
കാബൂള്‍: അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാര്‍ തിരിച്ചെത്തുന്നു. 85 പേരുമായി വ്യോമസേനയുട വിമാനം പുറപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അധികം താമസിാതെ അവര്‍ ഇന്ത്യയിലെത്തും. വ്യോമസേനയുടെ രണ്ടാം വിമാനമാണ് ഇന്ന് പുറപ്പെട്ടിരിക്കുന്നത്.
അഫ്ഗാനിസ്താനില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം ഊര്‍ജിതമായി നടക്കുകയാണ്. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഇന്നോ നാളെയോ മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം.
അഫ്ഗാന്റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ കാബൂളിലെത്തിക്കുക ദുഷ്ക്കരമാണ്. ആദ്യം ഇവരെ കാബൂളിലെത്തിച്ചിട്ടു വേണം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ചര്‍ച്ച ദോഹയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
400ല്‍ താഴെ ഇന്ത്യക്കാരാണ് ഇനി തിരികെയെത്താനുള്ളത്. തിരിച്ചെത്തുന്ന പൗരന്മാര്ക്ക് വിസാനടപടികള്‍ ഉള്‍പ്പെടെ സുഗമമാക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ട്.
ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ അഫ്ഗാനിലേക്ക് പ്രത്യേക വിമാനങ്ങള്‍ അയക്കാന്‍ കഴിഞ്ഞ ദിവസം ഇന്ത്യ തീരുമാനിച്ചിരുന്നു. ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയക്കുന്നതിന് അമേരിക്കയുടെ അനുമതി തേടുകയും ചെയ്തു. ഇതുസംബന്ധിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ യു.എസ് വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. നിലവില്‍ വ്യോമസേനാ വിമാനങ്ങളിലാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്.
കാബൂള്‍ വിമാനത്താവളത്തില്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയക്കുന്ന കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടായേക്കും.
Comments are closed for this post.