2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജൂലിയന്‍ അസാഞ്ചെ ജയിലില്‍ ഏതു സമയത്തും മരിച്ചേക്കാമെന്ന് ആശങ്ക അറിയിച്ച് ബ്രിട്ടീഷ് സര്‍ക്കാരിന് മുതിര്‍ന്ന 60 ഡോക്ടര്‍മാരുടെ കത്ത്

 

ലണ്ടന്‍: ലോകരാജ്യങ്ങളുടെതടക്കമുള്ള രഹസ്യങ്ങള്‍ പുറത്തുവിട്ട് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ വിക്കിലീക്‌സ് വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ ജയിലില്‍ വച്ച് ഏതു സമയത്തും മരിച്ചേക്കാമെന്ന് ആശങ്ക അറിയിച്ച് ബ്രിട്ടീഷ് സര്‍ക്കാരിന് മുതിര്‍ന്ന 60 ഡോക്ടര്‍മാരുടെ കത്ത്. ഒക്ടോബര്‍ 21നും ഈ മാസം ഒന്നിനും അസാഞ്ചെ കോടതിയില്‍ ഹാജരായ സമയത്ത് അദ്ദേഹത്തെ കണ്ട ദൃക്‌സാക്ഷികളുടെയും പരിശോധിച്ച ഡോക്ടര്‍മാരുടെയും മൊഴിയനുസരിച്ച് അസാഞ്ചെയുടെ ആരോഗ്യനില വളരെ മോശമാണെന്നും ഏതുമസയത്തും മരിച്ചേക്കാമെന്നും ഡോക്ടര്‍മാര്‍ കത്തില്‍ സൂചിപ്പിച്ചു. ഈ സാഹചര്യത്തില്‍ അസാഞ്ചെയെ എത്രയും വേഗം ആശുപത്രിയിലേക്കു മാറ്റണമെന്നും കത്ത് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനാണ് ഇവര്‍ കത്തയച്ചത്.

48 കാരനായ അസാഞ്ചെ നിലവില്‍ അതീവസുരക്ഷയുള്ള ബ്രിട്ടീഷ് ജയിലിലാണ് കഴിയുന്നത്. അസാഞ്ചെക്കെതിരെ 175 വര്‍ഷം വരെ തവുശിക്ഷ ലഭിക്കാവുന്ന രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തപ്പെട്ടിട്ടുണ്ട്.

ബ്രിട്ടനിലെ ജയിലില്‍ കഴിയുന്ന മകന്‍ അവിടെവച്ച് മരിച്ചേക്കുമെന്ന് നേരത്തെ അസാഞ്ചിന്റെ പിതാവ് ജോണ്‍ ഷിപ്റ്റണ്‍ ആരോപിച്ചിരുന്നു. പിതാവിന്റെ വേദന മുന്‍നിര്‍ത്തിയല്ല താനിത് പറയുന്നതെന്നും തികച്ചും സത്യസന്ധമായ കാര്യമാണിതെന്നും അദ്ദേഹം പറയുയുണ്ടായി.

2010ല്‍ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് ആസ്‌ത്രേലിയന്‍ കംപ്യൂട്ടര്‍ പ്രൊഗ്രാമറായ അസാഞ്ചെ അമേരിക്കയുടെ കണ്ണിലെ കരടായി മാറിയത്. അഫ്ഗാനിലെയും ഇറാഖിലെയും അമേരിക്കന്‍ അധിനിവേശം സംബന്ധിച്ച നിരവധി രഹസ്യങ്ങളും ഇതിലുള്‍പ്പെടും.
അമേരിക്ക അന്വേഷണം ആരംഭിച്ചതോടെ വിവിധ രാജ്യങ്ങളില്‍ കഴിഞ്ഞ അസാഞ്ചെ ഒടുവില്‍ ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ അഭയം തേടി. ഇവിടെ നിന്ന് ബ്രീട്ടിഷ് പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലും പ്രതിയാണ് അസാഞ്ചെ. എന്നാല്‍ പീഡനക്കേസിലെ അന്വേഷണം അവസാനിപ്പിച്ചതായി കഴിഞ്ഞയാഴ്ച സ്വീഡന്‍ അറിയിച്ചിരുന്നു.

WikiLeaks founder Julian Assange could die in top-security British jail 60 doctors’ open letter to UK home secretary

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.