തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചിറകരിയുമോ?
ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ കാവലാളും സ്വതന്ത്ര അധികാരവുമുള്ള ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍. ജനാധിപത്യത്തിന്റെ വിജയ പരാജയങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ നിഷ്പക്ഷതയും സ്വാതന്ത്ര്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
തെരഞ്ഞെടുപ്പു കമ്മിഷന്റെ നിഷ്പക്ഷതയിലും സ്വാതന്ത്രത്തിലുമുള്ള ഏതൊരു ഭരണകൂട ഇടപെടലുകളും ആത്യന്തികമായി ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവയ്ക്കുന്നതാണ്. തെരഞ്ഞെടുപ്പു കമ്മിഷന്റെ ചിറകരിയുന്ന നിയമ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം സമാപിച്ച ലോക്‌സഭയുടെ പ്രത്യേക സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനറും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷനര്‍മാരും (നിയമനം, സേവന വ്യവസ്ഥകള്‍, ഓഫിസ്, കാലാവധി) ബില്‍ 2023 ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, വനിതാ സംവരണ നിയമത്തിനിടയില്‍ വിഷയം വഴിമാറാതിരിക്കാന്‍ ബില്‍ അവതരിപ്പിക്കാതെ മാറ്റി വയ്ക്കുകയായിരുന്നു. ഇനി ഓര്‍ഡിനന്‍സായി ബില്‍ പുറത്തിറങ്ങുമെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. പ്രസ്തുത നിയമം നിലവില്‍ വന്നാല്‍ അത് രാജ്യത്തിന്റെ ജനാധിപത്യത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് നിസ്സംശയം പറയാം.
ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 324 പ്രകാരം പാര്‍ലമെന്റിലെ എല്ലാ സീറ്റുകളിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്താനും നിയന്ത്രിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷനെ അധികാരപ്പെടുത്തിയിരിക്കുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 പ്രകാരം ‘മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനറും തെരഞ്ഞെടുപ്പ് കമ്മിഷനര്‍മാരും ഉള്‍പ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍, കാലാകാലങ്ങളില്‍ രാഷ്ട്രപതി നിശ്ചയിക്കുന്നതുപോലെ, ‘മേല്‍നോട്ടം, നിര്‍ദേശം, കൂടാതെ തെരഞ്ഞെടുപ്പുകളുടെ നിയന്ത്രണവും’ നിര്‍വഹിക്കുന്നതായിരിക്കും.
ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷനര്‍മാരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനറെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്. അവര്‍ക്ക് ആറുവര്‍ഷത്തെ കാലാവധി അല്ലെങ്കില്‍ 65 വയസ് വരെ, ഏതാണ് ആദ്യം വരുന്നത് അന്നുവരെ പദവിയില്‍ തുടരാം. അവര്‍ക്ക് ഇന്ത്യയിലെ സുപ്രിംകോടതി ജഡ്ജിമാരുടെ അതേ പദവിയുണ്ട്. പാര്‍ലമെന്റിന്റെ ഇംപീച്ച്‌മെന്റിലൂടെ മാത്രമേ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനറെ സ്ഥാനത്തുനിന്നും മാറ്റാന്‍ കഴിയൂ.
ബില്ലില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണറെയും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും തിരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് കാരണമായത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനറും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും (നിയമനം, സേവന വ്യവസ്ഥകള്‍, ഓഫിസ്, കാലാവധി) ബില്‍ 2023 എന്ന പേരിലറിയപ്പെടുന്ന വിവാദ ഭേദഗതി ബില്‍ കഴിഞ്ഞ മാസം രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ആണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്.
ബില്ലിലെ വിവാദ വ്യവസ്ഥകള്‍
1991ലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമം പുതിയ ബില്ലിലൂടെ ഭേദഗതി ചെയ്യപ്പെടുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലവിലെ ഘടന നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയ ബില്ലില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷനര്‍മാരെയും സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി നിയമിക്കുമെന്ന് കൂട്ടിച്ചേര്‍ക്കുന്നു. സെലക്ഷന്‍ കമ്മിറ്റിയില്‍ പ്രധാനമന്ത്രി അധ്യക്ഷനായിരിക്കുമെന്ന് ബില്‍ പറയുന്നു. കൂടാതെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി എന്നിവരും അംഗങ്ങളായിരിക്കും.
ബില്ലിലെ മറ്റൊരു പ്രധാന വ്യവസ്ഥ നീക്കം ചെയ്യല്‍ (ഇംപീച്ച്‌മെന്റ്) നടപടിക്രമത്തിന്റെ കാര്യത്തില്‍ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് തുല്യമായി കൊണ്ടുവരുന്നു എന്നതാണ്. നിലവില്‍ സുപ്രിംകോടതി ജഡ്ജിയെ ഇംപീച്ച്‌മെന്റ് ചെയ്തതിന് സമാനമായ രീതിയില്‍ ചീഫ് ഇലക്ഷന്‍ കമ്മിഷനറെ നീക്കം ചെയ്യുമ്പോള്‍ മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷനര്‍മാരെ ഒഴിവാക്കിയത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷനര്‍മാര്‍ക്ക് കാലാവധിയുടെ സുരക്ഷ ഇല്ലായിരുന്നു. കൂടാതെ സുപ്രിംകോടതി ജഡ്ജിക്ക് തുല്യമായ പദവിയില്‍ നിന്ന് കാബിനറ്റ് സെക്രട്ടറി തലത്തിലേക്ക് തരംതാഴ്ത്തപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മിഷനര്‍മാരുടെ പദവി തരംതാഴ്ത്തുന്നതാണ് ബില്ലിലെ മറ്റൊരു പ്രധാന ആശങ്കകളിലൊന്ന്.
ബില്‍ സുപ്രിംകോടതി വിധി മറികടക്കാന്‍
തെരഞ്ഞെടുപ്പ് കമ്മിഷനറുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ചിലെ സുപ്രിംകോടതിയുടെ വിധി മറികടക്കാനാണ് പുതിയ നിയമ നിര്‍മാണവുമായി കേന്ദ്ര സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.പ്രധാനമന്ത്രി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഉള്‍ക്കൊള്ളുന്നതാകണം തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്ന സമിതി എന്നതായിരുന്നു സുപ്രിംകോടതി വിധി. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് 2023 മാര്‍ച്ചില്‍ സുപ്രിംകോടതി നിര്‍ണായക വിധി പ്രസ്താവിച്ചത്. പാര്‍ലമെന്റ് നിയമം ഉണ്ടാക്കുന്നത് വരെ ഉത്തരവ് നിലനില്‍ക്കുമെന്ന് അന്ന് കോടതി പറഞ്ഞിരുന്നു. സുപ്രിംകോടതിയുടെ വിധി നിയമന പ്രക്രിയയില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനും സ്വതന്ത്രവും നിഷ്പക്ഷവുമായ സ്ഥാപനമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാനും വേണ്ടിയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷനര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പാര്‍ലമെന്ററി നിയമത്തിന്റെ അഭാവത്തില്‍ ഭരണഘടനാ ശൂന്യത നികത്താനാണ് തങ്ങളുടെ ഉത്തരവെന്ന് സുപ്രിംകോടതി വ്യക്തമായി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രിംകോടതി വിധിയുടെ ആത്മാവ് ഭരണഘടനാ അസംബ്ലിയുടെ കാഴ്ചപ്പാടുകളുടെ പ്രകടനമായിരുന്നു എന്ന നിരീക്ഷണമായിരുന്നു അന്ന് നിയമ വൃത്തങ്ങളില്‍ ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിന് പുറത്തായിരിക്കണമെന്ന് ഭരണഘടനാ നിര്‍മാണ സഭയിലെ ചര്‍ച്ചകളില്‍ വളരെ വ്യക്തമായിരുന്നു. സുപ്രിം കോടതി അതിന്റെ വിധിന്യായത്തില്‍ ശ്രമിച്ചത് ഈ ചര്‍ച്ചകളുടെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കുന്നതിനാണ്. ഭരണ ഘടന നിര്‍മാണ സഭയില്‍ പ്രൊഫ. ഷിബന്‍ ലാല്‍ സക്‌സേന മുന്നോട്ടുവച്ച ആശയം തെരഞ്ഞെടുപ്പു കമ്മിഷന്റെ നിയമനം പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ സ്ഥിരീകരിക്കണമെന്നായിരുന്നു. എന്നാല്‍, ഡോ. ബി.ആര്‍ അംബേദ്കറിന് ഇത് വിശാലവും ബുദ്ധിമുട്ടുള്ളതുമായ ഒരു പ്രക്രിയയാണെന്ന് തോന്നിയതിനാല്‍ ഭരണഘടനയില്‍ ഒഴിവാക്കുകയായിരുന്നു.
ഉയരുന്ന വിമര്‍ശനങ്ങള്‍
ബില്ല് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. സെലക്ഷന്‍ പാനലില്‍ ഫലപ്രദമായി കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് അംഗങ്ങളായ പ്രധാനമന്ത്രിയും കാബിനറ്റ് മന്ത്രിയും ഉണ്ടാകുമ്പോള്‍ നിയമനത്തിന്റെ മാനദണ്ഡം രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രമാകും. സുപ്രിംകോടതി നിര്‍ദേശിച്ച ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്തുന്നതാണ് വിവാദം ഉയര്‍ത്തുന്നത്. രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട നിയമനങ്ങള്‍ സ്ഥാപനപരമായ സ്വയംഭരണാവകാശം നഷ്ടപ്പെടുത്തുമെന്നും അതുവഴി തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ അധികാരത്തിലുള്ള സര്‍ക്കാര്‍ ആധിപത്യം പുലര്‍ത്തുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിക്ക് ഭീഷണിയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പ് കേള്‍ക്കാതെ പോകുമെന്നതും തെരഞ്ഞെടുപ്പു കമ്മിഷന്റെ സ്വാതന്ത്ര്യത്തിനു മുന്‍പിലുള്ള ഭീഷണികളാണ്. കൂടാതെ സെര്‍ച്ച് കമ്മിറ്റി പാനലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വ്യക്തികളെ കൂടാതെ സെലക്ഷന്‍ കമ്മിറ്റിക്ക് മറ്റേതെങ്കിലും വ്യക്തിയെ പരിഗണിക്കാമെന്ന വ്യവസ്ഥയും വളരെ അപകടകരമായ സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ എക്‌സിക്യൂട്ടീവിന്റെ ഇടപെടലിനുള്ള സാധ്യത വര്‍ധിക്കുന്നത് ആത്യന്തികമായി ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍ ഇന്ത്യയെപ്പോലുള്ള പ്രാതിനിധ്യ ജനാധിപത്യത്തിന്റെ വിജയത്തിന് അനിവാര്യമായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെപ്പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം പ്രാണവായുവാണ്. നിയമം പാസായാല്‍ 2024 ലെ പൊതു തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മിഷനര്‍ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ സ്ഥാനമൊഴിയുന്നതോടെ പുതിയ തെരഞ്ഞെടുപ്പു കമ്മിഷനറായി കേന്ദ്ര സര്‍ക്കാരിന് താല്‍പര്യമുള്ളയാള്‍ നിയമിതനാവും.
ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വിജയം പ്രധാനമായും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയും പൂര്‍ണമായും സംരക്ഷിക്കപ്പെടണം.
Comments are closed for this post.