2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇസ്‌ലാം വിരുദ്ധനിലപാട്: ഫ്രാന്‍സിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനവുമായി അറബ് ലോകം; അരുതെന്ന് ഫ്രാന്‍സ്

പാരിസ്: തീവ്രമായ ഇസ്‌ലാം വിരുദ്ധ നിലപാടുകള്‍ കൈക്കൊള്ളുന്ന ഫ്രാന്‍സിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ച് അറബ് ലോകം. കുവൈത്ത്, ഖത്തര്‍, ജോര്‍ദാന്‍, സൗദി അറേബ്യതുടങ്ങിയ രാജ്യങ്ങളിലെ സ്വകാര്യ പൊതുമേഖലാ സംരംഭങ്ങളാണ് ഇത്തരത്തിലുള്ള തീരുമാനവുമായി രംഗത്തെത്തിയത്. ബോയ്കോട്ട് ഫ്രഞ്ച് പ്രൊഡക്ട് എന്ന ഹാഷ് ടാഗ് ട്രന്റിങ്ങായിരിക്കുകയാണ് അറബ് ലോകത്ത്. ഫ്രാന്‍സില്‍ നിന്നെത്തുന്ന ഭക്ഷ്യസൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്.

ഇതിന് പിന്നാലെ ബഹിഷക്കരണത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവുമായി ഫ്രാന്‍സും രംഗത്തെത്തി.

മധ്യേഷ്യയിലെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകളിലും സ്വന്തം ചരക്കുകള്‍ ഇല്ലാതായതോടെയാണ് അനുനയ ശ്രമങ്ങളുമായി ഫ്രാന്‍സ് രംഗത്തെത്തിയത്. മത-ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഫ്രാന്‍സിന്റെ നിലപാടിനെ വളച്ചൊടിക്കുന്നതാണ് നിലവിലെ ബഹിഷ്‌കരണ ആഹ്വാനമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ബഹിഷ്‌കരണത്തിന് അടിസ്ഥാനമില്ലെന്നും ഇത് വേഗത്തില്‍ നിര്‍ത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

   

കുവൈത്തില്‍ സര്‍ക്കാറേതര, കണ്‍സ്യൂമര്‍ കോപറേറ്റീവ് സൊസൈറ്റി സര്‍ക്കുലര്‍ വഴി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. എഴുപതിലധികം സ്ഥാപനങ്ങളാണ് സൊസൈറ്റിക്ക് കീഴിയുള്ളത്.

ഖത്തറില്‍ പൊതുമേഖലാ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍മീരയും സൂള്‍ അല്‍ ബലദിയും ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഖത്തര്‍-ഫ്രാന്‍സ് സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചു.

അതേസമയം, തന്റെ നിലപാടില്‍ നിന്ന് വ്യതിചലിക്കില്ലെന്നാണ് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണ്‍ പറയുന്നത്.
ഒരിക്കലും കീഴടങ്ങില്ല. സമാധാനത്തോടെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും ബഹുമാനിക്കുന്നു മാക്രോണ്‍ അറബിയില്‍ ട്വിറ്ററില്‍ കുറിച്ചത്.

വിദ്വേഷ പ്രസംഗത്തെ അനുവദിക്കില്ല. ബൗദ്ധികമായ സംവാദങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ അന്തസ്സിനും സാര്‍വലൗകിക മൂല്യങ്ങള്‍ക്കും ഒപ്പമാണ് നമ്മള്‍ നില കൊള്ളുന്നത്- അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അധ്യാപകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്ലാം വിരുദ്ധ പരാമര്‍ശവുമായി മക്രോണ്‍ രംഗത്തെത്തിയിരുന്നത്. നമ്മുടെ ഭാവി ഇസ്ലാമിസ്റ്റുകള്‍ക്ക് വേണം എന്നതു കൊണ്ടാണ് അധ്യാപകന്‍ കൊല്ലപ്പെട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.