ബെംഗളുരു : ഇന്ത്യയുടെ ചാന്ദ്രദൗത്യം ചാന്ദ്രയാന്‍ 3 ബുധനാഴ്ച ചന്ദ്രനിലിറങ്ങും. വൈകീട്ട് 6.04നാണ് ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുന്നതിന് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ലാന്‍ഡര്‍ മൊഡ്യൂളിന്റെ അവസ്ഥയും ചന്ദ്രനിലെ സാഹചര്യവും അനുസരിച്ചായിരിക്കും ചന്ദ്രനിറങ്ങുന്നതില്‍ അന്തിമ തീരുമാനമുണ്ടാവുക. അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ഐഎസ്ആര്‍ഒ ഡയറക്ടര്‍ നിലേഷ് എം ദേശായിയാണ് ഇക്കാര്യം അറിയിച്ചത്.
കാര്യങ്ങള്‍ മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് നീലേഷ് എം ദേശായി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ ലാന്‍ഡിംഗ് ഈ മാസം 27 വരെ നീട്ടിവയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. ചാന്ദ്രയിറക്കത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ലോകശ്രദ്ധ ചാന്ദ്രയാന്‍ 3ലേക്കാണ്. നാളെ വൈകിട്ട് നിശ്ചയിച്ചിരിക്കുന്ന സോഫ്റ്റ്‌ലാന്‍ഡിങ്ങിന് അവസാനവട്ട ഒരുക്കങ്ങള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ലാന്‍ഡറിലെ സ്വയംനിയന്ത്രിത സംവിധാനത്തിനുള്ള പ്രവര്‍ത്തനക്രമങ്ങളും കമാന്‍ഡുകളും ബംഗളൂരുവിലെ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍നിന്ന് പേടകത്തിലേക്ക് അപ്‌ലോഡ് ചെയ്തു തുടങ്ങി. അതിനിടെ നിലവില്‍ ചന്ദ്രനെ ചുറ്റുന്ന ചാന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററുമായി ലാന്‍ഡര്‍ ആശയവിനിമയം സ്ഥാപിച്ചു. ‘സ്വാഗതം സുഹൃത്തേ'(വെല്‍ക്കം ബഡ്ഡി) എന്ന സന്ദേശം ഓര്‍ബിറ്റര്‍ വഴി ലാന്‍ഡറിലേക്ക് ബംഗളൂരുവിലെ ഇസ്ട്രാക്ക് കൈമാറി.
സോഫ്റ്റ് ലാന്‍ഡിങ്ങിന് അരമണിക്കൂര്‍ മുമ്പ് ലാന്‍ഡറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി സ്വയംനിയന്ത്രിത സംവിധാനം ഏറ്റെടുക്കും. ഇതിനാവശ്യമുള്ള കമാന്റുകളാണ് സോഫ്റ്റ്‌വെയറിലേക്ക് അപ്‌ലോഡ് ചെയ്യുന്നത്. ലേസര്‍ ഡോപ്ലെര്‍ വെലോസിറ്റി മീറ്റര്‍, സെന്‍സറുകള്‍, കാമറകള്‍ തുടങ്ങിയ ഒമ്പതോളം ഉപകരണങ്ങളുടെ സഹായത്തോടെയാണ് ലാന്‍ഡിങ് നിയന്ത്രണസംവിധാനം പ്രവര്‍ത്തിക്കുക. ഇവ അപ്പപ്പോള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വിശകലനംചെയ്ത് ത്രസ്റ്റര്‍ ജ്വലനവും അതുവഴി ബ്രേക്കിങ് സംവിധാനവും പ്രവര്‍ത്തിക്കും.
Comments are closed for this post.