2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ലോകം; ഒരു ഗൂഢാലോചനയാണോ?

എസ്.എം സയ്യിദ് ഇബ്രാഹിം മുബഷിർ

രണ്ടാം ലോകയുദ്ധത്തിന്റെ അവസാന കാലത്ത്, 1945 ഏപ്രിൽ 30ന് ബെർലിനിലെ ബങ്കറിൽ ഹിറ്റ്‌ലർ ആത്മഹത്യ ചെയ്തുവെന്നത് കള്ളമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഹിറ്റ്‌ലറും ഭാര്യ ഈവ ബ്രൗണും സൗത്ത് അമേരിക്കയിലേക്ക് രക്ഷപ്പെടുകയും സ്വയം രൂപമാറ്റംവരുത്തി ജീവിച്ചുവെന്നുമാണ് ഇവരുടെ വിശ്വാസം. ലോകത്തെ ഏറ്റവും പ്രബലമായ ഗൂഢാലോചനാ സിദ്ധാന്തങ്ങളിലൊന്നാണിത്. ഒരു രഹസ്യസംഘമോ വിഭാഗമോ ലോകത്തിന്റെ ചലനങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നുവെന്ന വിശ്വാസമാണ് ഗൂഢാലോചനാ സിദ്ധാന്തം. ഇൗ സിദ്ധാന്തങ്ങൾ എപ്പോഴും തെറ്റാകണമെന്നില്ല. യുക്തിഭദ്രമായും അനുബന്ധ തെളിവുകളുള്ളതുമായ സിദ്ധാന്തങ്ങൾ ശരിയാവും. സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ ആരോപിക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതിനെ നിരുത്സാഹപ്പെടുത്തുന്നത്. ചരിത്രത്തിന്റെ സ്വാഭാവിക ചലനത്തെ നിരാകരിക്കുന്നതാണ് ഗൂഢലോചനാ സിദ്ധാന്തം. ലോകത്ത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നുമില്ലെന്ന് ഗൂഢാലോചനാ സിദ്ധാന്തക്കാർ കരുതാം.

ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പലതുണ്ട്. 13ാം നൂറ്റാണ്ടിൽ ലോകത്ത് സജീവമായതെന്ന് കരുതുന്ന ഫ്രീമേസൻ സംഘം ലോകത്തെ സാമ്പത്തിക വ്യവസ്ഥയെയും ജുഡിഷ്യറിയെയും നിയന്ത്രിക്കുന്നുവെന്ന വിശ്വാസം ലോകത്ത് സജീവമായൊരു ഗൂഢാലോചനാ സിദ്ധാന്തമാണ്. ബൈബിളിലെ പുതിയ നിയമത്തിൽ നിരവധി മാറ്റങ്ങൾവരുത്തി, ഇസ് ലാമിക് സ്‌റ്റേറ്റ് അമേരിക്കൻ സൃഷ്ടിയാണ്, ഹമാസ് ഇസ്റാഇൗൽ സൃഷ്ടിയാണ്, ലോകം തകർക്കാൻ ചൈനയുണ്ടക്കി വിട്ട ജൈവായുധമാണ് കൊവിഡ് വൈറസ്, അന്യഗ്രഹജീവികൾ ഭൂമിയിലെത്താറുണ്ട്, മരുന്നു കമ്പനികൾക്ക് വേണ്ടി ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ പെട്ടെന്ന് രോഗശാന്തിയുണ്ടാക്കുന്ന ചില മരുന്നുകൾ പൂഴ്ത്തിവയ്ക്കുകയും ശരീരത്തിലെ സ്വാഭാവികമായ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, വാക്‌സിനുകൾ ഇന്ത്യയിലെ ജനസംഖ്യ കുറയ്ക്കാനുള്ള അമേരിക്കൻ ഗൂഢാലോചനയാണ് തുടങ്ങിയ വിശ്വാസങ്ങളാണ് പ്രബല ഗൂഢാലോചനാ സിദ്ധാന്തങ്ങളിൽ ചിലത്.

അമേരിക്കയിലെ 50 ശതമാനം ജനങ്ങളും ചുരുങ്ങിയത് ഒരു ഗൂഢാലോചനാ സിദ്ധാന്തമെങ്കിലും വിശ്വസിക്കുന്നവരാണെന്നാണ് ഷിക്കാഗോ യൂനിവേഴ്‌സിറ്റി നടത്തിയ പഠനം പറയുന്നത്. ആളുകൾ എന്തുകൊണ്ടാണ് ഇൗ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നത്. മൂന്നു കാര്യങ്ങളാണ് മനശ്ശാസ്ത്രജ്ഞർ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചുറ്റും നടക്കുന്ന കാര്യങ്ങളെ മനസ്സിലാക്കാനും അതിൽ വ്യക്തവും സുസ്ഥിരമായ ധാരണയുണ്ടാക്കാനുമുള്ള മനുഷ്യന്റെ സ്വാഭാവിക ത്വരയാണ് ഇതിലൊന്ന്. ചുറ്റുമുള്ള കാര്യങ്ങളെ മനസ്സിലാക്കാൻ സാധിക്കാതിരുന്നാൽ മനുഷ്യൻ അസ്വസ്ഥനാവും. അതിനാൽ ചുറ്റും നടക്കുന്ന കാര്യങ്ങളിലെ പുള്ളികളെ പരസ്പരം അവൻ ബന്ധിപ്പിക്കാൻ ശ്രമിക്കും. ഗൂഢാലോചനാ സിദ്ധാന്തം ശൂന്യതയിൽ നിന്നുണ്ടാവുന്നതല്ല. രണ്ടു വസ്തുക്കളെ പരസ്പരം കണ്ണി ചേരാത്തതോ ബന്ധമില്ലാത്തതോ ആണെങ്കിലും കഥകളിലൂടെ കണ്ണി ചേർക്കുന്നതിലൂടെയാണ് അതുണ്ടാകുന്നത്.
പുള്ളികൾ തമ്മിൽ ബന്ധിപ്പിച്ച് അതിലൊരു അർഥം കണ്ടെത്താനുള്ള മനുഷ്യരുടെ ജനിതകമായ ശീലത്തെയാണ് മനശ്ശാസ്ത്രജ്ഞർ പാറ്റേൺ പെർഫെക്ഷൻ എന്ന് വിളിക്കുന്നത്. അമൂർഥമായ പെയിന്റിങ്ങുകളിൽ അർഥം കണ്ടെത്താൻ കഴിയുന്നവർ പെട്ടെന്ന് തന്നെ ഗൂഢാലോചനാ സിദ്ധാന്തത്തിലും അദൃശ്യശക്തികളിലും വിശ്വസിക്കുമെന്ന് ഗവേഷണ ഫലങ്ങൾ പറയുന്നു. പോപ്പ് ഗായകൻ മൈക്കിൾ ജാക്‌സന്റെ മരണത്തിലുണ്ടായ വിവാദങ്ങൾ ഇതിനൊരുദാഹരണമായി കാണാം. സോണി മ്യൂസികിനെതിരേ മൈക്കിൾ ജാക്‌സൺ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ സോണിയുടെ റെക്കോർഡ് ഡിവിഷൻ മുൻ പ്രസിഡന്റ് മൈക്കൾ ജാക്‌സണെ ഡോക്ടർമാരുടെ സഹായത്തോടെ രഹസ്യമായി വിഷം കൊടുത്തു കൊല്ലുകയും ഹൃദയാഘാതത്തിൽ മരിച്ചതാണെന്ന ധാരണയുണ്ടാക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് ഇതിലെ സിദ്ധാന്തം.

ജാക്‌സൺ സോണിക്കെതിരേ പരാമർശങ്ങൾ നടത്തിയെന്നത് വസ്തുതയാണ്. കുറച്ചുദിവസങ്ങൾക്ക് ശേഷം മരിച്ചുവെന്നതും വസ്തുതയാണ്. എന്നാൽ ഇതു രണ്ടും തമ്മിൽ ബന്ധമുണ്ടാകണമെന്നില്ല. പക്ഷേ, ഗൂഢാലോചനാ സിദ്ധാന്തം ഇവയെ പരസ്പരം കണ്ണി ചേർക്കും. നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്ത ഒരു സാമൂഹികമോ ചരിത്രപരമോ ആയ പ്രതിഭാസത്തെ ഏറ്റവും അലസമായി വിശദീകരിക്കലാണ് ഗൂഢാലോചനാ സിദ്ധാന്തമെന്നാണ് പ്രമുഖ ഓസ്ട്രിയൻ-ബ്രിട്ടിഷ് സൈദ്ധാന്തികൻ കാൾ പോപ്പർ പറയുന്നത്. തനിക്ക് മനസ്സിലാക്കാൻ കഴിയാത്ത വസ്തുതകളിൽ മനുഷ്യർ ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ പിന്നിലൊളിക്കും. മനശ്ശാസ്ത്രത്തിൽ ലോ ഓഫ് പ്രാഗ്‌നൻസ് എന്നൊരു പ്രശസ്ത സിദ്ധാന്തമുണ്ട്. മനുഷ്യ തലച്ചോർ മുന്നിലുള്ള യാഥാർഥ്യത്തെ അയത്‌നലളിതമായി വിലയിരുത്തുന്നതിനെയാണ് ലോ ഓഫ് പ്രാഗ്‌നൻസ് എന്നു പറയുന്നത്. രാത്രിയിൽ വീടിന് പുറത്തിറങ്ങുന്നൊരാൾ ഇരുളിൽ അയലിൽ തൂങ്ങിക്കിടക്കുന്ന വസ്ത്രം കണ്ടാൽ അത് മനുഷ്യരൂപമായി തോന്നുന്നത് ലോ ഓഫ് പ്രാഗ്‌നൻസിനെ ലളിതമായി വിശദീകരിക്കാവുന്ന ഉദാഹരണമാണ്.

ലോ ഓഫ് പ്രാഗ്‌നൻസ് എപ്പോഴും മോശമായ കാര്യമല്ല, അതാണ് കാലാകാലങ്ങളിൽ മനുഷ്യന്റെ അതിജീവനത്തെ സഹായിച്ചിട്ടുള്ളത്. ചുറ്റുമുള്ളതിനെ സംശയത്തോടെ കാണുന്നത് മനുഷ്യന്റെ അതിജീവനത്തെ സഹായിച്ചിട്ടുണ്ടെന്ന് പരിണാമ സിദ്ധാന്തവും പറയുന്നുണ്ട്. പുരാതന മനുഷ്യൻ ഗുഹയുടെ പുറത്ത് സംശയകരമായ ഒരു കാലടയാളം കാണുന്നുവെന്ന് കരുതുക. അതിനെ സംശയത്തോടെ കാണുകയും നിരീക്ഷിക്കുകയും ചെയ്യുന്നത് അയാളുടെ സുരക്ഷയിൽ പ്രധാനമാണ്. തന്റെ മുന്നിൽ നടക്കുന്ന സംഭവങ്ങളിൽ ബാഹ്യശക്തിയുടെ കരുതിക്കൂട്ടിയുള്ള ഇടപെടലുണ്ടെന്ന വിശ്വാസമാണ് ഏജൻസി ഡിറ്റക്ഷൻ. അപകടം തൊട്ടുമുന്നിൽ വരുമ്പോൾ ഒരാളെ പൊരുതാൻ സജ്ജമാക്കുന്നത് ഈ ഏജൻസി ഡിറ്റക്ഷനാണ്. ഇത് അവരെ കൂടുതൽ സുരക്ഷാബോധമുണ്ടാക്കുകയും അതുവഴി ഉത്കണ്ഠയെ കുറയുകയും ചെയ്യും. ഭാവിയെ നിയന്ത്രിക്കാനുള്ള മനുഷ്യന്റെ പരിമിതിയും അത്തരത്തിലൊരു നിയന്ത്രണം ആവശ്യമുണ്ടെന്ന സാഹചര്യവുമാണ് ദൈവത്തിൽ വിശ്വസിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നതെന്നാണ് പരിണാമസിദ്ധാന്തക്കാർ വാദിക്കുന്നത്. ദൈവത്തോട് അടുക്കുന്നതിലൂടെ ഭാവിയെ നിയന്ത്രിക്കാൻ അവനും കഴിയുമെന്ന വിശ്വാസമുണ്ടാകും.

ഗൂഢാലോചനാ സിദ്ധാന്തത്തിൽ വിശ്വസിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത് ഇതേ സാഹചര്യമാണ്. ദൈവത്തെ ഉപേക്ഷിച്ചൊരാൾക്ക് അവന്റെ സ്ഥാനത്ത് മുന്നിലുള്ള സങ്കീർണതകളെ വിശദീകരിക്കാൻ മറ്റാന്നുണ്ടാകണം. ഈ ആവശ്യത്തിൽ നിന്നാണ് ഗൂഢാലോചനാ സിദ്ധാന്തങ്ങളുണ്ടാകുന്നതെന്നാണ് കാൾ പോപ്പർ പറയുന്നത്. തന്റെ വിശ്വാസങ്ങളും ആചാരങ്ങളും ഒരു വിഭാഗം നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ആ വിശ്വാസം മഹത്തായതിനാലാണതെന്നുമുള്ള തോന്നലും ഗൂഢാലോചനാ സിദ്ധാന്തങ്ങളിൽ വിശ്വസിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കും. ഇത് തങ്ങൾ മറ്റുള്ളവരെക്കാൾ മികച്ചവരാണെന്ന തോന്നലുണ്ടാക്കും. ഇതിനെ കലക്ടീവ് നാർസിസം എന്നാണ് മനശ്ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ആര്യൻ സുപ്രീമസിയെന്ന നാസി സിദ്ധാന്തം തങ്ങൾ മറ്റുള്ളവരെക്കാൾ മികച്ചവരാണെന്ന തോന്നലിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ടതാണ്.
വലിയ സംഭവങ്ങൾക്ക് പിന്നിൽ വലിയ കാരണങ്ങളുമുണ്ടാകാമെന്നാണ് മനുഷ്യർ കരുതുന്നത്. ഇതിനെ പ്രപ്പോഷനാലിറ്റി ബയാസെന്ന് വിളിക്കും. നമ്മളൊരു കാര്യത്തിൽ വിശ്വസിച്ചാൽ പിന്നെ അതിന്റെ മറ്റുസാധ്യതകളെക്കുറിച്ച് ചിന്തിക്കാതെ ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാൻ ആവശ്യമായ കാര്യങ്ങളാകും മനുഷ്യർ തേടുക. മുന്നിൽക്കാണുന്നതിനെയെല്ലാം ആ വിശ്വാസത്തെ സഹായിക്കുന്ന രീതിയിൽ വായിച്ചെടുക്കും. ബാക്കിയുള്ളതിനോടെല്ലാം അന്ധതയുണ്ടാകും. ഇതിനെയാണ് കൺഫേമേഷൻ ബയാസെന്ന് പറയുന്നത്. സാമൂഹികമായും രാഷ്ട്രീയപരമായും മാനസികമായും ദുർബലത അനുഭവിക്കുന്നവരും ഉത്കണ്ഠ കൂടുതലുള്ളവരും ഗൂഢാലോചനാ സിദ്ധാന്തത്തിൽ കൂടുതൽ വിശ്വസിക്കുമെന്നും പഠനങ്ങൾ പറയുന്നുണ്ട്.

(ജാമിഅ മില്ലിയ സർവകലാശാല സൈക്കോളജി വിഭാഗം ഗവേഷകനാണ് ലേഖകൻ)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.