2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പിണറായി പടിയിറങ്ങേണ്ടിവരുമോ ? ദുരിതാശ്വാസഫണ്ട് വക മാറ്റിയ കേസ് ലോകായുക്തയുടെ കോര്‍ട്ടില്‍

  • കെ.ടി ജലീലിന് രാജിവെക്കേണ്ടിവന്നത് സമാനമായ കേസില്‍

 

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്തയും പരിഗണിക്കുന്നു. വിധി എതിരായാല്‍ കെ.ടി ജലീലിനെപോലെ മുഖ്യമന്ത്രിക്കും സ്ഥാനമൊഴിയേണ്ടി വന്നേക്കും. കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഒടുവില്‍ പരാതിക്കാരനായ ആര്‍.എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹൈക്കോടതി ലോകായുക്തയില്‍ ഹരജി നല്‍കാന്‍ പരാതിക്കാരനോട് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടസ്ഥാനത്തില്‍ നല്‍കിയ ഹരജിയാണ് മലോകായുക്ത മറ്റന്നാള്‍ പരിഗണിക്കുന്നത്.

 

ലോകായുക്ത നിയമനം 14വകുപ്പ് പ്രകാരമുള്ള ഉത്തരവ് എതിരായതിനെ തുടര്‍ന്നാണ് കെ.ടി ജലീലിന് മന്ത്രി സ്ഥാനം നഷ്ടമായത്. ഇതേ തുടര്‍ന്ന് ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഇതേവര ഒപ്പിട്ടിട്ടില്ല. സമാനമായ വകുപ്പിലെ കേസില്‍ വിധി എതിരായാല്‍ പിണറായിക്കും പുറത്തുപോകേണ്ടിവരുമെന്നതാണ് നിര്‍ണായകം.

മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നതാണ് കേസ്. അന്തരിച്ച മുന്‍ എംഎല്‍എമാരായ കെ.കെ രാമചന്ദ്രനും ഉഴവൂര്‍ വിജയന്റെ കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണന്റെ അകമ്പടിവാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച പൊലിസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയെന്നാണ് കേസ്.
പണം അനുവദിക്കുന്നതില്‍ നയപരമായ തീരുമാനമെടുക്കാന്‍ മന്ത്രിസഭക്ക് അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. വാദത്തിനിടെ രൂക്ഷമായി ലോകായുക്ത സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 18ന് വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.