കേപ്ടൗൺ: വനിതാ ട്വന്റി20 ലോകകപ്പ് ഫൈനൽ മത്സരത്തിന് ഇന്ന് വേദിയുണരുമ്പോൾ കിരീടം നിലനിർത്തി ഓസ്ട്രേലിയ ആധിപത്യം തുടരുമോ, അതോ കന്നി കിരീടം നേടി ദക്ഷിണാഫ്രിക്ക പുതുചരിത്രം രചിക്കുമോ എന്ന ആകാംക്ഷയിലാണ് ലോക ക്രിക്കറ്റ് പ്രേമികൾ. കേപ്ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വൈകിട്ട് 6.30നാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും ഫൈനൽ മത്സരം തൽസമയം കാണാം.
ലോക ഒന്നാം നമ്പർ സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് തന്നെയാണ് ഫൈനലിൽ സാധ്യത കൂടുതൽ കല്പിക്കുന്നത്. ഓസ്ട്രേലിയയുടെ തുടർച്ചയായ 7–ാം ലോകകപ്പ് ഫൈനലാണിത്. ഇതിൽ 5 തവണ ലോക ചാംപ്യന്മാരാകാനും ഓസ്‌ട്രേലിയക്ക് കഴിഞ്ഞു. ഈ ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരം പോലും ഓസ്ട്രേലിയ തോറ്റിട്ടില്ല എന്നതും ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടിയപ്പോൾ ഓസ്ട്രേലിയ 6 വിക്കറ്റിന് ജയിച്ചിരുന്നു എന്നതും ഓസ്‌ട്രേലിയയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
അതേസമയം ലോക അഞ്ചാം നമ്പർ റാങ്കിലുള്ള ദക്ഷിണാഫ്രിക്കയും ഒട്ടും മോശം ടീം അല്ല. സെമിയിൽ ലോക രണ്ടാം റാങ്ക് ടീമായ ഇംഗ്ലണ്ടിനെ അവസാന ഓവറിൽ തോൽപിച്ചാണ് ദക്ഷിണാഫ്രിക്ക കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യമായി ഫൈനലിൽ എത്തിയതിന്റെ ആത്മവിശ്വാസവും ടീമിനുണ്ട്. കന്നി കിരീടം നേടാനായാൽ അത് പുതു ചരിത്രമാകും എന്നതിനാൽ പോരാടാൻ ഉറച്ച് തന്നെയാകും ടീം ഇന്ന് മത്സരത്തിനിറങ്ങുക.
അലീസ ഹീലി, ബെത്ത് മൂണി, ക്യാപ്റ്റൻ മെഗ് ലാനിങ് എന്നിവർ നയിക്കുന്ന ബാറ്റിങ്നിര, ഓൾറൗണ്ടർ ആഷ്‌ലി ഗാർഡനർ, പേസർ മേഗൻ ഷൂട്ട് തുടങ്ങിയ താരനിര തന്നെ ഓസ്‌ട്രേലിയക്കായി ഗ്രൗണ്ടിലിറങ്ങും. സെമിയിൽ ഇന്ത്യയോട് കഷ്ടപ്പെട്ടാണ് ജയിച്ചതെങ്കിലും ഈ ടീമിനെ എഴുതി തള്ളവനാവില്ല.
ക്യാപ്റ്റൻ സൂൻ ലുസ്, പേസർമാരായ ഷബ്നിം ഇസ്മായിൽ, അയബോംഗ ഖാക്ക, ഓപ്പണർമാരായ ലോഹ വോഹ്‌വാർദ്–തസ്മിൻ ബ്രിറ്റ്സ്, ഓൾറൗണ്ടർ മരിസാൻ ക്യാപ് എന്നിവരിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. സ്വന്തം നാട്ടിൽ കളിക്കുന്നതിനിടെ ആനുകൂല്യവും ദക്ഷിണാഫ്രിക്കയ്ക്ക് ഉണ്ട്.
Comments are closed for this post.