ഖാര്‍ത്തൂം: സൈന്യവും അര്‍ധ സൈന്യ വിഭാഗവും തമ്മില്‍ രണ്ടാഴ്ചയിലധികമായി ഏറ്റുമുട്ടല്‍ തുടരുന്ന സുദാനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. സമാധാന ചര്‍ച്ചക്ക് വഴിതുറക്കാന്‍ ഏഴു ദിവസത്തെ വെടിനിര്‍ത്തലാണ് പ്രഖ്യാപിച്ചത്. ഇന്നു മുതല്‍ ഏഴു വരെയാണ് വെടിനിര്‍ത്തല്‍. ഏപ്രില്‍ 25ന് 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ഇരു വിഭാഗവും ലംഘിച്ചിരുന്നു.
വെടിനിര്‍ത്തല്‍ ഇന്നു മുതല്‍ പ്രാബല്യത്തിലാവുമെന്നും വിദേശ പൗരന്മാര്‍ക്ക് രാജ്യം വിടാനുള്ള സുരക്ഷിത പാത ഒരുക്കുന്നതിന്റെ കൂടി ഭാഗമായാണ് നടപടിയെന്നും സൗത്ത് സുദാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൂട്ടപ്പലായനം തുടരുകയാണ്. ജനങ്ങള്‍ ഒഴിഞ്ഞതോടെ ഖാര്‍ത്തൂമിന്റെ വിവിധ ഭാഗങ്ങള്‍ വിജനമായി. ഈജിപ്തിന്റെ വടക്കന്‍ അതിര്‍ത്തിയിലേക്ക് പോകുന്ന ബസുകളിലും ട്രക്കുകളിലും സാധാരണക്കാര്‍ തിങ്ങിനിറഞ്ഞു. ചെങ്കടല്‍ തീരത്തുള്ള പോര്‍ട്ട് സുദാനിലേക്കും പലരും പോയിട്ടുണ്ട്.
ഇതിനകം 73,000 പേര്‍ പലായനം ചെയ്തുവെന്നാണ് കണക്ക്. എട്ട് ലക്ഷത്തോളം പേര്‍ക്ക് നാടുവിടേണ്ടി വരുമെന്നാണ് ഐക്യരാഷ്ട്ര സഭ അഭയാര്‍ഥി ഏജന്‍സിയുടെ വിലയിരുത്തല്‍. സഊദി അറേബ്യയുടെയും അമേരിക്കയുടെയും മധ്യസ്ഥതയിലാണ് നേരത്തെ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്.
സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ സഊദി വഴി ഒഴിപ്പിക്കുന്നു, ജിദ്ദയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി
സുദാനില്‍ നിന്ന് കഴിഞ്ഞ ദിവസം 231 ഇന്ത്യക്കാരെ രക്ഷിച്ച് അഹമ്മദാബാദില്‍ എത്തിച്ചിരുന്നു. ഓപറേഷന്‍ കാവേരിയുടെ ഭാഗമായുള്ള 10ാമത് വിമാന സര്‍വീസിലാണ് ഇത്രയും പേര്‍ തിരിച്ചെത്തിയത്. സുദാനില്‍ നിന്ന് ജിദ്ദയിലെത്തിയ ശേഷം അവിടെ നിന്നാണ് ഇന്ത്യയിലേക്ക് വരുന്നത്. തിങ്കളാഴ്ച കൊച്ചിയിലെത്തിയ ഒമ്പതാമത് വിമാനത്തില്‍ 186 പേരെ തിരിച്ചെത്തിച്ചിരുന്നു. ഇതുവരെ ഓപറേഷന്‍ കാവേരിയുടെ ഭാഗമായി രാജ്യത്ത് തിരിച്ചെത്തിയവരുടെ എണ്ണം 2700 കടന്നു. ജിദ്ദയിലെത്തിയ ഏതാനും പേര്‍ കൂടി വരും ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് മടങ്ങും.
ഇന്ത്യന്‍ എംബസി താല്‍കാലികമായി മാറ്റി
ഖാര്‍ത്തൂം: തലസ്ഥാന നഗരിയായ ഖാര്‍ത്തൂമില്‍ ആക്രമണം ശക്തമായതോടെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി മാറ്റി. പോര്‍ട്ട് സുദാനിലേക്കാണ് മാറ്റിയത്. ആക്രമണത്തിന് സാധ്യതയുള്ളതിനാലാണിത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എംബസിയുടെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകളും ഇമെയിലും എംബസി പുറത്തുവിട്ടിട്ടുണ്ട്. ഫോണ്‍ നമ്പറുകള്‍: 249 999163790; 249 119592986; 249 915028256. ഇമെയില്‍: con-s1.k-h-ar-toum@m-e-a.gov.in
Comments are closed for this post.