
മസിനഗുഡി: പ്രകൃതി സ്നേഹികള്‍ക്ക് പേരുകേട്ട മസിനഗുഡിക്ക് സമീപം മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത കൊമ്പന്റെ ജീവനെടുത്തു. മാവനള്ളയിലാണ് വീടിന് സമീപമെത്തിയ ആനക്ക് നേരെ സാരിയില്‍ മണ്ണെണ്ണയൊഴിച്ച് തീകൊടുത്ത് വീട്ടുകാര്‍ എറിഞ്ഞത്. ജനുവരി മൂന്നിന് നടന്ന സംഭവത്തില്‍ പരുക്കേറ്റ ആനയെ ചികിത്സ നല്കി രക്ഷിക്കാനുള്ള വനംവകുപ്പ് അധികൃതരുടെയും നാട്ടുകാരുടെയും ശ്രമത്തിനിടെ കഴിഞ്ഞ ദിവസം ആന ചെരിയുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും വനംവുകപ്പ് അധികൃതര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് വനംവകുപ്പ് അധികൃതര്‍ പറയുന്നതിങ്ങനെ: ‘രണ്ട് വാരിയെല്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് ആനക്ക് മസിനഗുഡിയില്‍ വനംവകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ 58 ദിവസം ചികിത്സ നല്‍കിയിരുന്നു. ഈ ചികിത്സ ഇക്കഴിഞ്ഞ ഡിസംബര്‍ 28നാണ് പൂര്‍ണമായത്. ഇതിനിടെ തന്നെ ആന വനംവകുപ്പിനോടും ജനങ്ങളോടും ഇണങ്ങുകയും ചെയ്തു. ചികിത്സാ കാലയളവില്‍ നാട്ടുകാരായിരുന്നു ആനക്കുള്ള ഭക്ഷണങ്ങളും മറ്റും നല്‍കിയിരുന്നത്. ഇതോടെ ആന നാട്ടുകാരുമായി കൂടുതല്‍ അടുത്തിരുന്നു. ഇതിനിടെയാണ് ഇക്കഴിഞ്ഞ മൂന്നിന് ആന മസിനഗുഡിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ജനവാസ കേന്ദ്രത്തില്‍ എത്തിയത്. ഇവിടെ വീടുകള്‍ക്ക് സമീപം നിലയുറപ്പിച്ച ആനയെ തുരത്താന്‍ നാട്ടുകാര്‍ ശ്രമിക്കുന്നതിനിടെയാണ് സാരിയില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആനക്ക് നേരെ എറിഞ്ഞത്. പന്തം ആനയുടെ ചെവിയില്‍ കുടുങ്ങിയതോടെ ആന പ്രാണനുംകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഈ സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞ ആന വീണ്ടും മസിനഗുഡിക്ക് സമീപമെത്തി. അവശനായി കാണപ്പെട്ട ആനയെ വനംവകുപ്പും നാട്ടുകാരും നിരീക്ഷിച്ച് വരുന്നതിനിടെയാണ് ചെവിയില്‍ വ്രണം കണ്ടെത്തുന്നത്. ചെവി പഴുത്ത് അഴുകിയ നിലയിലാണെന്ന് മനസിലായതോടെ ഇക്കഴിഞ്ഞ 19ന് ആനയെ മയക്കുവെടിവച്ച് പിടികൂടി മുതുമലയിലെത്തിച്ച് ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തി. എന്നാല്‍ മയക്കുവെടിവച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ആന ചരിഞ്ഞു. 45 വയസുള്ള ആന ചരിഞ്ഞതോടെ ഇതിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികളിലേക്ക് അധികൃതര്‍ കടന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ആനയുടെ മരണം തീപ്പൊള്ളലേറ്റതിനെ തുടര്‍ന്നുണ്ടായ പരുക്കിനെ തുടര്‍ന്നാണെന്ന് മനസിലായത്.
ഇതോടെ അധികൃതര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് തീപ്പന്തം എറിയുന്നതും ആനയുടെ ദേഹത്ത് വീഴുന്നതും ആന ഓടി രക്ഷപ്പെടുന്നതും വ്യക്താക്കുന്ന വീഡിയോ വനംവകുപ്പിന് ലഭിക്കുന്നത്. തുടര്‍ന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട മാവനള്ള സ്വദേശി പ്രസാദ്(36), റെയ്മണ്ട് ഡീന്‍(28) എന്നിവരെ വനംവകുപ്പ് അറസ്റ്റ്് ചെയ്തു. ഇന്നലെ രാത്രി ഗൂഡല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ റിക്കി റയാന് എന്നയാള്‍ കൂടി പിടിയിലാകാനുണ്ട്”.
മസിനഗുഡി റെയ്ഞ്ചര്‍ കാന്തന്, ഡെപ്യൂട്ടിഡയറക്ടര്‍ ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും മസിനഗുഡിയിലെ പരിസ്ഥിതി പ്രവര്‍ത്തകരും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ കണ്ണില്ലാത്ത ക്രൂരത പുറംലോകമറിഞ്ഞത്.