
തിരുവനന്തപുരം: ഭരണഘടനക്കെതിരായ പ്രസംഗത്തെ തുടര്‍ന്ന് ഗതികെട്ട് മന്ത്രി സ്ഥാനം സജി ചെറിയാന് രാജിവച്ചതോടെ വെട്ടിലായത് സി.പി.എമ്മിലെ ന്യായീകരണ തൊഴിലാളികളും നേതാക്കളും. കഴിഞ്ഞ ദിവസം അദ്ദേഹത്തെ ന്യായീകരിച്ച് രംഗത്തെത്തിയത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബിടയക്കമുള്ളവരാണ്. നാക്കുപിഴവാകാമെന്നായിരുന്നു എം.എ ബേബിയുടെ ന്യായീകരണം.
സജി ചെറിയാന്റെ പരാമര്‍ശങ്ങളില്‍ അബദ്ധമില്ലെന്നായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് ന്യായീകരിച്ചത്. കോണ്‍ഗ്രസിന് വേറെ പണിയില്ലാത്തത് കൊണ്ടാണ് സംഭവത്തെ വിവാദമാക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സജി ചെറിയാന് കൂറു പുലര്‍ത്തി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണെന്നും ഇപി വ്യക്തമാക്കിയിരുന്നു.
എത്ര ന്യായീകരിച്ചാലും മന്ത്രി സ്ഥാനത്തിരുന്ന് ഭരണഘടനയെ നിശിതമായി വിമര്‍ശിച്ച സജി ചെറിയാനെതിരെ കേസെടുക്കാന്‍ പൊലിസിന് തടസമില്ലെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് കെമാല്‍ പാഷ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്‍സള്‍ട്ട് ടുനാഷണല് ഓണര്‍ ആക്ടിന്റെ പരിധിയില്‍ വരുന്നതാണിത്. ദേശീയ പതാകയെ അപമാനിക്കുക, ഭരണഘടനയെ നിരാകരിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുക എന്നിവയും ഈ നിയമത്തിന്റെ പരിധിയില്‍ വരും. മൂന്നുവര്‍ഷം തടവോ പിഴയോ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ. ഇങ്ങനെയൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലിസ് സ്വമേധയാ കേസെടുക്കാം. ആരെങ്കിലും പരാതിപ്പെട്ടാലും പരിശോധിച്ച് നടപടിയെടുക്കാം. അതേ സമയം വിഷയത്തിലിതുവരേ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.