ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ നാളെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ഈ ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ഫോമില്‍ കളിച്ച രണ്ട് ടീമുകള്‍ തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശപ്പോരാട്ടത്തില്‍ കുറഞ്ഞ ഒന്നും ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നില്ല. ഈ ലോകകപ്പില്‍ സ്വപ്ന ഫോമിലുള്ള ഇന്ത്യ മൂന്നാം ലോകകീരീടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേ സമയം ആറാം ലോകകിരീടമാണ് ഓസ്‌ട്രേലിയ ലക്ഷ്യം വെക്കുന്നത്.
കലാശപ്പോരാട്ടത്തിനായി ഒരുക്കുന്ന പിച്ച് എങ്ങനെയായിരിക്കുമെന്ന ആകാംക്ഷ ക്രിക്കറ്റ് ലോകത്തിനുണ്ട്. ഇപ്പോളിതാ മത്സരത്തിലെ പിച്ചിനെ സംബന്ധിച്ച് രോഹിത് ശര്‍മ പറയുന്നത് ഇങ്ങനെയാണ്. ലോകകപ്പ് ഫൈനലില്‍ ടോസ് നിര്‍ണായകമല്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറയുന്നത്. പിച്ച് പരിശോധിച്ചപ്പോല്‍ അല്പം സ്ലോ ആണെന്ന് മനസിലായി. അത് പരിഗണിച്ച് മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കണോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും രോഹിത് ശര്‍മ ഫൈനലിനു മുന്നോടി ആയുള്ള വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
ടോസ് നിര്‍ണായകമല്ല. പിച്ചില്‍ ചെറിയ രീതിയില്‍ പുല്ലുണ്ട്. സ്ലോ പിച്ചാണ്. മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കണോ എന്ന് പിന്നീട് തീരുമാനിക്കും. ഓസ്‌ട്രേലിയക്ക് ലോകകപ്പ് ഫൈനലിലുള്ള പരിചയം കാര്യമാക്കുന്നില്ല. ഏത് സാഹചര്യത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമം. തുടക്കത്തില്‍ കളിക്കാന്‍ കഴിയാതിരുന്നത് ഷമിക്ക് ബുദ്ധിമുട്ടായിരുന്നു. അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം നല്ല പ്രകടനം നടത്തുന്നു. എന്നെ സംബന്ധിച്ച് 50 ഓവര്‍ ലോകകപ്പ് വിജയിക്കുക വലിയ കാര്യമാണ്. ഓസ്‌ട്രേലിയ ശക്തരാണ്. ബാറ്റര്‍മാരും ബൗളര്‍മാരും നല്ല പ്രകടനം നടത്തുന്നു. ബാലന്‍സ്ഡ് ആയ ടീമാണ് ഓസ്‌ട്രേലിയ. ഇന്ത്യന്‍ ടീം മികച്ച ആത്മവിശ്വാസത്തിലാണ്. താരങ്ങള്‍ ആവേശത്തിലാണ് എന്നും രോഹിത് പ്രതികരിച്ചു.
ടൂര്‍ണമെന്റില്‍ 10 മത്സരങ്ങള്‍ തുടരെ വിജയിച്ച് ആധികാരികമായി കലാശപ്പോരിലെത്തിയ ഇന്ത്യയും ആദ്യ രണ്ട് കളി പരാജയപ്പെട്ടപ്പോഴുണ്ടായ പരിഹാസങ്ങളെ കാറ്റില്‍ പറത്തി 8 തുടര്‍ ജയങ്ങളുമായി ഫൈനല്‍ പ്രവേശനം നേടിയ ഓസ്‌ട്രേലിയയും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നാളെ ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ പരസ്പരം കൊമ്പുകോര്‍ക്കും.
സ്പിന്നര്‍മാര്‍ക്കാണ് കൂടുതല്‍ പിന്തുണയെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ പേസര്‍മാര്‍ക്കും പിച്ചില്‍ നിന്ന് ആനുകൂല്യം ലഭിക്കും. അതിനര്‍ത്ഥം ബാറ്റിംഗ് വളരെ ദുഷ്‌കരമാവുമെന്നല്ല. ലോകകപ്പില്‍ ഇതുവരെ ഇവിടെ നടന്ന നാല് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീം 300നു മുകളില്‍ സ്‌കോര്‍ നേടിയിട്ടില്ല. ഉയര്‍ന്ന സ്‌കോര്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരെ നേടിയ 286 റണ്‍സാണ്. നാലില്‍ മൂന്ന് കളിയിലും ആദ്യം ബാറ്റ് ചെയ്ത ടീം വിജയിച്ചപ്പോള്‍ ചേസ് ചെയ്ത് ജയിച്ചതും ഓസ്‌ട്രേലിയ തന്നെ.
Comments are closed for this post.