2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജനത്തിന്റെ ദുരിതം സര്‍ക്കാര്‍ കാണുമോ

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സമരവേദിയില്‍ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റായിരുന്ന പരേതനായ സഖാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞൊരു വാചകം ഇന്നും ഓര്‍മയിലുണ്ട്. ‘അര്‍ഹമായ പ്രതിമാസ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍, സമരം മാത്രം പോരാ, ആത്മഹത്യകൂടി ചെയ്താലേ കൊടുക്കൂവെന്ന മനോഭാവം ഈ സര്‍ക്കാര്‍ ഉപേക്ഷിക്കണം’. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത് ഇങ്ങനെയാണ്. ‘ഈ സമരത്തിനുത്തരവാദി സര്‍ക്കാരും മാനേജ്‌മെന്റുമാണ്. വിരമിച്ചവര്‍ക്കുള്ള ജീവിതസുരക്ഷയായ പെന്‍ഷന്‍ തരാതെ നിങ്ങളെ നോക്കി അവര്‍ ഗൂഢമായി ചിരിക്കുകയാണ്. ഈ ഗൂഢമായ ചിരി ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ചതിനാലാണ്. വൃദ്ധരായ ഈ പെന്‍ഷന്‍കാരെ നോക്കി ഇങ്ങനെ പരിഹസിക്കരുത്, കൊഞ്ഞനം കുത്തരുത്. അത് മാന്യതയ്ക്ക് ചേര്‍ന്നതല്ല. നെറികേടിന്റെ പ്രതീകമായി സര്‍ക്കാര്‍ മാറുകയാണ്. നിങ്ങളോടൊപ്പം ഇടതുപക്ഷമുണ്ട്. ഒരിക്കലും നിങ്ങള്‍ ഒറ്റയ്ക്കല്ല. വരുംനാളുകള്‍ സന്തോഷത്തിന്റെ ദിനങ്ങളായി മാറും. ഈ വന്ദ്യവയോധികരുടെ ദൈന്യത അവസാനിക്കും’. ഇടതുപക്ഷം വന്നു. ഈ പെന്‍ഷന്‍കാരുടെ ചരിത്രത്തില്‍ പെന്‍ഷന്‍ കുടിശ്ശിക മൂന്നു മാസമായി ഇവര്‍ ഉയര്‍ത്തിയിരിക്കുന്നു.
അന്ന്, സമരപന്തലില്‍ വന്ന് എല്ലാ ഇടതുപക്ഷ നേതാക്കളും പ്രഖ്യാപിച്ചു; ‘കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം, സര്‍ക്കാര്‍ പെന്‍ഷന്‍ ഏറ്റെടുക്കലാണ് ‘. അന്ന് ഒരു മാസം മാത്രം കുടിശ്ശിക വരുത്തിയതിനുണ്ടായ കോലാഹലം ചില്ലറയല്ല. കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ വന്‍ സമരമുറകളാണ് അരങ്ങേറിയത്. മിക്കപ്പോഴും സെക്രട്ടേറിയറ്റിന്റെ നടയില്‍ ഈ സംഘടനയുടെ നേതൃത്വത്തില്‍ ഈ പെന്‍ഷന്‍കാര്‍ സമരത്തിലായിരുന്നു. ഇന്നോ, മൂന്നുമാസം പെന്‍ഷന്‍ കുടിശ്ശികയായിരിക്കുന്നു. ഇടതുപക്ഷ ചായ്‌വുള്ള ഭാരവാഹികളുള്ള പെന്‍ഷന്‍ സംഘടനയ്ക്ക് പഴയ സമരവീര്യവും ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു.

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ പട്ടിണിയിലാണ്. അപ്പോഴാണ് ഈ സര്‍ക്കാര്‍ ജനങ്ങളുടെ ധനമെടുത്ത് കേരളീയം ആഘോഷിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത്. തങ്ങള്‍ ചെയ്തുകൂട്ടിയ അപരാധങ്ങള്‍ക്ക് ആഘോഷം നടത്തി, സമൂഹത്തിനുമേല്‍ മറ സൃഷ്ടിക്കുകയാണ്. ഇത്തരത്തില്‍ ജനശ്രദ്ധ തിരിക്കാന്‍ കേരളീയം നടത്തി ജനങ്ങളുടെ ധനം ധൂര്‍ത്തടിക്കുമ്പോള്‍, മറുവശത്ത് രണ്ടു വര്‍ഷത്തെ ഹോസ്റ്റല്‍ ഗ്രാന്റ് കുടിശ്ശിക കാരണം ആദിവാസികളുടെ ഹോസ്റ്റലുകള്‍ പൂട്ടിയിരിക്കുന്നു. ഹോസ്റ്റല്‍ സൗകര്യം നഷ്ടപ്പെടുകയും രണ്ടുവര്‍ഷമായി പഠനസഹായം കിട്ടാതാകുകയും ചെയ്തതോടെ ആ കുട്ടികള്‍ അവരുടെ കുടിലുകളിലേക്ക് തിരിച്ചുപോയിരിക്കുന്നത് കേരളീയം ആഘോഷിച്ചവര്‍ കാണുന്നില്ലേ? പരമ്പരാഗത വ്യവസായങ്ങളും അതിലെ തൊഴിലാളികളും പ്രതിസന്ധിയിലാണ്. സാധാരണ ജനത നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളെ ചമയങ്ങള്‍കൊണ്ടും താരശോഭകൊണ്ടും മതില്‍കെട്ടുന്നു. മാസങ്ങളായി പെന്‍ഷന്‍ കിട്ടാതെ വിധവകളും വയോജനങ്ങളും നട്ടം തിരിയുമ്പോഴാണ് ഈ മാമാങ്കങ്ങള്‍. കര്‍ഷകര്‍ മൊത്തം പ്രതിസന്ധിയിലാണ്. ഉച്ചക്കഞ്ഞിക്കുപോലും കാശുകൊടുക്കാനാകാത്ത ഒരു സര്‍ക്കാരാണ് ഈ ധൂര്‍ത്ത് കാണിക്കുന്നത്. കാരുണ്യപോലെയുള്ള ക്ഷേമപദ്ധതികള്‍ നിലച്ച മട്ടിലാണ്. കേരളീയരുടെ ദുരന്തമാണ് ഇവര്‍ ആഘോഷിക്കുന്നത്.

വാര്‍ധക്യകാല അവശതകളും രോഗങ്ങളുമായി വീട്ടിലിരുന്ന് വിശ്രമിക്കേണ്ട ഈ പെന്‍ഷന്‍കാര്‍ കടുത്ത ദുഃഖത്തിലും പട്ടിണിയിലും അമര്‍ന്നിരിക്കുകയാണ്. വാര്‍ധക്യകാല നിയമങ്ങളും പരിരക്ഷകളും നിര്‍ബന്ധമായി നടപ്പാക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന നിഷ്‌കര്‍ഷിക്കുകയും നമ്മള്‍ വാര്‍ധക്യകാല അവകാശനിയമങ്ങള്‍ പാസാക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിലാണ് ഒരുവിഭാഗം വൃദ്ധര്‍ അതിജീവനത്തിനായി കേഴുന്നത്. പെന്‍ഷന്‍ അവരുടെ അവകാശമാണെന്ന് പലതവണ കോടതി പറഞ്ഞിട്ടും അതനുസരിച്ചുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ല. സമൂഹത്തില്‍നിന്ന് ആദരവ് അര്‍ഹിക്കുന്ന പ്രായത്തിലാണ് ഇവരുടെ ജീവിതത്തിലേക്ക് സര്‍ക്കാര്‍ കരിനിഴല്‍ പടര്‍ത്തിക്കൊണ്ടിരിക്കുന്നത്.

   

പെന്‍ഷന്‍കാരും ഫാമിലി പെന്‍ഷന്‍കാരും പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍, മൂന്നുമാസം കുടിശികയായി. ഇത് എപ്പോള്‍ കിട്ടുമെന്ന് ഒരു എത്തും പിടിയുമില്ല. ആയുസിന്റെ നല്ലകാലത്ത് ജനത്തിന് കൃത്യമായ സേവനം എത്തിച്ചതിന്റെ വിരാമകാല പ്രതിഫലമായി കിട്ടേണ്ട പെന്‍ഷന്‍ കൃത്യമായി കിട്ടാനായി ഒരു വ്യവസ്ഥയാണ് ആവശ്യം. ഈ പെന്‍ഷന്‍കാരെ പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുന്നത് എന്തിനാണ്? പെന്‍ഷന്‍ ആരുടെയും ഔദാര്യമല്ല. സേവന വിരാമസംരക്ഷണമാണ്. ജീവനക്കാര്‍ ആരോഗ്യമുള്ള കാലത്ത് ജോലി ചെയ്ത് ആര്‍ജിച്ച അവകാശമാണ്. അത് വാര്‍ധക്യകാലം എത്തുമ്പോള്‍ മുന്‍ ജീവനക്കാര്‍ക്ക് അവകാശപ്പെട്ട സുരക്ഷയും ഉദ്യോഗവിരാമശമ്പളവുമാണ്. ഒരു സര്‍ക്കാര്‍ സ്ഥാപനം നഷ്ടമായതുകൊണ്ടു മാത്രം അതിലെ പെന്‍ഷന്‍കാരെ അവഗണിക്കാനാവുമോ?

പെന്‍ഷന് സര്‍ക്കാരില്‍നിന്ന് അര്‍ഹത നേടിയവരില്‍ പെന്‍ഷന്‍ കൃത്യമായി ലഭിക്കാത്ത ഏകവിഭാഗം കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് മാത്രമാണ്. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളായ വൈദ്യൂതി ബോര്‍ഡിലും ജല അതോറിറ്റിയിലും പെന്‍ഷന്‍ കൃത്യമായി വിതരണം നടത്തുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയോടു മാത്രം ഈ ചിറ്റമ്മനയം എന്തിന് അനുവര്‍ത്തിക്കണം? അര്‍ഹതപ്പെട്ടതും സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കിയതുമായ കെ.എസ്.ആര്‍.ടി.സിക്കാരുടെ പെന്‍ഷന്‍ ഖജനാവില്‍നിന്ന് കൊടുക്കാന്‍ എന്തിന് മടിക്കണം? സര്‍ക്കാര്‍ പ്രഖ്യാപിച്ച കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പദ്ധതിയുടെ പ്രതിബദ്ധതയില്‍ നിന്ന് സര്‍ക്കാരിന് എങ്ങനെ ഒഴിഞ്ഞുമാറാനാകും? അതിനാല്‍ കുടിശ്ശിക വരുത്താതെ ഇവര്‍ക്കായുള്ള പെന്‍ഷന്‍ വിതരണത്തിനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണത്തിലെ നിലവിലെ അനിശ്ചിതത്വം സര്‍ക്കാരും മാനേജ്‌മെന്റും കൂടി ഒഴിവാക്കുകയാണ് വേണ്ടത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.