
വാഷിങ്ടണ്‍: ആദ്യദിനം തന്നെ പ്രസിഡന്റിന്റെ തിരക്കുകളിലേക്ക് ചേക്കേറി ജോ ബൈഡന്. ഇന്നലെ നട്ടുച്ചക്കാണ് യു.എസ് പ്രസിഡന്റായി ബൈഡന് അധികാരമേറ്റത്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ വൈറ്റ് ഹൗസ് ഓവല്‍ ഓഫിസില്‍ എത്തിയ ബൈഡന് വൈകുവോളം തിരക്കിട്ട ജോലിയിലായിരുന്നു.
മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ തിരുത്തിയാണ് അദ്ദേഹം തന്റെ ചുമതലകള്‍ തുടങ്ങിയത്. മുസ്ലിം ഭൂരിപക്ഷമുള്ള 7 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റവിലക്ക് നീക്കല്‍ ഉള്‍പെടെ ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളില്‍ ബൈഡന് ഒപ്പിട്ടു.
മെക്സിക്കോ അതിര്‍ത്തിയിലെ മതില് നിര്‍മാണം മരവിപ്പിക്കാനും കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനുമുള്ള ഉത്തരവുകളില്‍ അദ്ദേഹം ഒപ്പിട്ടു. പാരിസ് കാലാവസ്ഥാ ഉടമ്പടിയിലേക്കു തിരികെ പ്രവേശിക്കുന്നതും ലോകാരോഗ്യ സംഘടനയുമായുള്ള സഹകരണവും സഹായവും പുനഃസ്ഥാപിക്കന്നതുമായി ബന്ധപ്പെട്ട ഉത്തരവുകളിലും ഒപ്പിട്ടു. ലോകാരോഗ്യ സംഘടനയിലേക്കുള്ള യുഎസ് പ്രതിനിധി സംഘത്തിന്റെ അധ്യക്ഷന്‍ ഡോ. ആന്തണി ഫൗച്ചിയായിരിക്കും. , പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതെന്നു വിലയിരുത്തപ്പെടുന്ന കീസ്റ്റോണ്‍ എക്സ്എല്‍ പൈപ്പ്ലൈന് പദ്ധതി റദ്ദാക്കലാണ് അദ്ദേഹം ഒപ്പിട്ട മറ്റൊരു ഉത്തരവ്.
കൊവിഡ് മഹാമാരി നിയന്ത്രണവിധേയമാക്കുന്നതിനും സാമ്പത്തിക പുനരുജ്ജീവനത്തിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിച്ചു. പൊതുസ്ഥാപനങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കുന്നതും വാക്സിന് വിതരണ ഏകോപനച്ചുമതലയുള്‍പ്പെടെ കൊാവിഡിനെതിരെ കര്‍മസേന രൂപീകരിക്കുന്നതുമാണു മുന്‍ഗണനയിലുള്ളത്. കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ കുടിയൊഴിക്കല്‍ തടയാനും വിദ്യാഭ്യാസ ലോണ്‍ തിരിച്ചടവു കാലാവധി നീട്ടാനുമുള്ള നടപടി സ്വീകരിച്ചു.
വംശീയാടിസ്ഥാനത്തില്‍ സമത്വം ഉറപ്പാക്കുക, തൊഴിലിടത്ത് ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഒഴിവാക്കുക, കോണ്‍ഗ്രസിലെ പ്രതിനിധി എണ്ണം പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സെന്‍സസില്‍ പൗരത്വമില്ലാത്തവരെയും ഉള്‍പ്പെടുത്തുക എന്നിവയുമായി ബന്ധപ്പെട്ട നടപടികളും ബൈഡന്റെ ഒന്നാം ദിനത്തിന്റെ ഭാഗമായി. രേഖകളില്ലാതെ കുടിയേറിയവര്‍ക്കുള്ള സംരക്ഷണവും ഉറപ്പാക്കുന്നുണ്ട്.
സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവുകള്‍ തിരുത്തി പുതിയവ ഇറക്കുന്നതിലാണ് പുതിയ പ്രസിഡന്റ് ബൈഡന് വ്യാപൃതനാകുകയെന്ന് അദ്ദേഹത്തിന്റെ സ്റ്റാഫ് മേധാവി നേരത്തേ തന്നെ അറിയിച്ചിരുന്നു. തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയിലെ പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് ആണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്. 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ തൊട്ടായിരുന്നു സത്യപ്രതിജ്ഞ.
ജനാധിപത്യത്തിന്റെ ദിനമെന്നാണ് തന്റെ സത്യപ്രതിജ്ഞ ദിനത്തെ ജോ ബൈഡന് വിശേഷിപ്പിച്ചത്. ജനാധിപത്യം അമൂല്യമെന്ന് അമേരിക്ക തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കകത്തുള്ള ഭിന്നതകളെയും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. വര്‍ണവിവേചനത്തിനും ആഭ്യന്തര ഭീകരതയ്ക്കുമെതിരെ നില കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കുമെന്നും ജോ ബൈഡന് വ്യക്തമാക്കി.