2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ആരോഗ്യ ജീവിതമാഗ്രഹിക്കുന്ന സ്ത്രീകള്‍നിര്‍ബന്ധമായും ചെയ്യേണ്ട പരിശോധനകള്‍ ഇവയാണ്

 

ഒരു സാധാരണ സ്ത്രീ കുടുംബത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഭര്‍ത്താവ്, കുഞ്ഞുങ്ങള്‍, കുടുംബാംഗങ്ങള്‍, അവരുടെ ഭക്ഷണക്കാര്യത്തിലും ആരോഗ്യകാര്യത്തിലും വലിയ ശ്രദ്ധയായിരിക്കും. എന്നാല്‍ ഇതിനിടയില്‍ സ്വന്തം ആരോഗ്യത്തെ പരിഗണിക്കില്ല.

ചില മുന്‍കരുതലുകളെ അവഗണിക്കുകയും ചെയ്യും. ഇത് വലിയ പ്രശ്‌നങ്ങളിലേക്കാണ് പലപ്പോഴും ചെന്നെത്തുക. പല അകാല മരണങ്ങളുടെയും കാരണം ആ അവഗണനയോ അറിവില്ലായ്മയോ ആണ്.
അതുകൊണ്ട് സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്യേണ്ടതും വീഴ്ച വരുത്താന്‍ പാടില്ലാത്തതുമായ ചില പരിശോധനകളെ പരിചയപ്പെടുത്താം.

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടല്ലോ. ആയതിനാല്‍ കുടുംബത്തിന്റേയും സമൂഹത്തിന്റേയും ആരോഗ്യത്തിനുവേണ്ടി കൂടിയാണത്. മുപ്പത് പിന്നിട്ടെങ്കില്‍ തങ്ങളുടെ ആരോഗ്യ സ്ഥിതി ഉറപ്പാക്കാന്‍ ഓരോ സ്ത്രീയും നടത്തേണ്ട ചില ആരോഗ്യ പരിശോധനകളിതാ…

മടിക്കരുത് ഹൃദ്രോഗ സാധ്യത കണ്ടെത്താന്‍

ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണല്ലോ. സ്ത്രീകളുടേത് പ്രത്യേകിച്ചും. ഹൃദ്രോഗ സാധ്യത കണ്ടെത്തുന്നതിനും അപകട സാധ്യതകള്‍ തിരിച്ചറിയുന്നതിനും ലിപിഡ് പ്രൊഫൈല്‍ പരിശോധനകള്‍ അനിവാര്യമാണ്. കൊളസ്‌ട്രോള്‍ കൂടുമ്പോള്‍ അത് ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കും. ഭക്ഷണശീലം അനാരോഗ്യകരമെങ്കില്‍, വ്യായാമം ഒഴിവാക്കുന്നെങ്കില്‍ നിര്‍ബന്ധമായും ലിപിഡ് പ്രൊഫൈല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.

അപകടമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍

അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഇടക്കിടെ പത്രങ്ങളില്‍ കാണാറുണ്ട്. പ്രസവാനന്തര മാനസിക പ്രശ്‌നമായ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനാണ് പലപ്പോഴും ഇത്തരത്തിലുള്ള കൊലയല്‍ കലാശിക്കുന്നത്. അതിനാല്‍ പ്രസവാനന്തര മാനസിക പ്രശ്‌നങ്ങളെ ഗൗരവത്തിലെടുക്കണം. ഇല്ലെങ്കില്‍ വലിയ അപകടമാണ്. വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണിവയക്കും.

നടത്തിയിട്ടുണ്ടോ പ്രമേഹ പരിശോധന

പ്രമേഹം സാധാരണ പുരുഷന്‍മാരുടെ രോഗമാണെന്നാണ് സ്ത്രീകളുടെ വെപ്പ്. പുരുഷന്‍മാരെപോലെ അവരീ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താറില്ല. പഞ്ചസാര കുറക്കാറില്ല. ശരിയായ സമയത്ത് പ്രമേഹ പരിശോധന നടത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കില്‍ എല്ലാവര്‍ക്കും അപകടം തന്നെയാണ്. പ്രമേഹം കൂടിയാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നറിയാമല്ലോ. അത് പ്രശ്‌നം വഷളാക്കുകയും ചെയ്യും.

നിര്‍ബന്ധമാണ് മൂത്രപരിശോധന

കൃത്യമായ ഇടവേളകളില്‍ മൂത്ര പരിശോധന നടത്തണം സ്ത്രീകള്‍. ഇതിലൂടെ വൃക്കരോഗങ്ങള്‍, മൂത്രനാളിയിലെ അണുബാധ തുടങ്ങിയ മറ്റു പല രോഗങ്ങളും കണ്ടെത്തുന്നതിനു സഹായിക്കും. ചില പരിശോധനാ ഫലങ്ങള്‍ മറ്റ് ചില രോഗങ്ങളുടെ കൂടി ലക്ഷണമായിരിക്കാം. അതിനാല്‍ പരിശോധന അനിവാര്യമാണ്.

സെര്‍വിക്കല്‍ ക്യാന്‍സര്‍ കണ്ടെത്താന്‍

പാപ്പ് ടെസ്റ്റ് എന്ന പരിശോധന പ്രധാനമായും സെര്‍വിക്കല്‍ ക്യാന്‍സര്‍ കണ്ടെത്താനാണ് ചെയ്യുന്നത്. ഗര്‍ഭാശയത്തില്‍ ആരംഭ ഭാഗത്ത് ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടോ എന്ന് കണ്ടെത്താനാണ് ഈ പരിശോധന. സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ഈ ടെസ്റ്റ് നടത്തുന്നത് ഉചിതമായിരിക്കും.

ചര്‍മരോഗ ക്യാന്‍സറും
കണ്ടുപിടിക്കാം

ചര്‍മ്മ ക്യാന്‍സര്‍ ഇന്ന് സ്ത്രീകളില്‍ വര്‍ധിച്ച് വരുന്നുണ്ട്. ഇതു കണ്ടു പിടിക്കാനായി വര്‍ഷത്തിലൊരിക്കലെങ്കിലും ത്വക്ക് രോഗ വിദഗ്ധനെ സമീപിക്കണം. ആരോഗ്യ പരിശോധനയുടെ ഭാഗമായി ചര്‍മത്തിലെ അര്‍ബുദം കണ്ടെത്താനുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് നിര്‍ബന്ധമാക്കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.