2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

99 ദശലക്ഷം വര്‍ഷം മുമ്പ് മരപ്പശയില്‍ കുടുങ്ങിയ ചിലന്തിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തി

99 ദശലക്ഷം വര്‍ഷം മുമ്പ് മരപ്പശയില്‍ (ആമ്പര്‍) കുടുങ്ങിയ ചിലന്തിയെയും കുഞ്ഞുങ്ങളെയും ഗവേഷകര്‍ കണ്ടെത്തി. ലഗോനോമെഗോപീഡീയെ കുടുംബത്തില്‍ പെട്ട ഇപ്പോള്‍ വംശനാശം സംഭവിച്ചുകഴിഞ്ഞ ചിലന്തിയെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ദ റോയല്‍ സൊസൈറ്റിയുടെ ശാസ്ത്രജേണലില്‍ പറയുന്നു.

ലഗോനോമെഗോപീഡീയെ കുടുംബത്തിലെ ചിലന്തികള്‍ക്ക് തലയുടെ കോണുകളിലായി വലിയ കണ്ണുകളാണുള്ളത്. പൂച്ചകളുടെ കണ്ണില്‍ കാണുന്നതിന് സമാനമായി, പ്രതിഫലന ശേഷിയുള്ള ടപീറ്റം ഇവയുടെ കണ്ണിലുണ്ട്. രാത്രിയില്‍ ഇരപിടിക്കാന്‍ അനുഗുണമായ പ്രത്യേകതയാണിത്.

ഒരു പെണ്‍ചിലന്തിയും മുട്ടയില്‍ നിന്ന് വിരിയാറായ കുഞ്ഞുങ്ങളുമാണ് ആമ്പറിനുള്ളില്‍ സംരക്ഷിക്കപ്പെട്ടതെന്ന് യൂനിവേഴ്‌സിറ്റി ഓഫ് കന്‍സാസിലെ പ്രഫ. പോള്‍ സെല്‍ഡന്‍ പറയുന്നു. അമ്മച്ചിലന്തി തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അതേ രീതിയിലാണ് പോസില്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റൊരു ആമ്പറില്‍ വിരിഞ്ഞിറങ്ങിയ ഉടനെയുള്ള കുഞ്ഞുങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. പെണ്‍ചിലന്തിയുടെ കാലിന്റെ ഒരു ഭാഗവും ഇതില്‍ കാണാം. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ അമ്മ സംരക്ഷിക്കുകയാണെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. മാതൃപരമായ സവിശേഷതകളുള്ള ജീവികളാണ് ചിലന്തികള്‍.

കാലങ്ങള്‍ക്കപ്പുറത്ത് സംഭവിച്ച ഒരു സന്ദര്‍ഭത്തെ മനോഹരമായി അടുക്കിവെച്ചിരിക്കുന്നുവെന്നതാണ് ഇപ്പോള്‍ കണ്ടെത്തിയ ആമ്പറിന്റെ പ്രത്യേകത. സി.ടി സ്‌കാനിങ്ങിന്റെയും ത്രീഡി ഡീറ്റെയിലിങ്ങിന്റെയും ഭാഗമായാണ് വിശദമായ ചിത്രങ്ങള്‍ ലഭിച്ചത്.

ഫോസിലാക്കപ്പെട്ട മരപ്പശയാണ് ആമ്പര്‍ എന്നറിയപ്പെടുന്നത്. മരങ്ങളുടെ ഒടിഞ്ഞ കൊമ്പില്‍ നിന്നോ മറ്റോ ടാര്‍ പോലെ ഒഴുകിയെത്തുന്ന ചുവപ്പ് നിറമുള്ള മരപ്പശ ഉണങ്ങി കട്ടപിടിച്ച് അനുകൂലമായ സാഹചര്യങ്ങളില്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് ആമ്പര്‍ (amber) ആയി രൂപപ്പെടുന്നു. ആമ്പറില്‍ ഏതെങ്കിലും ജീവി കുടുങ്ങുകയാണെങ്കില്‍ അതിന്റെ ശരീരവും ലക്ഷക്കണക്കിന് വര്‍ഷങ്ങളോളം സംരക്ഷിക്കപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.