കെയ്‌റോ: സഊദി അറേബ്യയിൽ ആഭ്യന്തര വിമാനത്തിൽ ബംഗ്ലാദേശി യാത്രക്കാരി കുഞ്ഞിന് ജന്മം നൽകി. വടക്ക് പടിഞ്ഞാറൻ നഗരമായ തബൂക്കിൽ നിന്ന് ജിദ്ദയിലേക്ക് പറക്കുന്നതിനിടെയാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിമാനം 36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് മുപ്പത് വയസ്സുള്ള സ്ത്രീ വിമാനം ജീവനക്കാരോട് സഹായം ആവശ്യപ്പെട്ടത്. പ്രസവവേദന കലശലായതോടെ വിമാനത്തിൽ വെച്ച് തന്നെ പ്രസവം നടത്തുകയായിരുന്നു. വിമാനത്തിൽ സഹയാത്രികരായ ഫുട്ബാൾ ടീമിനൊപ്പമുണ്ടായിരുന്ന ഡോക്ടർമാരാണ് യുവതിക്ക് ആവശ്യമായ വൈദ്യസഹായം നൽകിയത്. ബംഗ്ലാദേശ് സ്വദേശിയായ യുവതിക്ക് ഡോക്ടർമാരുടെ ഭാഷ പ്രശ്നമായതോടെ മറ്റൊരു യാത്രക്കാരൻ ഇവർക്കിടയിൽ വിവർത്തകനായി പ്രവർത്തിക്കുകയായിരുന്നു.
വിവർത്തകനായ യാത്രക്കാരൻ യുവതിക്ക് ഡോക്‌ടർമാർ നൽകുന്ന നിർദേശങ്ങൾ ബംഗ്ലാദേശി ഭാഷയിൽ മൊഴിമാറ്റം ചെയ്തു നൽകി. ഇതോടെ പ്രസവം സുഖകരമായി നടക്കുകയായിരുന്നു. ആകാശത്ത് വെച്ച് ഒരു പെൺകുട്ടിക്ക് യുവതി ജന്മം നൽകി. എന്നാൽ വിമാനത്താവളത്തിലെ മെഡിക്കൽ സപ്പോർട്ട് ടീം, കേസ് പൂർണമായി കൈകാര്യം ചെയ്യുന്നത് വരെ കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിക്കേണ്ടതില്ലെന്ന് ഡോക്ടർമാർ തീരുമാനിച്ചു.
വിമാനത്തിൽ വച്ച് ഒരു സ്ത്രീ പ്രസവിക്കുന്നതായി എയർ കൺട്രോൾ ടവർ റിപ്പോർട്ട് ചെയ്തതായി ജിദ്ദയിലെ കിംഗ് അബുൽഅസിസ് എയർപോർട്ട് അറിയിച്ചു. യുവതിക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനായി വിമാനം വിമാനത്താവളത്തിന് ഏറ്റവും അടുത്തുള്ള ഗേറ്റിലേക്ക് ഇറക്കാൻ എയർ ക്രാഫ്റ്റ് പൈലറ്റിനെ നിർദ്ദേശിച്ചു. വിമാനം എത്തുന്നതിന് മുൻപായി തന്നെ വിമാനത്താവളത്തിലെ മെഡിക്കൽ സംഘം തയ്യാറായി നിന്നിരുന്നു.
വിമാനം എത്തിയതോടെ കുഞ്ഞിനേയും യുവതിയെയും പരിശോധിച്ച മെഡിക്കൽ സംഘം ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തി. ശേഷം ഇവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Comments are closed for this post.