെന്ന് ഇസ്രായേല്‍ മന്ത്രിസഭാംഗം ആവശ്യപ്പെട്ടതിന് പിറകെയാണ് വെസ്റ്റ് ബാങ്കിലെ അക്രമം ആരംഭിച്ചത്. യു.എസ്, ഈജിപ്ത് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച ജോര്‍ഡനില്‍ ഇസ്രായേല്‍ ഫലസ്തീന്‍ സമാധാന ചര്‍ച്ച നടന്നിരുന്നു.

ജോര്‍ദാന്‍ സമാധാന ചര്‍ച്ച ആത്മാര്‍ഥതയില്ലാത്തതാണെന്നും ഫലസ്തീനികള്‍ക്കെതിരായ അക്രമവും അനധികൃത കുടിയേറ്റവും നിര്‍ത്താതെ ചര്‍ച്ച കൊണ്ട് കാര്യമില്ലെന്ന് ഗസ്സ ഭരിക്കുന്ന ഹമാസ് വ്യക്തമാക്കി. ‘കുടിയേറ്റം നിര്‍ത്തില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ജോര്‍ദാന്‍ ചര്‍ച്ചക്കു ശേഷം ട്വീറ്റ് ചെയ്തിരുന്നു. പിന്നെ എന്തു സമാധാനമാണ് അവര്‍ ഉദ്ദേശിക്കുന്നത്’ ഹമാസ് വക്താവ് ചോദിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.