2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അല്‍ അഖ്സ പള്ളിയില്‍ ഇസ്‌റാഈല്‍ അതിക്രമം; 150ലേറെ ഫലസ്തീനികള്‍ക്ക് പരുക്ക് (വീഡിയോ)

ജറുസലേം: കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ അതിക്രമത്തില്‍ 150ലേറെ ഫലസ്തീന്‍നികള്‍ക്ക് പരുക്ക്. സൈന്യം പള്ളിയില്‍ അതിക്രമിച്ചുകയറി വിശ്വാസികള്‍ക്ക് നേരേ ബലപ്രയോഗം നടത്തുകയായിരുന്നു. തുടര്‍ന്ന് ചെറുത്തുനില്‍പ്പുമായി ഫലസ്തീനികളും രംഗത്തെത്തി.

സംഭവസ്ഥലത്തേക്ക് എത്തുന്നതിനായി ശ്രമിച്ച ആംബുലന്‍സുകളെ സൈന്യം തടഞ്ഞതായും ഫലസ്തീനിയന്‍ റെഡ് ക്രസന്റ് എമര്‍ജന്‍സി സര്‍വീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയതായി പലസ്തീന്‍ റെഡ് ക്രസന്റ് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.

റമദാനിലെ വെള്ളിയാഴ്ച ആയതിനാല്‍ പുലര്‍ച്ചെ പ്രാര്‍ത്ഥനകള്‍ക്കായി ആയിരക്കണക്കിന് വിശ്വാസികള്‍ പള്ളിയില്‍ തടിച്ചുകൂടിയിരുന്നു. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോകള്‍ ഫലസ്തീനികള്‍ കല്ലെറിയുന്നതും പൊലിസ് കണ്ണീര്‍ വാതകവും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിക്കുന്നതും കാണാം. സ്ഥലത്തുണ്ടായിരുന്ന ഗാര്‍ഡുമാരില്‍ ഒരാളുടെ കണ്ണില്‍ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിയുതിര്‍ത്തതായി ഇസ്ലാമിക് എന്‍ഡോവ്മെന്റ് പറയുന്നു.

പരുക്കേറ്റ ഡസന്‍ കണക്കിന് വിശ്വാസികള്‍ പള്ളിയുടെ കോമ്പൗണ്ടിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഫലസ്തീന്‍ മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റമദാന്‍ തുടങ്ങിയത് മുതല്‍ വെസ്റ്റ് ബാങ്കില്‍ നടക്കുന്ന ഇസ്‌റാഈലിന്റെ നരനായാട്ടില്‍ 20 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി സംഘടനകള്‍ അറിയിച്ചു. അല്‍ അഖ്സ പള്ളിയുടെ പവിത്രതയും സുരക്ഷയും ഉറപ്പാക്കാന്‍ ഇടപെടണമെന്ന് അറബ് ലോകത്തോട് പള്ളി ഇമാം ആവശ്യപ്പെട്ടു. അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഫലസ്തീന്‍ പോരാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.