ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില വര്‍ധിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 43,600 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5,450 രൂപ നല്‍കണം. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ വര്‍ധനവിന് ശേഷമാണ് ഇന്ന് വില സ്ഥിരത തുടരുന്നത്.
ആഗസ്ത് മാസത്തിന്റ പകുതി വരേയും സ്വര്‍ണ വില ഇടിയുന്ന പ്രവണതയായിരുന്നു വിപണിയിലുണ്ടായിരുന്നത്. സമീപ മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വരേയും വില എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വര്‍ണ വില മുന്നോട്ടാണ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ വര്‍ധിച്ചപ്പോള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലും ഇതേ നിരക്കില്‍ വര്‍ധനവുണ്ടായി. ഇതോടെ 320 രൂപയാണ് മൂന്ന് ദിവസം കൊണ്ട് ഉയര്‍ന്നത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഡോളര്‍ കഴിഞ്ഞ ദിവസം ഇടിഞ്ഞതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില രണ്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി. ഇതോടെയാണ് സംസ്ഥാനത്തും സ്വര്‍ണ വില മുന്നോട്ട് കുതിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ച് ആഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു രാജ്യാന്തര വിപണയിലെ സ്വര്‍ണ വില.
അതേസമയം സമീപ ദിവസങ്ങളില്‍ വീണ്ടും സ്വര്‍ണ വില വര്‍ധിച്ചേക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഉയരുന്ന പണപ്പെരുപ്പം മൂലം യുഎസ് ഫെഡ് റിസര്‍വ് കൂടുതല്‍ നിരക്ക് വര്‍ധന വരുത്തുന്നത് സ്വര്‍ണ വിലയെ ബാധിച്ചേക്കും. അമേരിക്കയ്ക്ക് പുറമെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കുകളും പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. സ്വര്‍ണാഭരണം വാങ്ങാന്‍ പ്ലാനുണ്ടെങ്കില്‍ ഇനി ഒട്ടും വൈകിപ്പിക്കേണ്ട.
Comments are closed for this post.