2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഓറു കണ്ട ലോകം; നാലു അമ്മമാരുടെ സ്വപനയാത്രകള്‍ തുടരുന്നു…

ഇന്ന് വനിതാ ദിനം

നയന നാരായണന്‍

കണ്ണൂര്‍: നമുക്കൊരു യാത്ര പോയാലോ ഉഷേ…അയിനെന്താ കാര്‍ത്യായനി ഞാന്‍ തയ്യാര്‍. എന്നാ പിന്നെ സരസൂനോടും രമണിയോടും ചോയിക്കാം…അവരും റെഡി. ന്നാ വാ പോയേക്കാം….ഇനിയൊന്നും ചിന്തിക്കേണ്ട മുകാംബികയ്ക്ക് വിടാം. അങ്ങനെ 2010ല്‍ അവര്‍ യാത്ര തുടങ്ങി കാഴ്ചകളുടെ, അനുഭവങ്ങളുടെ വര്‍ണലോകത്തേക്ക്.. കണ്ണൂരിലെ അഴീക്കോട് മൂന്നുനിരത്തുള്ള യാത്രകളെ പ്രണയിച്ച നാലു അമ്മൂമ്മമാരുടെ യാത്രയെപറ്റിയാണ് പറയുന്നത്. കാര്‍ത്യായനി പുത്തലത്ത്(74), ഉഷ കളരിക്കല്‍(53), സരസ്വതി ചിമ്മിണിയേന്‍(62), രമണി മുള്ളന്‍കണ്ടി)(64) എന്നിവരാണ് കഥാപാത്രങ്ങള്‍.

വീട്ടില്‍ വെറുതെയിരുന്നു ബോറടിച്ചപ്പോഴാണ് കാര്‍ത്യായനി യാത്ര പോയാലോ എന്ന ആശയം മറ്റു മൂന്നുപേരുമായി പങ്കുവെച്ചത്. അങ്ങനെ ആദ്യമായി തനിച്ച് കണ്ണൂരില്‍ നിന്നു ട്രെയിന്‍ കയറി മൂകാംബിക പോയി. മൂന്നുദിവസം അവിടെ താമസിച്ച് സ്ഥലങ്ങളെല്ലാം കണ്ടു. കുടജാദ്രി സര്‍വജ്ഞപീഠം കയറി. പിന്നീടങ്ങോട്ട് നിലയ്ക്കാത്ത യാത്രകളായിരുന്നു. ഗോവ, താജ്മഹല്‍, പഞ്ചാബിലെ സുവര്‍ണക്ഷേത്രം, കുത്തബ് മിനാര്‍, കാശി, ഹൈദരാബാദ് രാമോജി ഫിലിംസിറ്റി, മുരുടേശ്വരം, ഗോകര്‍ണം, സുബ്രഹ്മണ്യപുരം, അനന്തപുരി, തഞ്ചാവൂര്‍, കൊടൈക്കനാല്‍, ഊട്ടി, ഡല്‍ഹി, മൈസുരു, അമൃത്‌സര്‍ എന്നിങ്ങനെ നീളുന്നു യാത്രകള്‍. കേരളത്തിലെ തിരുവന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള എല്ലാ പ്രധാന ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു. എല്ലാ യാത്രകളും പ്ലാന്‍ ചെയ്യുന്നത് നാലുപേരും ഒരുമിച്ചാണ്.

ഇപ്പോള്‍ പത്തുദിവസത്തെ കാശി അയോധ്യ യാത്ര കഴിഞ്ഞ് വിശ്രമത്തിലാണ്. മൂന്നാര്‍ യാത്ര ആസൂത്രണം ചെയ്തിരുന്നു. ചില കാരണങ്ങളാല്‍ അത് മാറ്റി വയ്‌ക്കേണ്ടി വന്നു. എന്നാലും സാരമില്ല കൊടൈക്കെനാല്‍ ഒന്നുപോയി വരാനുള്ള പരിപാടിയുണ്ടെന്ന് നാലാളും. സാധാരണ വിദ്യാഭ്യാസം മാത്രമുള്ള നാലുപേരെയും ആര്‍ക്കും പറ്റിക്കാം എന്നൊന്നും വിചാരിക്കേണ്ട. കാര്‍ത്യായനിക്ക് സ്വല്‍പം ഇംഗ്ലീഷൊക്കെ അറിയാം. അതുകൊണ്ട് ഞങ്ങള്‍ ജീവിച്ചു പോകുന്നുവെന്ന് ബാക്കിയുള്ളവര്‍.

മലേഷ്യ, മാലിദ്വീപ്, ലക്ഷദ്വീപ് എന്നീ സ്ഥലങ്ങളില്‍ പോകാന്‍ ഒരുങ്ങിയപ്പോഴാണ് കൊവിഡ് വന്നത്. അതോടെ മുടങ്ങി. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ അവിടെ കൂടി പോകണമെന്നാണ് ഇവരുടെ ആഗ്രഹം. പ്രായത്തിന്റെ അവശത എല്ലാവരിലുമുണ്ട്. പോകുമ്പോള്‍ മരുന്നുകള്‍ കരുതിയാണ് യാത്ര. അമ്മമാരുടെ യാത്രയ്ക്ക് മക്കള്‍ എല്ലാവരും പൂര്‍ണ പിന്തുണയാണ്. മക്കള്‍ നല്‍കുന്നതും പെന്‍ഷനും മറ്റും കൂട്ടിവെച്ചാണ് ഓരോ യാത്രകളും. എത്ര തന്നെ തിരക്കാണെങ്കിലും യാത്രയ്ക്കായി കുറച്ചു സമയം മാറ്റി വെക്കണമെന്നാണ് വനിതാദിനത്തില്‍ ഇന്നത്തെ തലമുറയോട് ഇവര്‍ക്ക് പറയാനുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.