ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന് സമീപം ശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെ ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി. പിന്നാലെ ഇന്തോനേഷ്യന്‍ ജിയോ ഫിസിക്‌സ് ഏജന്‍സി പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് രണ്ടു മണിക്കൂര്‍ നേരത്തെ നിരീക്ഷണത്തിനുശേഷം പിന്‍വലിച്ചു. എങ്കിലും ജനങ്ങള്‍ തീരദേശത്തുനിന്ന് മാറി താമസിക്കണം എന്നുള്ള മുന്നറിയിപ്പ് തുടരുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ജനങ്ങള്‍ മാറണമെന്നാണ് ഇന്തോനേഷ്യന്‍ അധികൃതര്‍ നല്‍കിയ മുന്നറിയിപ്പ്.
ജക്കാര്‍ത്ത പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഭൂചലനം ഉണ്ടായത്. 84 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവകേന്ദ്രം. 5 തീവ്രത വരെ രേഖപ്പെടുത്തിയ നിരവധി തുടര്‍ ചലനങ്ങളും ഉണ്ടായി. പടിഞ്ഞാറന്‍ തീരമായ സുമാത്രയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്ന് ഇന്തോനേഷ്യന്‍ disaster mitigation agency വക്താവ് അബ്ദുല്‍ മുഹാരി അറിയിച്ചു. പഡാങ്ങില്‍ ശക്തമായ തുടര്‍ ചലനം അനുഭവപ്പെട്ടു.
നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. ജനങ്ങള്‍ പരിഭ്രാന്തരാവുകയും വീടുകളില്‍ നിന്ന് പുറത്തേക്ക് പോവുകയും ചെയ്തു. തീരദേശത്തുനിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നുണ്ട്. പരിഭ്രാന്തരായവര്‍ ഇപ്പോള്‍ സാധാരണ നിലയിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. പഡാങ്ങിലെ ജനങ്ങള്‍ ബൈക്കിലും കാല്‍നടയായും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്തോനേഷ്യന്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.
Pacific Ring of Fire എന്നറിയപ്പെടുന്ന സാധ്യത മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. നിരവധി ടെക്ടോണിക് പ്ലേറ്റുകള്‍ സംഗമിക്കുന്ന മേഖലയാണിത്. ഇവ തമ്മില്‍ ഉരസുമ്പോഴും കൂട്ടിയിടിക്കുമ്പോഴും ആണ് ഭൂചലനം ഉണ്ടാകുന്നത്.
ഭൂകമ്പങ്ങള്‍, അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍, സുനാമികള്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ ഇടക്കിടെ സംഭവിക്കുന്ന ഒരു വലിയ ദ്വീപ് സമൂഹമായ ഇന്തോനേഷ്യയില്‍ 270 ദശലക്ഷം ജനങ്ങളാണുള്ളത്. നവംബറില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 340 പേര്‍ മരിക്കുകയും 62,600 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
Comments are closed for this post.