2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഉത്ര വധക്കേസ്: എന്തുകൊണ്ട് സൂരജിന് വധശിക്ഷയില്ല- 10 Points

തിരുവനന്തപുരം: മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന് പല ശിക്ഷകള്‍ ലഭിച്ചു. എന്നാല്‍ വധശിക്ഷയില്‍ നിന്ന് മാത്രം സൂരജ് ഒഴിവായി. വിഷം നല്‍കി ഉപദ്രവിച്ചതിന് പത്തുവര്‍ഷം തടവ്, തെളിവുനശിപ്പിച്ചതിന് ഏഴു വര്‍ഷം തടവ്, ഇതുരണ്ടു ശിക്ഷയ്ക്കും ശേഷം ഇരട്ടജീവപര്യന്തം എന്നിങ്ങനെയാണ് സൂരജിനെതിരായ തടവുശിക്ഷ. കൂടെ, അഞ്ചുലക്ഷം രൂപ പിഴയുമുണ്ട്.

 

1. കേസില്‍ സൂരജിനെതിരെ ചുമത്തിയത് നാലു വകുപ്പുകളാണ്. ഐ.പി.സി 302 (കൊലപാതകം), 307 (വധശ്രമം) എന്നീ വകുപ്പുകളിലാണ് ജീവപര്യന്തം ശിക്ഷിച്ചിരിക്കുന്നത്. 326 (ദേഹോപദ്രവം ഏല്‍പ്പിക്കല്‍), 201 (തെളിവുനശിപ്പിക്കല്‍) എന്നിവയാണ് മറ്റു വകുപ്പുകള്‍. ഇതില്‍ ക്രമപ്രകാരം പത്തുവര്‍ഷവും ഏഴു വര്‍ഷവും അഞ്ചു ലക്ഷം രൂപയും കോടതി വിധിച്ചു.


2. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി നിരീക്ഷിച്ചു.


3. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് കേസെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചെങ്കിലും പ്രതിക്ക് വധശിക്ഷ നല്‍കാന്‍ കോടതി തയ്യാറായില്ല. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും ചെറുപ്രായവും പരിഗണിച്ചാണ് ജീവപര്യന്തത്തില്‍ ഒതുക്കിയത്.


4. മാനസാന്തരത്തിനുള്ള അവസരം ലഭിക്കണമെന്നും പ്രായം പരിഗണിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.


5. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് കണ്ടെത്തിയിട്ടും വധശിക്ഷ വിധിക്കാത്തത്, കോടതിയുടെ വിവേചനാധികാരമാണ്. പൊതുജന വികാരം ഒരിക്കലും ശിക്ഷവിധിക്കുമ്പോള്‍ കോടതി പരിഗണിക്കാറില്ല.


6. അതേസമയം, ശിക്ഷാ വിധിയില്‍ തൃപ്തരല്ലെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു. ശിക്ഷാനിയമത്തിലെ പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്. കൂടുതല്‍ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ഉത്രയും അമ്മ പ്രതികരിച്ചു.


7. വധശിക്ഷ നല്‍കാത്തതിനെതിരെ സര്‍ക്കാരിനോ അന്വേഷണ സംഘത്തിനോ കുടുംബത്തിനോ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാം. ശിക്ഷാവിധി തൃപ്തികരമാണെന്നാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഐ.ജി ഹരിശങ്കര്‍ പ്രതികരിച്ചത്. വിധി പൂര്‍ണമായി വന്നശേഷം അപ്പീല്‍ പോകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.


8. 2020 മേയ് ഏഴിനാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ പാമ്പുകടിച്ച് മരിച്ചനിലയില്‍ കണ്ടത്. തലേന്ന്, ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിക്കൊടുത്ത ശേഷം രാത്രി 11ഓടെ, മൂര്‍ഖന്‍പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മേയ് 25നാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടിത്തക്കാരനുമായ കല്ലുവാതുക്കല്‍ ചാവരുകാവ് സുരേഷിന്റെ പക്കല്‍ നിന്നാണ് സൂരജ് പാമ്പിനെ വാങ്ങിയത്.


9. കൊല്ലം റൂറല്‍ എസ്.പിയായിരുന്ന എസ്. ഹരിശങ്കറിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന എ. അശോകനാണ് കേസ് അന്വേഷിച്ചത്. അഡ്വ. ജി. മോഹന്‍രാജാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.


10. വിധി പ്രസ്താവം കേള്‍ക്കാന്‍ ഉത്രയുടെ സഹോദരന്‍ വിഷു, അന്വേഷണ ഉദ്യോഗസ്ഥന്‍ എ അശോക് എന്നിവര്‍ കോടതിയില്‍ എത്തിയിരുന്നു. ഉത്രയുടെ അച്ഛന്‍ വിജയസേനനും കോടതിയില്‍ എത്തിയിരുന്നു. കനത്ത സുരക്ഷാവലയത്തിലാണ് ആള്‍ക്കൂട്ടത്തിനിടയിലൂടെ സൂരജിനെ പൊലീസ് സംഘം കോടതിമുറിക്കുള്ളിലെത്തിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.