2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ പദ്ധതി സഊദിയില്‍ ആരംഭിക്കുന്നു

റിയാദ്: ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതി സഊദിയില്‍ ആരംഭിക്കുന്നു. സഊദിയിലെ സകാക്കയിലാണ് പുതിയ ഊര്‍ജ്ജ നഗരി ഉയരുന്നത്. സഊദി ഭരണാധികാരി അസീസ് രാജാവാണ് ഇതിനു തറക്കല്ലിടുന്നത്. ഇതോടൊപ്പം കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ദോമത്തുല്‍ജന്ദല്‍ പദ്ധതിക്കും രാജാവ് തറക്കല്ലിടും. 8500 കോടി റിയാല്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന വഅദ് അല്‍ശമാല്‍ പദ്ധതിയും സഊദി ഭരണാധികാരി തറക്കല്ലിടുമെന്നു ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വെളിപ്പെടുത്തി. രാജ്യത്ത് ഖനന പദ്ധതികള്‍ ശക്തമാക്കുമെന്നും ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത അഞ്ചു ലക്ഷം കോടി റിയാലിന്റെ വില പിടിച്ച ധാതുവിഭവങ്ങളുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഖനന പദ്ധതികള്‍ ശക്തമാക്കുന്നതോടെ വിവിധ മേഖലകളിലായി 90,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഖനനം വ്യാപകമാക്കാനും വിവിധ പദ്ധതികള്‍ നടപ്പാക്കാനുമായി ഖനന നിയമം പുനഃപരിശോധിച്ചുവരികയാണ്. ഇതിന് നിക്ഷേപകരുടെ അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്. നിയമം മന്ത്രിസഭക്കു കീഴിലെ എക്‌സ്‌പേര്‍ട്ട് കമ്മീഷന്‍ പഠിച്ചുവരികയാണ്. രണ്ടു ആണവ റിയാക്ടറുകള്‍ നിര്‍മിക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏതാനും പ്രവിശ്യകളില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനെ കുറിച്ച് പഠിച്ചുവരികയാണെന്നും ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.