2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഓസ്‌കര്‍ വേദിയില്‍ നാടകീയ രംഗങ്ങള്‍; അവതാരകനെ മുഖത്തടിച്ച് വില്‍സ്മിത്ത്

ഭാര്യയെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് പ്രകോപനത്തിന് കാരണം

തൊണ്ണൂറ്റി നാലാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ നാടകീയ രംഗങ്ങള്‍. വേദിയില്‍ അവതാരകന്റെ മുഖത്തടിച്ച് നടന്‍ വില്‍ സ്മിത്ത്. കൊമേഡിയന്‍ ക്രിസ് റോക്കിനെയാണ് വില്‍ സ്മിത്ത് അടിച്ചത്. ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിനെ കുറിച്ചുള്ള പരാമര്‍ശമാണ് പ്രകോപനത്തിന് കാരണം.

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് വേണ്ടി സ്റ്റേജിലേക്ക് എത്തിയതായിരുന്നു ക്രിസ് റോക്ക്. താരനിബിഢമായ വേദിയില്‍ വെച്ച് ചില താരങ്ങളെ ലക്ഷ്യമിട്ട് ക്രിസ് റോക്ക് തന്റെ പതിവ് ശൈലിയിലുള്ള കോമഡി പറച്ചില്‍ തുടങ്ങുകയും ചെയ്തു. അതിനിടെ ക്രിസ് റോക്ക് ജാഡ പിങ്കറ്റ് സ്മിത്തിന്റെ രൂപത്തെക്കുറിച്ച് പരാമര്‍ശം നടത്തി. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജാഡ എത്തിയിരുന്നത്. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്റെ പരാമര്‍ശം. ജി.ഐ ജെയ്ന്‍ എന്ന ചിത്രത്തിലെ ഡെമി മൂറിന്റെ രൂപവുമായി ജാദയെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തി. ഉടന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ വില്‍ സ്മിത്ത് വേദിയിലെത്തി ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു. വോദയില്‍ നിന്ന് ഇറങ്ങി ഇരിപ്പിടത്തിലെത്തിയ ശേഷം ‘എന്റെ ഭാര്യയെ കുറിച്ചു നിന്റെ വൃത്തികെട്ട വായ കൊണ്ടു പറയരുതെ’ന്ന് ഉറക്കെപ്പറയുകയും ചെയ്തു സ്മിത്ത്.

അടിച്ചത് കാര്യമായിട്ടാണോ തമാശയ്ക്കാണോ എന്ന സംശയത്തിലായിരുന്നു ആരാധകര്‍. വിവാദത്തില്‍ ഓസ്‌കര്‍ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

   

മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരവും വില്‍ സ്മിത്തിനാണ്. കിങ് റിച്ചാര്‍ഡിലെ അഭിനയത്തിനാണ് പുരസ്‌കാരം. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്‌നാള്‍ഡോ മാര്‍കസ് ഗ്രീന്‍ സംവിധാനം ചെയ്ത ചിത്രമാണ് കിങ് റിച്ചാര്‍ഡ്. ചിത്രത്തില്‍ റിച്ചാര്‍ഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വില്‍ സ്മിത്ത് അവതരിപ്പിച്ചത്. ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ കറുത്തവംശജനാണ് വില്‍ സ്മിത്ത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.