2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മോദി- അമിത്ഷാ കൂട്ടുകെട്ടില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എന്തിനും തയ്യാറെന്ന് കെജ്‌രിവാള്‍; ഡല്‍ഹിയില്‍ കോണ്‍ഗ്രസ്- എ.എ.പി സഖ്യസാധ്യതയേറുന്നു

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യചര്‍ച്ചയ്ക്കുള്ള സാധ്യത വീണ്ടും തെളിയുന്നു. മോദി- അമിത്ഷാ കൂട്ടുകെട്ടില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എന്തിനും തയാറാണെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കോണ്‍ഗ്രസുമായി ചര്‍ച്ച തുടരാന്‍ സന്നദ്ധത അറിയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, അഭിഷേക് മനു സിങ്‌വി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കെജ്‌രിവാളിന്റെ പരാമര്‍ശം.

ചോദ്യമുയര്‍ന്നപ്പോള്‍ ഡല്‍ഹി സഖ്യം ഏകദേശം തീരുമാനമായതാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ക്കൂടി സഖ്യം വേണമെന്ന ആവശ്യമാണ് പ്രശ്‌നമുണ്ടാക്കിയതെന്നും കെജ്‌രിവാളിന് അക്കാര്യമെല്ലാം അറിയാമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇതേത്തുടര്‍ന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.

ആദ്യഘട്ടത്തില്‍ എ.എ.പിയുമായി സഖ്യത്തിനില്ലെന്ന് ഉറച്ച നിലപാടെടുത്ത ഡല്‍ഹി കോണ്‍ഗ്രസ് ഘടകം പിന്നീട് അയഞ്ഞിരുന്നു. ഡല്‍ഹിയില്‍ സഖ്യമാവാമെന്ന് കോണ്‍ഗ്രസ് അറിയിച്ചതോടെ എ.എ.പി ഹരിയാനയിലും സഖ്യത്തിലാവണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ ചര്‍ച്ച വീണ്ടും ഉലഞ്ഞു.

സഖ്യചര്‍ച്ചകള്‍ പ്രതിസന്ധിയിലായതോടെ ആകെയുള്ള ഏഴില്‍ നാലുമണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിരുന്നു. ആംആദ്മി പാര്‍ട്ടി നേരത്തെ തന്നെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 23 ആണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. നാളെ മുതല്‍ പത്രിക സ്വീകരിച്ചു തുടങ്ങും.

ഡല്‍ഹില്‍ സഖ്യം വേണമെങ്കില്‍ ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്നും ഹരിയാനയിലെ ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന ഗുഡ്ഗാവ്, ഫരീദാബാദ്, കര്‍ണാല്‍ സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്നും ആംആദ്മി ആവശ്യപ്പെട്ടതോടെയാണ് സഖ്യചര്‍ച്ച പ്രതിസന്ധിയിലായത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.