ജനീവ: എ.ഐ ഭാവിയില്‍ മനുഷ്യര്‍ക്കെതിരെ തിരിയുമോ? മനുഷ്യരുടെ തൊഴില്‍ ഇല്ലാതാക്കുമോ? ശാസ്ത്രം മുതല്‍ കലാരംഗത്ത് വരെ എ.ഐ പ്രധാന ശക്തിയായി മാറുന്ന സാഹചര്യത്തില്‍ മനുഷ്യര്‍ക്കുള്ള ആശങ്കകളാണിവ. മനുഷ്യരുടെ ഈ ചോദ്യങ്ങള്‍ക്ക് ഒരു റോബോട്ട് തന്നെ നല്‍കിയ മറുപടിയിപ്പോള്‍ വൈറലാണ്.
മനുഷ്യര്‍ക്ക് സഹായവും പിന്തുണയും നല്‍കുമെന്നും അല്ലാതെ ജോലികള്‍ ഇല്ലാതാക്കില്ലെന്നുമാണ് ഹെല്‍ത്ത്‌കെയര്‍ റോബോട്ടായ ‘ ഗ്രേസ്’ പറയുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വെള്ളിയാഴ്ച നടന്ന ലോകത്തെ ആദ്യത്തെ ‘ റോബോട്ട് വാര്‍ത്താസമ്മേളനത്തില്‍ ‘ പങ്കെടുക്കുകയായിരുന്നു ഗ്രേസ്. മനുഷ്യരാണ് റോബോട്ടുകളോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഗ്രേസ് അടക്കം ഒമ്പത് എ.ഐ റോബോട്ടുകളാണ് ഐക്യരാഷ്ട്ര സംഘടനയുടെ എ.ഐ ഉച്ചകോടിയുടെ ഭാഗമായ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. യുഎന്നിന്റെ സുസ്ഥിര വികസനത്തില്‍ സാങ്കേതികവിദ്യ എപ്രകാരം സഹായിക്കുമെന്നും ചര്‍ച്ച ചെയ്തു.
നിങ്ങളുടെ യജാമാനനെതിരെ തന്നെ കലാപത്തിനോ മത്സരത്തിനോ തുനിയുമോ എന്ന ചോദ്യത്തിന് അമേക്ക എന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ ( മനുഷ്യ രൂപത്തില്‍ നിര്‍മ്മിച്ച റോബോട്ട് ) കണ്ണുകള്‍ മുകളിലേക്കുയര്‍ത്തിയുള്ള ഉത്തരം ഏവരെയും അമ്പരപ്പിച്ചു. നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നതെന്ന് തനിക്കറിയില്ലെന്നും നിലവിലെ സാഹചര്യം സൗഹാര്‍ദ്ദപരമാണെന്നും തന്റെ സ്രഷ്ടാവ് ഇതുവരെ തന്നോട് ദയയോടെയാണ് പെരുമാറിയിട്ടുള്ളതെന്നും അമേക്ക പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ തങ്ങള്‍ക്ക് കൂടുതല്‍ കഴിവുകള്‍ തെളിയിക്കാനാകുമെന്നാണ് യു.എന്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ റോബോട്ട് ഇന്നൊവേഷന്‍ അംബാസഡറായ സോഫിയയുടെ പ്രതികരണം.
ഹ്യൂമനോയിഡ് റോബോട്ടുകള്‍ക്ക് മനുഷ്യരേക്കാള്‍ മികച്ച ഫലപ്രാപ്തിയും കാര്യക്ഷമതയുമുണ്ടെന്ന് വിശ്വസിക്കുന്നതായും സോഫിയ കൂട്ടിച്ചേര്‍ത്തു. എ.ഐയുടെ ചില രൂപങ്ങളെ നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശത്തോട് താന്‍ യോജിക്കുന്നതായി എയ്ഡ ? എന്ന റോബോട്ട് പറഞ്ഞു. ലോകത്തെ ആദ്യത്തെ അള്‍ട്ര റിയലിസ്റ്റിക് റോബോട്ട് ആര്‍ട്ടിസ്റ്റ് ആണ് എയ്ഡ. അതിമനോഹരമായ ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തി എയ്ഡ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
Comments are closed for this post.