
ന്യൂഡല്‍ഹി: രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന അഫ്ഗാനിസ്താനില്‍ നിന്ന് 107 ഇന്ത്യന്‍ പൗരന്മാരെ കൂടി ഒഴിപ്പിച്ചു. അഫ്ഗാന് എം.പിമാര്‍ ഉള്‍പെടെ 168 പേര് ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായി വ്യോവസേനാ വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയിലേക്ക് പുറപ്പെട്ട വ്യോമസേനയുടെ സി15 യുദ്ധവിമാനം കാബൂളില്‍ നിന്ന് ഇവരെ ഇറാന് വ്യോമപാത വഴി ഗാസിയാബാദിലെ ഹിന്ദന് വ്യോമതാവളത്തില്‍ എത്തിക്കും. രക്ഷാദൗത്യം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.
അഫ്ഗാനില്‍ കുടുങ്ങിയ 222 ഇന്ത്യന്‍ പൗരന്മാരെ ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. തജികിസ്താന്‍ നിന്നും ഖത്തറില്‍ നിന്നും പ്രത്യേക വിമാനങ്ങളിലാണ് ഇവരെ എത്തിയത്. യാത്രാ സംഘത്തില്‍ രണ്ടു നേപ്പാള്‍ പൗരന്മാരും ഉണ്ടായിരുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം. ദിവസം രണ്ട് വിമാനങ്ങള്‍ ഉപയോഗിച്ച് പൗരന്മാരെ തിരികെ എത്തിക്കാനാണ് നീക്കം.
തജികിസ്താന്‍ വ്യോമതാവളം കേന്ദ്രീകരിച്ച് വ്യോമസേനയുടെ സി17 യുദ്ധവിമാനം, സി130 ജെ യാത്രാ വിമാനം, എയര്‍ ഇന്ത്യ വിമാനം എന്നിവയാണ് ആളുകളെ തിരിച്ചെത്തിക്കാനായി ഉപയോഗിക്കുന്നത്. പാകിസ്താന്റെ വ്യോമപാതക്ക് പകരം തജികിസ്താന്‍, ഖത്തര്‍, ഇറാന് എന്നീ രാജ്യങ്ങളുടെ വ്യോമപാതയാണ് ഉപയോഗിക്കുന്നത്.
Comments are closed for this post.