2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇമ്രാന്‍ ഖാന്റേതെന്ന പേരില്‍ ലൈംഗിക സംഭാഷണത്തിന്റെ ഓഡിയോ പുറത്ത്; ഏറ്റെടുത്ത് എതിരാളികള്‍, വ്യാജമെന്ന് പി.ടി.ഐ

ന്യൂഡല്‍ഹി: മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒരു സ്ത്രീയെ ലൈംഗികബന്ധത്തിന് ക്ഷണിക്കുന്ന ഓഡിയോ ക്ലിപ് ചോര്‍ന്നതോടെ വിവാദം ശക്തം. പാക് മാധ്യമപ്രവര്‍ത്തകന്‍ സയ്യിദ് അലി ഹൈദര്‍ യുട്യൂബില്‍ ഷെയര്‍ ചെയ്ത ഓഡിയോ ക്ലിപ്പുകള്‍ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. പാക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണ് ഓഡിയോ പുറത്തുവന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈ വര്‍ഷമാദ്യം ഇമ്രാന്‍ ഖാന് പ്രധാനമന്ത്രിപദം നഷ്ടപ്പെട്ട ശേഷം ചോര്‍ന്ന നിരവധി ഫോണ്‍ സംഭാഷണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് വൈറലായ ക്ലിപ്പുകള്‍. ക്ലിപ്പുകള്‍ വ്യാജമെന്നും ഇമ്രാനെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ വ്യാജ വിഡിയോകളും ഓഡിയോകളും നിര്‍മിക്കുകയാണെന്നും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) നേതാവ് അര്‍സ്ലാന്‍ ഖാലിദ് പറഞ്ഞു.

സംഭാഷണത്തില്‍ ഒരു പുരുഷന്‍ കൂടിക്കാഴ്ചയ്ക്കായി സ്ത്രീയോട് സമ്മര്‍ദം ചെലുത്തുന്നതും മോശം പരാമര്‍ശങ്ങള്‍ നടത്തുന്നതുമാണുള്ളത്. തന്നെ കാണാന്‍ സ്ത്രീയോട് ആവശ്യപ്പെടുമ്പോള്‍ അവള്‍ വിമുഖത കാണിക്കുകയും തനിക്ക് ‘വേദന’ ഉണ്ടെന്ന് പറയുകയും ചെയ്യുന്നു. അടുത്ത ദിവസത്തെ മീറ്റിങിനെക്കുറിച്ച് ചര്‍ച്ച ചെയ്യവെ, ‘എന്റെ കുടുംബവും കുട്ടികളും വരുന്നതിനാല്‍ അത് സാധ്യമാണോ എന്ന് ഞാന്‍ നോക്കാം. അവരുടെ സന്ദര്‍ശനം വൈകിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കും. ഞാന്‍ നാളെ നിങ്ങളെ അറിയിക്കാം’ എന്ന് ഇമ്രാന്റെ ശബ്ദത്തില്‍ പറയുന്നു. ക്ലിപ്പുകളിലെ ശബ്ദം ഇമ്രാന്‍ ഖാന്റേതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഓണ്‍ലൈനില്‍ വിവാദം കത്തിപ്പടരുകയാണ്.

   

ഇമ്രാന്‍ ഖാന്‍ ഇമ്രാന്‍ ഹാഷ്മിയായി മാറിയെന്ന് മാധ്യമപ്രവര്‍ത്തകയും സൗത്ത് ഏഷ്യ ലേഖികയുമായ നൈല ഇനായത്ത് ട്വീറ്റ് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.