2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വ്യാജനെ പണം കൊടുത്ത് എന്തിന് തലയിലേറ്റണം; മുദ്ര ശ്രദ്ധിക്കണം മുദ്ര

വ്യാജനെ പണം കൊടുത്ത് എന്തിന് തലയിലേറ്റണം; മുദ്ര ശ്രദ്ധിക്കണം മുദ്ര

പിഴ പേടിച്ചിട്ടാണെങ്കില്‍ പോലും ഇരുചക്ര വാഹനത്തിലെ യാത്രയ്ക്ക് നിര്‍ബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് ഹെല്‍മെറ്റ്. 1988ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിലെ സെക്ഷന്‍ 129 അനുസരിച്ച് നാല് വയസ്സിന് മുകളിലുള്ള എല്ലാ ഇരുചക്രവാഹന യാത്രക്കാരും ഹെല്‍മെറ്റ് ധരിച്ചിരിക്കണം. പൊലിസിന്റെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിമാത്രം ഏതെങ്കിലുമൊരു ഹെല്‍മെറ്റ് തട്ടിക്കൂട്ടിയാണ് പലരുടെയും സ്‌കൂട്ടര്‍, ബൈക്ക് യാത്രകള്‍. ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സര്‍ട്ടിഫിക്കേഷന്‍ അതില്‍ പ്രധാപ്പെട്ട ഒന്നാണ്.

സര്‍ട്ടിഫിക്കേഷന്‍

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകരിച്ചിട്ടുള്ള ഹെല്‍മെറ്റുകള്‍ക്ക് ISI മുദ്രയുണ്ടാകും. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഗുണനിലവാരമുള്ള ഏത് ഹെല്‍മെറ്റിന്റെയും പുറകിലോ വശങ്ങളിലോ ഈ അടയാളം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതില്ലാത്തവ ഗുണനിലവാരമില്ലാത്തവയായിരിക്കും. വ്യാജമായി ISI സ്റ്റിക്കറുകള്‍ പതിപ്പിച്ച വില കുറഞ്ഞ വ്യാജ ഹെല്‍മെറ്റുകളും വിപണിയില്‍ സുലഭമാണ്. വാങ്ങുന്ന ഹെല്‍മെറ്റില്‍ ശരിയായ SI മാര്‍ക്ക് ആണോ എന്ന് ഉറപ്പുവരുത്തണം. ISI സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത ഹെല്‍മെറ്റുകള്‍ ബിഐഎസ് പരീക്ഷിച്ചിട്ടില്ലെന്നും അതിന്റെ സുരക്ഷാ വശം കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ലെന്നുമാണ് മനസ്സിലാക്കേണ്ടത്.
ഐഎസ്‌ഐ പോലെതന്നെ 50ലധികം രാജ്യങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുള്ള ഹെല്‍മെറ്റ് സുരക്ഷാ മാനദണ്ഡമാണ് ഇസിഇ.

വില

ഏതൊരു സാധനം വാങ്ങുമ്പോഴും വില ഒരു പ്രധാന ഘടകമാണ്. ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നടക്കം ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മെറ്റ് 700രൂപ മുതല്‍ വാങ്ങാം. ഐഎസ്‌ഐയും ഇസിഇയും സര്‍ട്ടിഫൈഡ് ആയിട്ടുള്ള ഹെല്‍മെറ്റുകള്‍ക്ക് 3500രൂപ മുതലാണ് വില തുടങ്ങുന്നത്. വിലക്കുറവിന് പിന്നാലെപോയി ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റ് വാങ്ങാതെ ബ്രാന്‍ഡഡ് ഹെല്‍മെറ്റുകള്‍ വാങ്ങുന്നതാണ് സുരക്ഷ ഉറപ്പാക്കാന്‍ നല്ലത്.

ഡിസൈനും ഫിറ്റും

പല ഡിസൈനുകളില്‍ ഇന്ന് വിപണിയില്‍ ഹെല്‍മെറ്റുകള്‍ ലഭിക്കും. പാതി മുഖം മറയ്ക്കുന്ന ഹാഫ് ഫേയ്‌സ് ഹെല്‍മെറ്റ്, മെഡുലാര്‍ ഹെല്‍മെറ്റ്, ഓഫ് റോഡ് ഹെല്‍മെറ്റ്, താടിക്കടക്കം സുരക്ഷ നല്‍കുന്ന ഫുള്‍ ഫേസ് ഹെല്‍മെറ്റ് അങ്ങനെ നീളുന്നു. ഡിസൈനും നിറവുമൊക്കെ ശ്രദ്ധിക്കുമ്പോഴും വാങ്ങുന്ന ഹെല്‍മെറ്റ് തലയ്ക്ക് പാകമാണോ എന്ന കാര്യം ഉറപ്പുവരുത്താന്‍ പലരും വിട്ടുപോകാറുണ്ട്. രൂപവും ഭംഗിയും വിലയുമൊക്കെ നോക്കി ഹെല്‍മെറ്റ് വാങ്ങുന്നതിനൊപ്പം അവ ശരിയായ അളവിലുള്ള ഹെല്‍മറ്റ് ആണോ എന്നുകൂടി ശ്രദ്ധിക്കണം.

വിലയേക്കാളും ഗുണത്തിന് വേണം പ്രാധാന്യം നല്‍കാന്‍. മികച്ച നിലവാരമുള്ള ഗ്യാരണ്ടിയുമുള്ള ഹെല്‍മെറ്റുകള്‍ നിങ്ങളെ യാത്രകളില്‍ സുരക്ഷിതരാക്കുന്നു. കട്ടിയുള്ള ക്ലിപ്പും അതിനോടൊപ്പം തന്നെ പെട്ടെന്നൊന്നും തെറിച്ചോ വഴുതിയോ വീഴാത്തതുമായ ഹെല്‍മെറ്റുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.