ആലുവ: നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെയും സഹോദരന്റെയും വീടുകളിലും നിര്‍മാണകമ്പനിയിലും റെയ്ഡ് അവസാനിച്ചു. റെയ്ഡ് ഏഴ് മണിക്കൂറോളം നീണ്ടു. ഇവിടെ നിന്ന് ദിലീപിന്റെ മൊബൈല്‍ ഫോണും ചില ഹാര്‍ഡ് ഡിസ്‌കുകളും കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഒരു തോക്ക് തേടിയാണ് റെയ്‌ഡെന്നായിരുന്നു വിവരം. ആ തോക്കോ മറ്റോ കണ്ടെടുക്കാനായിട്ടില്ല. അതേ സമയം ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും പ്രൊഡക്ഷന്‍ കമ്പനി ഓഫിസിലും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതെന്തൊക്കെയാണെന്ന് വ്യക്തമായിട്ടില്ല.
വീട്ടില്‍ ദിലീപുണ്ടായിരുന്നു. റെയ്ഡിനു ശേഷം പുറത്തേക്കു വന്നു കൈവീശിയ ദിലീപിന്റെ മുഖഭാവം ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. എന്നാല്‍ തോക്കിന്റെ കാര്യം അന്വേഷണസംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ദിലീപിന് തോക്ക് കൈവശം വെക്കാന്‍ ലൈസന്‍സില്ലെന്നാണ് പൊലിസ് പറയുന്നത്.
ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലില്‍ ദിലീപിന്റെ കയ്യില്‍ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ആ തോക്കെവിടെ എന്ന് കൂടിയാണ് അന്വേഷണസംഘം തിരയുന്നത്. ഇതോടൊപ്പം നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ ദൃശ്യങ്ങള്‍ക്ക് വേണ്ടി സൈബര്‍ വിദഗ്ധരും തെരച്ചില്‍ നടത്തുന്നുണ്ട്.
റെയ്ഡ് മൂന്നര മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു ദിലീപിന്റെ അഭിഭാഷകര്‍ ആലുവയിലെ ‘പത്മസരോവരം’ എന്ന വീട്ടിലെത്തിയത്. ആലുവ പറവൂര്‍ക്കവലയിലെ ദിലീപിന്റെ വീട്, സഹോദരന്‍ അനൂപിന്റെ വീട്, ദിലീപിന്റെയും അനൂപിന്റെയും സിനിമാനിര്‍മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ കൊച്ചി ചിറ്റൂര്‍ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് തുടര്‍ന്നത്.
അന്വേഷണ സംഘം എത്തുമ്പോള്‍ വീടിന്റെ ഗേറ്റ് അടച്ചിട്ട നിലയിലായിരുന്നെങ്കിലും ഗേറ്റ് ചാടിക്കടന്ന് പൊലിസ് ഉള്‍പ്പടെയുള്ള സംഘം അകത്തു കടന്നു. തുടര്‍ന്ന് ഗേറ്റ് തുറന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ എല്ലാവരും അകത്തു കടന്നു. പിന്നീട് സഹോദരി എത്തി വീട് തുറന്നുനല്‍കി. ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നായി തിരിഞ്ഞു പരിശോധന നടത്തിയത്.
Comments are closed for this post.