2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫലസ്തീന്‍ വിമോചന മുദ്രവാക്യങ്ങളില്‍ മുങ്ങി ഖത്തര്‍, ആവേശക്കനലായി ഹനിയ്യ; വഹാബ് പള്ളി ചത്വരത്തിലെ ഐക്യദാര്‍ഡ്യ സംഗമത്തിനെത്തിയത് ആയിരങ്ങള്‍

ദോഹ: ഖത്തര്‍ എന്ന കൊച്ചു രാജ്യത്തില്‍ ഇന്നലെ രാവു മുഴുവന്‍ ഫലസ്തീന്‍ വിമോചന മുദ്രാവാക്യങ്ങളുടെ പെരുമഴയായിരുന്നു. ആയിരക്കണക്കിനാളുകളുടെ കണ്ഠങ്ങളില്‍ നിന്ന് ഫലസ്തീനു വേണ്ടി ഉയര്‍ന്ന ശബ്ദങ്ങള്‍ക്ക് ഇസ്‌റാഈലിന്റെ വെടിയുണ്ടകളെ വെല്ലന്‍ കരുത്തുണ്ടായിരുന്നു. കണ്ണില്‍ തീക്കനലും കയ്യില്‍ കല്‍ച്ചീളുമായി പോരാട്ടത്തിനിറങ്ങിയ ഫലസ്തീന്‍ ബാല്യങ്ങള്‍ക്ക് കരുത്തുപകരാനുള്ള ആര്‍ജ്ജവമുണ്ടായിരുന്നു.

ഇമാം മുഹമ്മദ് അബ്ദുല്‍ വഹാബ് പള്ളി ചത്വരത്തില്‍ നടന്ന ഐക്യദാര്‍ഢ്യ സംഗമത്തില്‍ സ്വദേശികളും പ്രവാസികളുമുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ഫലസ്തീന്റെയും ഖത്തറിന്റെയും പതാകകളുമായാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.

ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യക്കെതിരെ ഞാന്‍ ശക്തമായ നിലപാട് എടുക്കുകയാണ്. പ്രതിഷേധ സംഗമത്തിനെത്തിയ ഫലസീന്‍ പൗര റീം അല്‍ഗൗല്‍ പ്രതികരിച്ചു.ഞങ്ങളുടെ രാജ്യത്തിന്റെ മോചനത്തിനായി ഞങ്ങള്‍ എന്തും ചെയ്യും. ഞങ്ങള്‍ അവിടെയില്ല. അതിനാലാണ് ഈ പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കുന്നത്. അവിടെ നടക്കുന്ന സംഭവങ്ങളോര്‍ത്ത് എനിക്ക് നല്ല ദേഷ്യമുണ്ട്. എന്റെ ഹൃദയം നുറുങ്ങുകയാണ്- റീം പറഞ്ഞു.

പ്രതിഷേധക്കാര്‍ക്ക് ആവേശം പകര്‍ന്ന് ഹമാസ് രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മയില്‍ ഹനിയ്യയും വേദിയിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്തു. ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യയാണെന്നും പലസ്തീനി ജനത മുട്ടുമടക്കില്ലെന്നും ഹനിയ്യ പ്രഖ്യാപിച്ചു. സ്വന്തം നിലയ്ക്കും അറബ് ലീഗ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയും ഖത്തര്‍ നല്‍കുന്ന പിന്തുണക്കും സഹായത്തിനും അദ്ദേഹം നന്ദിയര്‍പ്പിച്ചു. ആഗോള പണ്ഡിതസഭാ ജനറല്‍ സെക്രട്ടറി അലി കുറദാഗി ഉള്‍പ്പെടെയുള്ള പ്രമുഖരും പരിപാടിയില്‍ പ്രസംഗിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.