പാലക്കാട്: പത്ത് വര്‍ഷം പ്രണയിനിയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ കേസെടുത്ത് വനിതാ കമ്മിഷന്‍. പാലക്കാട് നെന്മാറയില്‍ സാജിത എന്ന യുവതിയെ റഹ്മാന്‍ എന്ന കാമുകന്‍ സ്വന്തം വീട്ടില്‍ പത്തുവര്‍ഷത്തോളം ആരുമറിയാതെ താമസിപ്പിച്ച സംഭവത്തിലാണ് കേസെടുത്തത്. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷന്‍ നെന്മാറ സി.ഐയോട് ആവശ്യപ്പെട്ടു. യുവതിക്ക് കൗണ്‍സിലിംഗ് നല്‍കാനും നിര്‍ദ്ദേശമുണ്ട്.
അതേ സമയം സംഭവത്തില്‍ ദുരൂഹതയുള്ളതായി റഹ്മാന്റെ പിതാവുതന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു കോഴി ശബ്ദമുണ്ടാക്കിയാല്‍ പോലും ഞങ്ങളറിയാറുണ്ട്. അത്തരം സാഹചര്യത്തില്‍ പത്തുവര്‍ഷം മകന്‍ പെണ്‍കുട്ടിയെ മുറിയില്‍ ഒളിപ്പിച്ചുവെന്നകാര്യം വിശ്വസിക്കാന്‍ കഴിയില്ലെന്നും പിതാവ് പറയുന്നു. അടുത്തിടെ വീട് പൊളിച്ചുപണിയുമ്പോള്‍ പെണ്‍കുട്ടി ഒളിച്ചുനിന്നെന്നു പറയുന്ന പ്രത്യേക അറ അന്ന് വീട്ടിലുണ്ടായിരുന്നില്ലെന്നും പിതാവ് പറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസങ്ങള്‍ക്കു മുമ്പ് മാത്രമാണ് മകന്‍ അസാധാരണമായ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.
സ്വന്തം മുറിയോട് ചേര്‍ന്ന് പ്രത്യേക സജ്ജീകരണങ്ങളൊരുക്കി വീട്ടുകാരെ വരെ അടുപ്പിക്കാതെയായിരുന്നു റഹ്മാന്‍ സജിതയെ ഒളിപ്പിച്ച് നിര്‍ത്തിയതെന്നാണ് വിവരം. മൂന്ന്മാസം മുമ്പ് കാണാതായ റഹ്മാനെ കഴിഞ്ഞദിവസം സഹോദരന്‍ വഴിയില്‍ വച്ച് തിരിച്ചറിഞ്ഞ് പൊലിസിലറിയിച്ചപ്പോഴാണ് സിനിമാകഥയെ വെല്ലുന്ന പ്രണയകഥയുടെ ചുരുളഴിയുന്നത്.
കാണാതാകുമ്പോള്‍ പെണ്‍കുട്ടിക്ക് 19വയസ്സാണ് പ്രായം. പൊലിസ് ഏറെ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. അന്ന് റഹ്മാനെയും പൊലിസ് ചോദ്യം ചെയ്തിരുന്നു.
Comments are closed for this post.