പ്രായവും കുടുംബവുമൊന്നും നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് പിറകെ പായുന്നതിന് തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായ പ്രീതി മെഹര്‍. 43 വയസുകാരിയും, രണ്ട് കുട്ടികളുടെ അമ്മയുമായ ഇവര്‍ വൈകാതെ തന്നെ യു.എസിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്. ഫുള്‍ബ്രെറ്റ്-കലാം ക്ലൈമറ്റ് ഫെലോഷിപ്പ് നേടിയാണ് ഡോ. പ്രീതി മെഹര്‍ അമേരിക്കയിലേക്ക് പറക്കുന്നത്. സൗരോര്‍ജം കൂടുതല്‍ സുസ്ഥിരവും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ മാറ്റുക എന്ന വിഷയത്തിലാണ് ഫെലോഷിപ്പ് നേടിയിരിക്കുന്നത്.
ജെ-വണ്‍ വിസ ലഭിച്ച മെഹറിന് സ്‌റ്റൈപെന്‍ഡും ലഭിക്കും. ധാരാളം കടമ്പകള്‍ കടന്നാണ് പ്രീതി തന്റെ സ്വപ്‌നത്തിലേക്ക് നടന്നുകയറിയത്. ആദ്യം യു.എസില്‍ ഫാക്കല്‍റ്റി അംഗമായി കയറിയ പ്രീതി ലബോറട്ടറി കണ്ടെത്തി പ്രൊപ്പോസല്‍ തയ്യാറാക്കി നല്‍കി. പിന്നീട് ഇന്റര്‍വ്യൂ കഴിഞ്ഞതിന് ശേഷമാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയത്. ഫുള്‍ബ്രൈറ്റ് മാത്രമല്ല മെഹറിന് ലഭിച്ചിരിക്കുന്ന വിദേശ സ്‌കോളര്‍ഷിപ്പ്. പിഎച്ച്ഡി കാലഘട്ടത്തില്‍ 2010-ല്‍ അവര്‍ക്ക് എറാമസ് മുന്‍ഡസ് വില്‍പവര്‍ ഫോലോഷിപ്പും ലഭിച്ചിരുന്നു.
ഇകോള്‍ സെന്‍ട്രെയിലെ പാരീസിലെ സിഎന്‍ആര്‍എസ് എസ്പിഎംഎസ് ലാബോറട്ടറിയില്‍ ഒന്‍പത് മാസം ഗവേഷണം നടത്താനും അവര്‍ക്ക് അവസരം ലഭിച്ചിരുന്നു. ബെംഗളൂരുവിലെ ഐ.ഐ.എ.സി.സിയില്‍ പഠിക്കുന്ന കാലത്താണ് അവര്‍ എറാസ്മസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയത്. ആറ് മാസമായിരുന്നും ഫെലോഷിപ്പിന്റെ കാലാവധി. ഈ കാലയളവില്‍ ഗവേഷണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് അവര്‍ക്ക് കാലാവധി നീട്ടി നല്‍കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ക്കുമാത്രമല്ല, വിദ്യാസമ്പന്നരായ വീട്ടമ്മമാര്‍ക്കും പ്രചോദനം നല്‍കുന്നതാണ് പ്രീതിയുടെ ജീവിതം. അമ്മയായപ്പോള്‍ രണ്ട് തവണ തന്റെ കരിയറിന് ഇടവേള നല്‍കിയതിന് ശേഷമാണ് അവരുടെ തിരിച്ചുവരവ്. ചെന്നൈയിലെ വിമെന്‍സ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നാണ് ഡോ. പ്രീതി ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയത്. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഫില്ലും ബെംഗളൂരുവിലെ ഐഐഎസ്സിയിലെ മെറ്റീരിയല്‍സ് റിസേര്‍ച്ച് സെന്ററില്‍ നിന്ന് പിഎച്ച്ഡിയും നേടി.
Comments are closed for this post.