2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

പള്ളി പൊളിച്ചിടത്ത് കാലുവയ്ക്കുമോ കോൺഗ്രസ്‍!ബ്രിട്ടിഷ് ആധിപത്യത്തില്‍ നിന്ന് മോചിതമാവുന്നതിനു തൊട്ടുമുമ്പ്, നമ്മുടെ സ്വാതന്ത്ര്യസമരനായകര്‍ സ്വപ്‌നം കണ്ട ഒരു ഇന്ത്യയുണ്ടായിരുന്നു. ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ മതില്‍ക്കെട്ടുകളില്ലാത്ത ബഹുസ്വര മതേതര ജനാധിപത്യ റിപബ്ലിക് ആയിരുന്നു അത്. അവ്വിധം ഒരു ഇന്ത്യയെ ആയിരുന്നു നമ്മുടെ ഭരണഘടനയും വിഭാവനം ചെയ്തത്. സ്വാതന്ത്ര്യം നേടി 76 വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും എവിടെ എത്തിനില്‍ക്കുന്നു എന്ന ആലോചനകള്‍ ഭയാജനകമാണ്.

ഇന്ത്യയെ കറതീര്‍ന്ന മതരാഷ്ട്രമാക്കി മാറ്റാനാണ് കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സഖ്യസര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ പ്രത്യക്ഷ വിളംബരമാണ് ജനുവരി 22ന് അയോധ്യയില്‍ നടക്കുന്നത്. ബാബരി മസ്ജിദിനൊപ്പം തകര്‍ക്കപ്പെട്ട ഇന്ത്യന്‍ മതേതര മനസിനു മുകളിലാണ് അടുത്തമാസാവസാനം രാമക്ഷേത്ര വാതിലുകള്‍ തുറക്കപ്പെടുന്നത്. മറ്റൊരാളിന്റെ വിശ്വാസമിനാരങ്ങള്‍ കായബലത്തിന്റെയും അധികാരഹുങ്കിന്റെയും ബലത്തില്‍ തച്ചുടച്ച് തങ്ങളുടെ ഇഷ്ടദൈവങ്ങളെ പ്രതിഷ്ഠിക്കുമ്പോള്‍ അനീതി മാത്രമേ അവിടെ പുലരുകയുള്ളൂ.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള ഇത്തരം നീതികേടുകള്‍ക്കു നടുവിലൂടെയാണ് സംഘ്പരിവാര്‍ ശക്തികള്‍ ഇക്കാലമത്രയും അവരുടെ തേരുതെളിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനവും ആ അനീതിയുടെ തേര്‍വാഴ്ച തന്നെ.

   


രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെയെല്ലാം ഉദ്ഘാടന ചടങ്ങിലേക്ക് രാമജന്മഭൂമി തീര്‍ഥട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയഗാന്ധി, ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരും സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയവരുമുണ്ട് ക്ഷണിക്കപ്പെട്ടവരിൽ.

രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യെച്ചൂരിയും ഡി. രാജയും അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുകയുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍, ഉത്തരേന്ത്യയിലെ ഹിന്ദുവോട്ടുകള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ ക്ഷേത്രോദ്ഘാടനത്തില്‍ പങ്കെടുക്കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഈ മൃദുഹിന്ദുത്വ നിലപാടുതന്നെയാണ് 36 വര്‍ഷം ഇന്ത്യഭരിച്ച പാര്‍ട്ടിയെ ഇന്നത്തെ നിലയിലെത്തിച്ചതെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന് ഓർമയില്ലെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്.

ബാബരി മസ്ജിദ് പൊളിച്ചിടത്ത് ക്ഷേത്രം നിര്‍മിക്കുന്നതിന് 11 വെള്ളി ഇഷ്ടികയാണ് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥ് അയച്ചുകൊടുത്തത്. തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന സ്വാമിമാരെ വിളിച്ചുവരുത്തി പൂജ ചെയ്യിച്ചും കൂറ്റന്‍ ഹനുമാന്‍ ക്ഷേത്രം നിര്‍മിക്കുമെന്നു പറഞ്ഞുമാണ് മധ്യപ്രദേശില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുതേടിയത്. രാജ്യത്തിന് പുറത്തും രാമക്ഷേത്രങ്ങള്‍ ഉയരുമെന്ന പ്രഖ്യാപനവും അവര്‍ നടത്തി. എന്നിട്ടും ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തിനു മുന്നില്‍ കമല്‍നാഥിന്റെ മൃദുഹിന്ദുത്വയ്ക്ക് കാലിടറി.

ഒപ്പം മറ്റ് നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്തും കോണ്‍ഗ്രസ് പച്ചതൊടാതെ പോയത് മൃദുഹിന്ദുത്വയെ പുല്‍കാനുള്ള കൊതികൊണ്ടുതന്നെ. കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടിയ മൂന്ന് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടത്. ഹിന്ദി ഹൃദയഭൂമിയില്‍, ഹിമാചല്‍പ്രദേശില്‍മാത്രം കോണ്‍ഗ്രസ് ഒതുങ്ങിയതിനു കാരണവും ഹിന്ദുത്വ കാര്‍ഡ് രക്ഷിക്കുമെന്ന മൂഢവിശ്വാസം മാത്രം. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി എവ്വിധം ദുരുപയോഗപ്പെടുത്തണമെന്നതില്‍ അഗ്രഗണ്യരായ സംഘ്പരിവാര്‍ സംഘടനകളെ അതേ നാണയത്തില്‍ എതിരിടണമെന്ന മണ്ടത്തരം ആരാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ഓതിക്കൊടുക്കുന്നത് ?


ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലെങ്കിലും ഒരു പുനര്‍ചിന്തനം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ 2024ലും ബി.ജെ.പി തന്നെ രാജ്യം ഭരിക്കും. രാജ്യത്തെ സ്വാതന്ത്ര്യസമരപോരാട്ടങ്ങളെ മുന്നില്‍നിന്നു നയിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ചരിത്രപുസ്തകങ്ങളില്‍ ചവറുമാത്രമായി ഒതുങ്ങും.
ബി.ജെ.പി പച്ചയ്ക്കുപറയുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേ മതേതര ജനാധിപത്യകക്ഷികളെ ഒരുമിപ്പിച്ചു നിര്‍ത്താനുള്ള നിലപാടിലേക്ക് ഇനിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം തിരിച്ചുപോകണം.

കടുംപിടിത്തങ്ങള്‍ക്കു പകരം ‘ഇൻഡ്യ’ സഖ്യത്തിലെ ഇതര പാര്‍ട്ടികളെ ചേര്‍ത്തുനിര്‍ത്തുന്നതിനൊപ്പം വിട്ടുവീഴ്ചകള്‍ക്കും കോണ്‍ഗ്രസ് സന്നദ്ധമാവണം. ഗുജറാത്തില്‍ സ്വീകരിച്ച് പരാജയപ്പെട്ട മൃദുഹിന്ദുത്വ സിദ്ധാന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള രാഷ്ട്രീയ വിവേകവും കോണ്‍ഗ്രസ് നേതൃത്വം കാണിക്കണം. അതോടൊപ്പം രാജ്യത്തെ മതവല്‍ക്കരിക്കാനുള്ള ബി.ജെ.പിയുടെ കെണികളില്‍ വീഴാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത കൈവിടുകയും അരുത്.

അതല്ലെങ്കില്‍ ആ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച ലക്ഷക്കണക്കിന് ദലിതരും മതന്യൂനപക്ഷങ്ങളും അവര്‍ക്ക് അഭയമേകുന്ന, അവരുടെ ജീവനും വിശ്വാസങ്ങളും സംരക്ഷിക്കുമെന്നുറപ്പുള്ള രാഷ്ട്രീയ ബദലുകളിലേക്കു ചേക്കേറും. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ലിറ്റ്മസ് ടെസ്റ്റ് ആണ് ജനുവരി 22ന് അയോധ്യയില്‍ നടക്കുന്നതെന്ന തിരിച്ചറിവ് സി.പി.എം നേതാവ് സിതാറാം യെച്ചൂരിയെപ്പോലുള്ളവര്‍ക്കുണ്ട്. അതുകൊണ്ടാണ് രാമജന്മഭൂമി തീര്‍ഥട്രസ്റ്റിന്റെ ക്ഷണം ലഭിച്ചയുടന്‍, ക്ഷേ


ത്രോദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് തലയുയര്‍ത്തി പറയാന്‍ യെച്ചൂരിക്കു ത്രാണി ഉണ്ടായത്. ആ ആര്‍ജവവും സ്ഥൈര്യവുമാണ് സോണിയഗാന്ധി ഉള്‍പ്പെടെയുള്ളവരില്‍നിന്ന് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്. അതല്ലാതെ, ഒരു വിഭാഗത്തിൻ്റെ ആരാധനാലയത്തിൻ്റെ തറയടക്കം മാന്തിയെറിഞ്ഞ്, അവിടെ മുഷ്ക്ക് മുടക്കി സ്ഥാപിച്ച ആരാധനാലയത്തിൻ്റെ ‘കുറ്റൂശ’ക്ക് തങ്ങള്‍ പങ്കെടുക്കുമെന്നോ ഇല്ലെന്നോ, പറയാതെ പറയുന്ന ആശയക്കുഴപ്പത്തിലേക്ക് ഒട്ടകപ്പക്ഷിയെപ്പോലെ തലപൂഴ്ത്തുകയല്ല കോൺഗ്രസ് ചെയ്യേണ്ടത്.

Content Highlights:Will Congress set foot where the masjid was demolished


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.