2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘മരിക്കുന്നതിന് തൊട്ടുമുമ്പ് ദാദി പറഞ്ഞിരുന്നു, എന്തെങ്കിലും സംഭവിച്ചാല്‍ കരയരുതെന്ന്’- ഹൃദയംതൊടുന്ന വീഡിയോ പങ്കുവച്ച് രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധിയുടെ രക്ഷസാക്ഷിത്വ ദിനത്തില്‍ നടുക്കമാര്‍ന്ന ആ നിമിഷം ഓര്‍ത്തെടുത്ത് പേരമകന്‍ രാഹുല്‍ ഗാന്ധിയുടെ വിഡിയോ. ഇന്ദിരാ ഗാന്ധി മുത്തശ്ശി ആയിരുന്നില്ലെന്നും മറ്റൊരു അമ്മ തന്നെയായിരുന്നുവെന്നും രാഹുല്‍ ഓര്‍മിക്കുന്നു. ജീവനറ്റ ഇന്ദിരാ ഗാന്ധിയുടെ മുന്നില്‍ കരഞ്ഞ കണ്ണുമായി നില്‍ക്കുന്ന കുഞ്ഞ് രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് യൂട്യൂബ് വീഡിയോ.

‘മരിക്കുന്നതിന് മുമ്പ് ദാദി എന്നോടു പറഞ്ഞിരുന്നു, എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കരയരുതെന്ന്. അവര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കപ്പോള്‍ മനസിലായിരുന്നില്ല’- സ്വന്തം അംഗരക്ഷകരാന്‍ കൊല്ലപ്പെടുന്നതിനു മുമ്പുള്ള രംഗം രാഹുല്‍ ഓര്‍ത്തെടുക്കുന്നു.

‘രണ്ടു മൂന്നു മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ കൊല്ലപ്പെട്ടു. താന്‍ കൊല്ലപ്പെടുമെന്ന് അവര്‍ക്ക് തോന്നിയിരുന്നു. വീട്ടിലെ എല്ലാവര്‍ക്കും മനസിലായിട്ടുണ്ടെന്നും ഞാന്‍ കരുതുന്നു. ഒരിക്കല്‍ തീന്‍മേശയിലിരിക്കേ എന്നോട്, ഞങ്ങളോട് പറഞ്ഞു; രോഗം ബാധിച്ച് മരിക്കുന്നതാണ് ഏറ്റവും വലിയ ശാപമെന്ന്’- ഉജ്വലമായ ആ ഉരുക്കുവനിതയുടെ മനോബലം രാഹുല്‍ ഗാന്ധി വിവരിക്കുന്നു.

‘അവരുടെ കാഴ്ചപ്പാടില്‍, ഏറ്റവും നല്ല മരണം, രാജ്യത്തിനുവേണ്ടി, ഇഷ്ടപ്പെട്ട ആശയത്തിനു വേണ്ടി മരിക്കുക എന്നതായിരുന്നു. അന്ന് എനിക്കത് മനസിലായിരുന്നില്ല. ഇപ്പോഴത് ഞാന്‍ മനസിലാക്കുന്നു’- രാഹുല്‍ ഗാന്ധി പറയുന്നു.

‘വീട്ടില്‍ അച്ഛന്‍ നല്ല കര്‍ക്കശക്കാരനായിരുന്നു. ദാദി എന്ന ‘സൂപ്പര്‍ മദര്‍’ ഉള്‍പ്പെടെ എനിക്ക് രണ്ട് ‘അമ്മ’മാരുണ്ടായിരുന്നു. അച്ഛന്‍ ദേഷ്യപ്പെടുമ്പോഴൊക്കെ എന്നെ പ്രതിരോധിച്ചിരുന്നത് ദാദിയായിരുന്നു’- രാഹുല്‍ പറഞ്ഞുനിര്‍ത്തുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.