മെല്‍ബണ്‍: ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ റെയില്‍വേ സ്റ്റേഷനില്‍ ശുചീകരണത്തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഇന്ത്യക്കാരന്‍ പൊലിസിന്റെ വെടിയേറ്റു മരിച്ചു. തമിഴ്‌നാട് സ്വദേശിയായ സഈദ് അഹ്മദാണ് (32) കൊല്ലപ്പെട്ടത്. ആസ്‌ത്രേലിയയില്‍ താല്‍ക്കാലിക വിസ (ബ്രിഡ്ജിങ് വിസ)യില്‍ താമസിച്ചു വരികയായിരുന്നു സഈദ് അഹ്മദ്.
ഔബണ്‍ സ്റ്റേഷനില്‍ ശുചീകരണത്തൊഴിലാളിയെ അഹ്മദ് കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് പൊലിസ് സ്ഥലത്തെത്തിയത്. ഇയാള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞതായി സിഡ്‌നി മോണിങ് ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു. വെടിയേറ്റ അഹ്മദിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നോ എന്ന് പരിശോധിക്കുകയാണെന്നും പൊലിസ് പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാളെ പൊലിസ് അഞ്ചുതവണ പിടികൂടിയിരുന്നു.
Comments are closed for this post.