2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

അല്‍ ഖാഇദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയെ വധിച്ചതായി യു.എസ്

കാബൂള്‍: അല്‍ ഖാഇദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയെ വധിച്ചതായി യു.എസ്. ഞായറാഴ്ച കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സവാഹിരിയെ കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 2001 സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ആസൂത്രകരിലൊരാള്‍ സവാഹിരിയാണെന്നാണ് കരുതുന്നത്.

അല്‍ ഖാഇദ തലവനെ അമേരിക്കന്‍ സേന വധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് മാധ്യമങ്ങളെ കണ്ടത്. തീവ്രവാദത്തിനെതിരെ തങ്ങള്‍ നടത്തിയ പോരാട്ടം വിജയം കണ്ടെന്ന ആമുഖത്തോടെയാണ് അയ്മാന്‍ അല്‍ സവാഹിരിയെ വധിച്ച കാര്യം ബൈഡന്‍ ലോകത്തോട് പറഞ്ഞത്. അമേരിക്കക്കും പൗരന്‍മാര്‍ക്കും നേരെ നിരന്തരം അക്രമം അഴിച്ചുവിട്ട തീവ്രവാദി നേതാവ് ഇനിയില്ലെന്നും എവിടെ പോയി ഒളിച്ചാലും ഇത്തരം തീവ്രവാദികളെ തങ്ങള്‍ ഇല്ലാതാക്കുമെന്നും ബൈഡന്‍ പറഞ്ഞു.

രഹസ്യ താവളത്തില്‍ കഴിയുകയായിരുന്ന അയ്മന്‍ അല്‍ സവാഹിരിക്കുമേല്‍ ഡ്രോണില്‍ നിന്നുള്ള രണ്ട് മിസൈലുകള്‍ പതിക്കുകയായിരുന്നു. ഇങ്ങനെയാണ് അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതെന്നാണ് അറിയിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചത്

2020ല്‍ സവാഹിരി മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടു.

ഈജിപ്ഷ്യന്‍ പൗരനായ സവാഹിരി യു.എസ് തേടികൊണ്ടിരുന്ന പ്രധാന തീവ്രവാദികളില്‍ ഒരാളായിരുന്നു. ഉസാമാ ബിന്‍ ലാദന് ശേഷം 2011 മുതലാണ് അയ്മാന്‍ അല്‍ സവാഹിരി അല്‍ ഖാഇദ തലവനായത്. ബിന്‍ലാദന്റെ വധത്തിന് ശേഷം സവാഹിരിയുടെ വധം അല്‍ ഖാഇദ ഗ്രൂപ്പിനേല്‍ക്കുന്ന കനത്ത പ്രഹരമാണ്. സവാഹിരിയെ പിടികൂടുന്നതിനായി വിവരം നല്‍കുന്നവര്‍ക്ക് 25 മില്യണ്‍ ഡോളര്‍ സമ്മാനമായി നല്‍കുമെന്ന് യു.എസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.