വാഷിങ്ടണ്‍: 900 ജീവനക്കാരെ വിഡിയോ കോണ്‍ഫറന്‍സിങ് സോഫ്റ്റ്‌വെയറായ ‘സൂമി’ല്‍ വിളിച്ചുവരുത്തി പിരിച്ചുവിട്ട് അമേരിക്കയിലെ ഇന്ത്യന്‍ വംശജനായ കമ്പനി മേധാവി. ‘ബെറ്റര്‍ ഡോട്‌കോം സി.ഇ.ഒ വിശാല്‍ ഗാര്‍ഗാണ് ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം നടത്തിയത്. വെറും മൂന്നു മിനിറ്റ് നീണ്ട ‘സൂം’ യോഗത്തിലായിരുന്നു പ്രഖ്യാപനം.
”നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തയല്ല ഇത്. നിങ്ങള്‍ ഈ ഓണ്‍ലൈന്‍ യോഗത്തിന് ക്ഷണിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പുറത്താക്കപ്പെടുന്ന നിര്‍ഭാഗ്യവാന്മാരില്‍ ഒരാളാണ്. അടിയന്തരമായി നിങ്ങളെ പുറത്താക്കിയിരിക്കുന്നു” സൂമില്‍ വിളിച്ചുചേര്‍ത്ത തൊഴിലാളികളോടായി വിശാല്‍ ഗാര്‍ഗ് അറിയിച്ചതിങ്ങനെ.
കമ്പനിയുടെ ഇന്ത്യയിലെയും അമേരിക്കയിലെയും ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. വിശാലിന്റെ സൂം കോളില്‍ പങ്കെടുത്ത ജീവനക്കാരില്‍ ഒരാള്‍ ഇത് റെക്കോഡ് ചെയ്യുകയും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുകയുമായിരുന്നു. നിരവധിപ്പേരുടെ ജോലി പോയ സൂ കോള്‍ ഡിസംബര്‍ ഒന്നിനായിരുന്നു നടന്നത്.
മൊത്തം തൊഴില്‍ ശേഷിയിലെ ഒമ്പതു ശതമാനമാണ് ഇങ്ങനെ പുറത്താക്കപ്പെട്ടത്. 15 ശതമാനം പേരെ പുറത്താക്കുകയാണെന്നായിരുന്നു സി.ഇ.ഒയുടെ പ്രഖ്യാപനമെങ്കിലും പിന്നീട് തിരുത്തി. കാര്യക്ഷമതയും പ്രകടനമികവുമാണ് വിലയിരുത്തിയായിരുന്നു നടപടി.
യു.എസില്‍ അവധിക്കാലം ആരംഭിക്കാനിരിക്കെയാണ് തൊഴിലാളികള്‍ക്ക് മുന്നറിയിപ്പൊന്നും നല്‍കാതെ പുറത്താക്കല്‍ നടത്തിയത്. കരിയറിനിടെ രണ്ടാം തവണയാണ് ഇങ്ങനെ പിരിച്ചുവിടുന്നതെന്നും ചെയ്യാന്‍ ആഗ്രഹിച്ചതല്ലെന്നും വിശാല്‍ ഗാര്‍ഗ് പറയുന്നു. കഴിഞ്ഞതവണ ഇത്തരമൊരു പ്രഖ്യാപനം നടത്തിയപ്പോള്‍ താന്‍ കരഞ്ഞെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ക്കുന്നു.
തൊട്ടുമുമ്പ് തൊഴിലാളികളെ വിളിച്ച് കനത്ത വിമര്‍ശനമുന്നയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യു.എസിലെ മുന്‍നിര സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലൊന്നായി അടുത്തിടെ ബെറ്റര്‍ ഡോട്‌കോമിനെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Comments are closed for this post.