2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഓസ്‌കര്‍ വേദിയെ ഞെട്ടിച്ച വില്‍സ്മിത്തിന്റെ ‘അടി’ക്കു പിന്നാലെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്ത ‘അലോപേഷ്യ ഏരിയേറ്റ’ എന്തെന്നറിയാം

ഓസ്‌കര്‍ വേദിയെ മാത്രമല്ല ലോകത്തെ മുഴുവന്‍ സിനിമാ ആരാധകരേയും ഞെട്ടിച്ചതായിരുന്നു ആ അടി. വില്‍സ്മിത്ത് എന്ന ബോളിവുഡ് നടന്‍ ഓസ്‌കര്‍ ചടങ്ങിന്റെ അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. ഭാര്യ ജാഡ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമായിരുന്നു വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്.

”അവര്‍ക്കിനി ജി.ഐ ജെയ്‌നിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാം” എന്നാണ് ജാഡ പിങ്കറ്റ് തല മുണ്ഡനം ചെയ്തതിനെ ചൂണ്ടിക്കാട്ടി കൊമേഡിയന്‍ കൂടിയായ ക്രിസ് റോക്ക് പറഞ്ഞത്. 1997 ലെ ജി. ഐ ജെയിന്‍ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചായിരുന്നു അഭിനയിച്ചത്. എന്നാല്‍, ഇതിനു പിന്നാലെ വില്‍ സ്മിത്ത് വേദിയിലേക്കു നടന്നുചെന്ന് റോക്കിന്റെ മുഖത്തടിച്ചു. തുടര്‍ന്ന് ഒന്നും സംഭവിക്കാത്തതുപോലെ തിരികെ ഇരിപ്പിടത്തിലെത്തിയ വില്‍ സ്മിത്ത് ”നിന്റെയാ വൃത്തികെട്ട വായ കൊണ്ട് എന്റെ ഭാര്യയുടെ പേരു പറയരുത്” എന്ന് വിളിച്ച്പറയുകയും ചെയ്തു.

വര്‍ഷങ്ങളായി ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡറായ അലോപേഷ്യ ഏരിയേറ്റ എന്ന രോഗാവസ്ഥയിലൂടെ കടന്ന് പോവുകയാണ് ജാഡ. അസുഖം മൂലമാണ് തല മുണ്ഡനം ചെയ്തതെന്ന് നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമായ ജാഡ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Jada Pinkett Smith (@jadapinkettsmith)

 

അലോപേഷ്യ ഏരിയേറ്റ

ഒരാളുടെ രോഗപ്രതിരോധ വ്യവസ്ഥ അയാളുടെ തന്നെ ഏതെങ്കിലും ശരീരഭാഗത്തെ ആക്രമിക്കുന്ന സ്ഥിതി വിശേഷമാണിത്. പലപ്പോഴും മുടിയാണ് ഈ ആക്രമണത്തിനു വിധേയമാവുക. മുടികൊഴിച്ചിലാണ് ഇതിന്റെ ഫലം.

ഇത് കുട്ടികളിലും മുതിര്‍ന്നവരിലും കാണുന്ന അസുഖമാണ്. മുടി പാച്ചുകളായി നഷ്ടപ്പെടുന്നു. ചിലരില്‍ മുടി പിന്നീട് തിരിച്ചുവരാം. യു.എസിലെ 6.8 മില്ല്യണ്‍ ആളുകളെ ഈ രോഗം ബാധിച്ചിട്ടുണ്ട്.

എന്നാല്‍ ചിലര്‍ക്ക് മുടി മുഴുവനായി നഷ്ടമാകുന്ന അസ്ഥയുണ്ടാകാം. ഇതാണ് അലോപേഷ്യ ടോട്ടാലിസ്. ശരീരത്തിലെ മുടികൂടി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമ്പോള്‍ അലോപേഷ്യ യൂണിവേഴ്‌സാലിസ് എന്നും പറയുന്നു. ഈ രോഗം മൂലം മുടി കൊഴിഞ്ഞുപോവുന്നു എന്നതല്ലാതെ ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും പൊതുവേ ഉണ്ടാകാറില്ല.

വ്യത്യസ്ത തരം അലോപേഷ്യ

ഏകദേശം ഇരുപതുതരം അലോപേഷ്യകളുണ്ട്. ഓരോന്നിനും ഓരോ കാരണങ്ങളാവും ഉണ്ടാകുക. ഇവയെ പ്രധാനമായും സ്‌കാറിങ് അലോപേഷ്യ, നോണ്‍ സ്‌കാറിങ് അലോപേഷ്യ എന്നിങ്ങനെ തരം തിരിക്കാം. സ്‌കാറിങ് അലോപേഷ്യ ഹെയര്‍ ഫോളിക്കിള്‍സിന് സ്ഥിരമായ നാശമാണ് ഉണ്ടാക്കുക. ഇതിനെ മാറ്റാനാകില്ല. അതിനാല്‍ ശരിയായ സമയത്ത് കണ്ടെത്തുകയും കൃത്യമായ ചികിത്സ നല്‍കി രോഗ വ്യാപനം തടയുകയും വേണം.

പതിവില്‍ കവിഞ്ഞ മുടി കൊഴിച്ചില്‍, ശിരോചര്‍മം പുറത്തു കാണുക, നാണയ വട്ടത്തിലും മറ്റും മുടി കൊഴിഞ്ഞു പോകുക, ശിരോചര്‍മത്തില്‍ പഴുപ്പോ അണുബാധയോ ഉണ്ടാകുക എന്നീ സാഹചര്യമുണ്ടായാല്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെയോ ട്രൈക്കോളജിസ്റ്റിനെയോ കണ്ട് കൃത്യമായ രോഗനിര്‍ണയം നടത്തണം.

ചികിത്സ

സാധാരണ മുടികൊഴിച്ചിലിനു കൊടുക്കുന്ന ചികിത്സയല്ല സ്വയം പ്രതിരോധശേഷി മൂലമുണ്ടാകുന്ന മുടി കൊഴിച്ചിലിന് നല്‍കേണ്ടത്. സാധാരണ കണ്ടുവരുന്ന പാരമ്പര്യമായ മുടി കൊഴിച്ചില്‍ ഒരു ട്രൈക്കോ സ്‌കാന്‍ ഉപയോഗിച്ചുള്ള ശിരോചര്‍മ പരിശോധനയിലൂടെ വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കും. ഇത്തരം മുടികൊഴിച്ചില്‍ ഒരു പാറ്റേണ്‍ പിന്തുടരുന്നുണ്ട്.

അലോപേഷ്യ ടെസ്റ്റില്‍ ട്രൈക്കോസ്‌കാന്‍ പോലെയുള്ള പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് ശിരോചര്‍മ്മവും ഓരോമുടിയിഴകളുടെ വേരും വിശദമായി പരിശോധിക്കും. ഇതിലൂടെ ശിരോചര്‍മത്തില്‍ എന്തെങ്കിലും പഴുപ്പോ അണുബാധയോ ഉണ്ടെങ്കില്‍ അതിനു വേണ്ടിയുള്ള പ്രത്യേക ചികിത്സ നല്‍കും. ചെറിയ ഹെയര്‍ ഫോളിക്കിള്‍സ് ഉണ്ടെങ്കില്‍ അവയുടെ വിതരണം എങ്ങനെയെന്നും എത്ര ശതമാനമെന്നും മനസ്സിലാക്കിയാണ് ഓരോ വ്യക്തിക്കും വേണ്ട ചികിത്സാ പദ്ധതി തയാറാക്കുക.

മുടിയെ അറിയാം

കെരാറ്റിന്‍ എന്ന പ്രോട്ടീന്‍കൊണ്ടാണ് മുടി നിര്‍മിച്ചിരിക്കുന്നത്. ശിരോചര്‍മത്തിലെ രോമകൂപങ്ങളില്‍നിന്നാണ് ഇത് വളരുന്നത്. രോമകോശങ്ങള്‍ മുകളിലേക്ക് നീങ്ങി കട്ടിയായിത്തീര്‍ന്ന് മുടിയിഴകള്‍ രൂപംകൊള്ളുന്നു. ജീവനില്ലാത്തവയാണ് മുടിയിഴകള്‍.

മുടിയുടെ സ്വഭാവം
സാധാരണ മുടി: ആവശ്യത്തിന് മൃദുദ്വവും എണ്ണമയവുമുള്ള മുടി.
വരണ്ട മുടി: പരുപരുപ്പുള്ളതും എളുപ്പം പൊട്ടിപ്പോകാന്‍ സാധ്യതയുമുണ്ട്.
എണ്ണമയമുള്ള മുടി: സെബേഷ്യസ് ഗ്രന്ഥി അമിതമായി സെബം ഉത്പാദിപ്പിക്കുന്നതുകൊണ്ട് കൂടുതല്‍ എണ്ണമയം നിലനില്‍ക്കുന്നു.

മുടിയുടെ പാളികള്‍
കോര്‍ട്ടെക്‌സ്: തലമുടിക്ക് ദൃഢതയും ഇലാസ്തികതയും നല്‍കുന്നതാണിത്. ഇതിലടങ്ങിയ മെലാനിന്‍ മുടിക്ക് കറുപ്പ് നല്‍കുന്നു. മധ്യഭാഗത്തെ പാളിയാണ് ഇത്.
മെഡുല്ല: മുടിയുടെ അകത്തെ പാളിയാണിത്.
ക്യൂട്ടിക്കിള്‍: ഏറ്റവും പുറമേയുള്ള പാളിയാണിത്. മുടിയെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.