2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘മരിക്കുമെന്ന് ഉറപ്പിച്ചു, ആയുസ്സിന്റെ ബലത്തില്‍ ജീവിതത്തിലേക്ക്’; ഭൂചലനമുണ്ടായത് ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍

ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായതും കെട്ടിടങ്ങള്‍ തകര്‍ന്നുവീണതും. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുന്‍പ് തന്നെ ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു.

‘ഇങ്ങനെ ഒന്ന് ഞാനെന്റെ ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലായിരുന്നു. എന്താണെന്ന് മനസ്സിലാകതെ ഒരു നിമിഷം. അടുത്ത നിമിഷം അപ്പുറത്തെ റൂമുകളില്‍ ഉറങ്ങുന്ന മക്കളേയും മറ്റും വിളിച്ചു. ഒന്നിച്ചു മരിക്കാം..ഇതുമാത്രമാണ് ആ സമയം മനസ്സിലേക്കു വന്നത്’- മരണത്തിന്റെ കയ്യില്‍ നിന്ന് ആയുസ്സിന്റെ ബലം കൊണ്ട് മാത്രം രക്ഷപ്പെട്ട അനുഭവം പങ്കുവെച്ച് നിലൂഫര്‍ അസ്‌ലന്‍ പറയുന്നു. ഇടക്ക് കുലുക്കത്തിന്റെ ശക്തി ഒന്നു കുറഞ്ഞപ്പോള്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു ഇവര്‍. അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ കയ്യിലെടുത്ത് രക്ഷപ്പെടുകയായിരുന്നു. കണ്ടില്ലേ..കാലിലെ ചെരുപ്പല്ലാതെ മറ്റൊന്നുമില്ല എന്റെ കയ്യില്‍. അസ്ലന്‍ പറഞ്ഞു.

ഇരുരാജ്യങ്ങളിലുമായി മുന്നൂറിലേറെ ആളുകളാണ് മരിച്ചത്. നിരവധി പേര്‍ ഇപ്പോഴും കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. തുര്‍ക്കിയില്‍ പത്തോളം നഗരങ്ങളിലാണ് രൂക്ഷമായ നാശനഷ്ടങ്ങള്‍ ഉണ്ടായത്. പ്രകൃതിവാതകം വിതരണം ചെയ്യുന്ന പൈപ്പുകള്‍ പൊട്ടി തീപിടിച്ചതിന്റെ വിഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. സിറിയയില്‍ സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലെ മരണക്കണക്കുകള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.

നൂറുവര്‍ഷങ്ങള്‍ക്കിടയില്‍ തുര്‍ക്കിയില്‍ ഉണ്ടാകുന്ന ഏറ്റവും വിനാശകരമായ ഭൂകമ്പം ആണിതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) പറഞ്ഞു. 1939ല്‍ കിഴക്കന്‍ തുര്‍ക്കിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 30,000 മരിച്ചിരുന്നു. അതിനോട് സമാനമായ ഭൂചലനമാണ് ഇതെന്ന് യുഎസ്ജിഎസ് പറയുന്നു.

റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ മരണം 300 കടന്നതായാണ് അവസാനം പുറത്തു വന്ന റിപ്പോര്‍ട്ട്. 600ലേറെ ആളുകള്‍ക്ക് പരുക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിറിയയിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. മരിച്ചതില്‍ ഭൂരിഭാഗവും എലപ്പോ, ലതാക്കിയ, ഹമ, ടാര്‍റ്റസ് എന്നീ സിറിയന്‍ നഗരങ്ങളില്‍ നിന്നുള്ളവരാണ്.

നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇനിയും ആളുകള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പ്രാദേശിക സമയം പുലര്‍ച്ചെ 4.17ഓടെയായിരുന്നു ഭൂചലനം. 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി. ഗസിയെന്റപ്പ് നഗരത്തിന് 26 കിലോമീറ്റര്‍ കിഴക്ക് ഭൂമിക്കടിയില്‍ 17.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.