2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഓരോ ജീവന്‍ പുറത്തെടുക്കുമ്പോഴും അവര്‍ ഉച്ചത്തില്‍ വിളിച്ചു ‘അല്ലാഹു അക്ബര്‍..ദൈവം ഏറ്റവും വലിയവന്‍’

അല്ലാഹു അക്ബര്‍…ദൈവം ഏറ്റവും വലിയവന്‍…കഴിഞ്ഞ പത്തു നാളായി സിറിയ- തുര്‍ക്കി മണ്ണില്‍ ഏറ്റവും ഉയര്‍ന്നു കേള്‍ക്കുന്ന നാദം. ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂമികുലുക്കം നടന്നിട്ട് പത്തുനാളായിരിക്കുന്നു. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കടിയില്‍ ഭീമന്‍ കോണ്‍ഗ്രീറ്റ് പാളികള്‍ക്കും കല്‍ച്ചീളുകള്‍ക്കും കൂര്‍ത്ത കമ്പിക്കഷ്ണങ്ങള്‍ക്കുമിടയില്‍ ജീവന്റെ തുടിപ്പുകള്‍ തേടിയുള്ള അന്വേഷണം ഇനിയും അവസാനിച്ചിട്ടില്ല. ഈ തകര്‍ന്നു കിടക്കുന്ന മണ്ണില്‍ നിന്ന് 200 മണിക്കൂറികള്‍ക്ക് ശേഷവും ജീവന്‍ കണ്ടെത്തുമ്പോള്‍ അവരാര്‍ത്തു വിളിക്കുന്നു…ദൈവം എത്ര വലിയവന്‍…

വെള്ളമില്ലാതെ ഭക്ഷണമില്ലാതെ എന്തിനേറെ പൊടിമണക്കാത്ത വായു പോലുമില്ലാതെ വെളിച്ചത്തിന്റെ ഒരു കണികയില്ലാതെ എല്ലാത്തിലുമുപരി തിരിച്ചുവരവെന്നൊരു പ്രതീക്ഷപോലുമില്ലാതെ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍. കുഞ്ഞുകുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ. പാളികളോരാന്നായി വകഞ്ഞുമാറ്റി ജീവന്റെ തുടിപ്പിനടുത്തേക്കെത്തുമ്പോള്‍ അനുഭവിക്കുന്ന സന്തോഷം.

രക്ഷാപ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനത്തിന്റെ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ദൈവത്തെ പ്രകീര്‍ത്തിച്ചാണ് അവര്‍ ‘പുതിജന്മ’ത്തേയും വരവേല്‍ക്കുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ പോലും എടുത്തു പറയുന്നു. 

ഇദ്‌ലിബില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ രക്ഷിച്ച വീഡിയോയിലും ഇതിലുണ്ട്. ശരിയായ അദ്ഭുതം സന്തോഷം ആകാശത്തോളം…വൈറ്റ് ഹെല്‍മെറ്റ് പേജില്‍ വീഡിയോ പങ്കുവെച്ചതിങ്ങനെ.

ഫെബ്രുവരി 6നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുര്‍ക്കിയേയും സിറിയന്‍ അതിര്‍ത്തി പ്രദേശത്തേയുമാണ് ഇത് ബാധിച്ചത്. മരണം ഏകദേശം നാല്‍പതിനായിരം കടന്നെന്നാണ് റിപ്പോര്‍ട്ട്. പതിനായിരത്തിലേറെ കുഞ്ഞുങ്ങള്‍ അനാഥരായെന്നും 70 ലക്ഷത്തിലേറെ കുട്ടികളെ ദുരന്തം ബാധിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.