2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എന്തുകൊണ്ട് മുസ്‌ലിം ലീഗ്സി.പി.എമ്മിനോട് അടുക്കുന്നു?

   

എൻ.പി.ചെക്കുട്ടി

കേരളരാഷ്ട്രീയത്തിൽഇന്നേറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയം അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് മുസ് ലിം ലീഗിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ കൊണ്ടുവരുന്നതിൽ സി.പി.എം വിജയിക്കുമോ എന്നതാണ്. സമീപകാലത്തെ പല സംഭവങ്ങളും ചൂണ്ടിക്കാണിക്കുന്നത് ലീഗിനെ ഐക്യജനാധിപത്യ മുന്നണിയിൽനിന്ന് അടർത്തിയെടുക്കാൻ കേരളത്തിലെ മുഖ്യ ഭരണകക്ഷിക്കു താൽപര്യമുണ്ട് എന്നുതന്നെയാണ്. പൗരത്വനിയമ പ്രക്ഷോഭത്തിൽ മുസ്‌ലിം ലീഗുമായും മുസ്‌ലിം സമുദായ നേതൃത്വവുമായും യോജിച്ചുള്ള നീക്കങ്ങളാണ് സി.പി.എം നടത്തിയത്. ഫലസ്തീൻ പ്രശ്നത്തിലും യോജിച്ചുള്ള നീക്കങ്ങൾക്ക് അവർ ശ്രമം നടത്തി.

ലീഗ് അതിനോട് പ്രത്യക്ഷമായി സഹകരിച്ചില്ലെങ്കിലും സി.പി.എമ്മുമായി ഇക്കാര്യത്തിൽ തങ്ങൾക്കു വിയോജിപ്പില്ല എന്ന് പരസ്യമായിത്തന്നെ വെളിപ്പെടുത്തുകയും ചെയ്തു. ഏറ്റവും അവസാനമായി കേരളാബാങ്ക് ഡയരക്ടർ ബോർഡിൽ മുസ്‌ലിം ലീഗ് പ്രതിനിധിയെ കൊണ്ടുവരുന്നതിൽ സി.പി.എം വിജയിച്ചിരിക്കുന്നു. ലീഗ് നേതൃത്വത്തിന്റെ അറിവും സമ്മതവും അതിനുണ്ട് എന്ന കാര്യത്തിലും സംശയമില്ല.


എന്തുകൊണ്ട് ഈ മാറ്റങ്ങൾ എന്നു ഗൗരവബുദ്ധ്യാ പരിശോധിക്കേണ്ട സമയമാണിത്. കോൺഗ്രസ് നേതാക്കൾ പൊതുവിൽ ഇക്കാര്യങ്ങളിൽ എടുക്കുന്ന നിലപാടിനെ രണ്ടുതരത്തിൽ വിശദീകരിക്കാൻ കഴിയും. മുന്നണിമര്യാദയെക്കുറിച്ച് ലീഗിനെ ഓർമിപ്പിക്കുകയും അതിൽനിന്ന് തെറ്റിനടന്നാൽ പ്രത്യാഘാതം ഗുരുതരമാവുമെന്ന് സൂചിപ്പിക്കുകയുമാണ് അവർ കൈക്കൊള്ളുന്ന സമീപനം. രണ്ടാമത്, സി.പി.എമ്മിന്റെ പാളയത്തിൽ മുൻകാലങ്ങളിൽ ലീഗ് നേരിട്ട അപമാനവും പ്രതിസന്ധികളും അവർ ഓർമിപ്പിക്കുന്നു. അത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ലീഗ് ആത്മഹത്യാപരമായ രാഷ്ട്രീയപരീക്ഷണത്തിന് മുതിരുകയില്ല എന്നവർ വിശ്വസിക്കുന്നു.


കോൺഗ്രസിന്റെ ഈ രണ്ടു വാദങ്ങളിലും സത്യമുണ്ട്. 1967ൽ സപ്തകക്ഷി മുന്നണിയിൽ ചേർന്ന കാലത്തും പിന്നീട് 1990ൽ യു.ഡി.എഫ് വിട്ട് എൽ.ഡി.എഫ് പക്ഷത്തേക്ക് പോകാൻ ലീഗ് ശ്രമിച്ച അവസരത്തിലും നിരാശയും അവഗണനയും തന്നെയാണ് അവർ നേരിടേണ്ടിവന്നത്. ഇ.എം.എസ് മന്ത്രിസഭയിൽനിന്ന് രാജിവച്ച് സി.എച്ച് മുഹമ്മദ് കോയ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ അക്കാര്യങ്ങൾ അക്കമിട്ടു വിവരിക്കുന്നുണ്ട്. മുന്നണിയിലെ പ്രധാന കക്ഷിയായിട്ടും തങ്ങളോടു മുഖ്യമന്ത്രിയോ പാർട്ടിയോ മര്യാദ കാണിച്ചില്ല എന്നാണ് സി.എച്ച് പരാതിപ്പെട്ടത്. അതിനുള്ള കാരണം സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതൃത്വത്തിന്റെ- വിശേഷിച്ചു ജനറൽ സെക്രട്ടറി പി. സുന്ദരയ്യയുടെ- കടുംപിടിത്തമാണെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.


അതായത് കേരളത്തിലെ സി.പി.എം നേതൃത്വമല്ല, അഖിലേന്ത്യാ നേതൃത്വമാണ് തങ്ങളെ അകറ്റിനിർത്താൻ കാരണമായത് എന്നാണ് ലീഗ് അന്നു വിലയിരുത്തിയത്. 1990ൽ വീണ്ടും സി.പി.എമ്മുമായി യോജിക്കാൻ ശ്രമം നടത്തിയ വേളയിലും സി.പി.എമ്മിൻ്റെ അഖിലേന്ത്യാ നേതൃത്വമാണ് വിഘാതങ്ങൾ സൃഷ്ടിച്ചത്. ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ ഐ.എൻ.എൽ മുന്നണിയിൽ ചേരാൻ ശ്രമിച്ച അവസരത്തിലും കേരളത്തിൽ അതിന് അനുകൂലമായി നിരവധി നേതാക്കൾ ഉണ്ടായിട്ടും കേന്ദ്രനേതൃത്വം സമ്മതം മൂളിയില്ല.


എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറിയിരിക്കുന്നു. 1985-86 കാലം മുതൽ സി.പി.എം സ്വീകരിച്ചുവന്ന ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരേപോലെ എതിർക്കുന്ന നയം അവർ ഉപേക്ഷിച്ചുകഴിഞ്ഞു. രാജ്യത്തുണ്ടായ മാറ്റങ്ങളും ഹിന്ദുത്വരാഷ്ട്രീയം വലിയ വെല്ലുവിളിയായി പാർട്ടി അംഗീകരിച്ചതുമാണ് അതിനൊരു കാരണം. മറ്റൊന്ന് ന്യൂനപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളെ വർഗീയതയുമായി കൂട്ടിക്കെട്ടുന്നതിലെ അശാസ്ത്രീയത ഇന്ന് പൊതുവിൽ അംഗീകരിക്കപ്പെടുന്നുണ്ട് എന്ന സത്യമാണ്. ന്യൂനപക്ഷ, ദലിത്, ആദിവാസി പ്രസ്ഥാനങ്ങളെ അത്തരം വിഭാഗങ്ങളുടെ ശാക്തീകരണ സംരംഭങ്ങളായി കാണാനും അവയെ പുത്തൻ സാമൂഹിക മുന്നേറ്റത്തിന്റെ അവിഭാജ്യഭാഗമായി വിലയിരുത്താനും ഇന്ന് രാഷ്ട്രീയ ചിന്തകർ തയാറാവുന്നുണ്ട്.

മുസ്‌ലിം ലീഗിനെ ഒരു വർഗീയകക്ഷിയെന്നു വിലയിരുത്തുന്നത് വസ്തുതാവിരുദ്ധമാണെന്നും അതിനെ വിശാലാർഥത്തിൽ മതേതര മൂല്യങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന ന്യൂനപക്ഷ സാമുദായിക പാർട്ടിയായി കാണണമെന്നും മദ്രാസ് ഐ.ഐ.ടിയിലെ പണ്ഡിതർ ഈയിടെ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി. ആഗോളതലത്തിലും ന്യൂനപക്ഷ പ്രസ്ഥാനങ്ങളെ ഇങ്ങനെ അനുഭാവപൂർവം പരിഗണിക്കുന്ന പുതിയ പഠനങ്ങൾ പലതും വന്നിട്ടുണ്ട്.
അതിനാൽ ലീഗ് മതേതര പ്രസ്ഥാനങ്ങൾക്ക് അസ്‌പൃശ്യമല്ല എന്ന കാര്യം വ്യക്തമാണ്. സി.പി.എമ്മിനും അത്തരമൊരു നിലപാട് ഇനി സ്വീകരിക്കാനാവുകയില്ല. ഹിന്ദുത്വഭീഷണിയുടെ പശ്ചാത്തലത്തിൽ മുസ്‌ലിംകൾ അടക്കമുള്ള സാമൂഹികവിഭാഗങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുക മാത്രമേ ഇനി പോംവഴിയുള്ളൂ.

സി.പി.എം നേതൃനിരയിൽ വന്നിരിക്കുന്ന മാറ്റങ്ങളും അതിന് അനുകൂലമാണ്. എമ്പതുകളിൽ ശരീഅത്ത് വിവാദകാലത്ത് തങ്ങൾ സ്വീകരിച്ചുവന്ന കടുംപിടിത്ത നിലപാട് അധികം വൈകാതെ ഇ.എം.എസ്, നായനാർ തുടങ്ങിയ നേതാക്കൾ ഉപേക്ഷിച്ചിരുന്നു. പക്ഷേ കേരളത്തിൽ വി.എസ് അച്യുതാനന്ദൻ നയിച്ച ഒരു വിഭാഗവും അഖിലേന്ത്യാ നേതൃത്വത്തിലെ പ്രബലവിഭാഗവും അതിനോടു യോജിച്ചില്ല. അത്തരം നിലപാടുകളെ പാർലമെന്ററി അവസരവാദം എന്നാണ് പാർട്ടി വിലയിരുത്തിയതെന്ന് 1996ലെ ചണ്ഡീഗഡ് കോൺഗ്രസിനെ സംബന്ധിച്ച് സി.പി.എം താത്വിക പ്രസിദ്ധീകരണമായ മാർക്സിസ്റ്റിൽ എഴുതിയ ലേഖനത്തിൽ അന്നത്തെ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് പറയുകയുണ്ടായി.


എന്നാൽ രാഷ്ട്രീയ കാലാവസ്ഥയും സി.പി.എമ്മിലെ ആഭ്യന്തര ശക്തിബന്ധങ്ങളും മാറിമറിഞ്ഞിട്ടു കാലമേറെയായി. അന്ന് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട നയത്തിന്റെ പ്രധാന വക്താവ് കേരളത്തിൽ അച്യുതാനന്ദൻ ആയിരുന്നു. എന്നാൽ ഇന്നദ്ദേഹം പാർട്ടിയിൽ കാര്യമായ സ്വാധീനമൊന്നും നിലനിർത്തുന്നില്ല. അദ്ദേഹത്തിന്റെ പഴയ കാഴ്ചപ്പാടുകൾ മുറുകെപ്പിടിക്കുന്ന നേതാക്കളും ഇന്ന് പരിമിതമാണ്. ഇന്ത്യയിലെ ഏറ്റവും ശക്തമായ പാർട്ടിഘടകം എന്ന നിലയിൽ കേരളത്തിലെ സി.പി.എം യൂനിറ്റും അതിന്റെ നേതാക്കളും ഇന്ന് പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാനിടയില്ലാത്ത വിധം ശക്തരാണ്. അവരുടെ താൽപര്യങ്ങൾ പാർട്ടി കോൺഗ്രസിലും അംഗീകരിക്കപ്പെടും.


അതിനാൽ മുസ്‌ലിം ലീഗിനെ യു.ഡി.എഫ് മുന്നണിയിൽ പിടിച്ചുനിർത്തണമെങ്കിൽ നേതൃത്വം കൂടുതൽ പക്വമായ നിലപാടുകൾ എടുക്കേണ്ടിവരും. മുന്നണിമര്യാദയോ ലീഗിനു മുൻകാലങ്ങളിൽ ഇടതുപക്ഷത്തു നേരിടേണ്ടിവന്ന പ്രയാസങ്ങളോ അവരെ യു.ഡി.എഫ് മുന്നണിയിൽ പിടിച്ചുനിർത്തുന്ന ഘടകങ്ങൾ ആവാനിടയില്ല. കാരണം ലീഗിനെ സംബന്ധിച്ച് പ്രധാനം അതിന്റെ രാഷ്ട്രീയ നിലനിൽപ്പാണ്. സമുദായത്തിൽ വഹിക്കുന്ന പ്രധാന സ്ഥാനം നിലനിർത്തണമെങ്കിൽ ഇന്ന് സമുദായത്തെ ഉത്കണ്ഠപ്പെടുത്തുന്ന വിഷയങ്ങളിൽ ശക്തമായ നിലപാട് അവർ സ്വീകരിക്കേണ്ടിവരും. പൗരത്വ വിഷയമായാലും ഫലസ്തീൻ ആയാലും ശക്തമായ നിലപാടുകൾ യാതൊരു ചാഞ്ചല്യവുമില്ലാതെ സ്വീകരിക്കാൻ യു.ഡി.എഫ് നേതൃത്വം തയാറാവേണ്ടതായി വരും. വൈകിയാണെങ്കിലും ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസ് മുൻകൈയെടുത്ത് കോഴിക്കോട്ട് റാലി നടത്താൻ നിശ്ചയിച്ചത് ഒരുപക്ഷേ നിലവിലെ അസ്വസ്ഥതകൾക്ക് പരിധിവരെ പരിഹാരമായേക്കാം.


നയപരമായ വിഷയങ്ങളിൽ കോൺഗ്രസ് കാണിക്കുന്ന അലംഭാവം അവർക്കുതന്നെ വിനയായി മാറുന്നില്ലേ എന്നു സംശയിക്കണം. കേരളത്തിൽ പിണറായി വിജയൻ സർക്കാരിനോടുള്ള ജനങ്ങളുടെ എതിർപ്പും അസംതൃപ്തിയും യാഥാർഥ്യമാണ്. എന്നാൽ അതിനെ മറികടക്കാൻ സാധിക്കുംവിധം നയപരമായ കാര്യങ്ങളിൽ കൂടുതൽ തെളിഞ്ഞതും കൃത്യവുമായ നിലപാടുകൾ എൽ.ഡി.എഫ് എടുക്കുന്നുണ്ട്. അതിനാൽ തങ്ങൾക്കുണ്ടെന്ന് യു.ഡി.എഫ് കരുതുന്ന ജനകീയ മുൻകൈയെ മറികടക്കാൻ സി.പി.എമ്മിനു സാധിച്ചെന്നുവരാം. അതിന്റെ പ്രതിഫലനം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാണാനുമിടയുണ്ട്.


തെരഞ്ഞടുപ്പിൽ യു.ഡി.എഫിനെ തറപറ്റിക്കാൻ എൽ.ഡി.എഫിന് സാധ്യമാകും എന്നല്ല പറയുന്നത്. പക്ഷേ ലീഗടക്കം തങ്ങളുടെ പക്ഷത്തുള്ള കക്ഷികളെയോ അല്ലെങ്കിൽ അവരുടെ അണികളിലൊരു വിഭാഗത്തെയോ അടർത്തിയെടുക്കാനുള്ള ശേഷി ഇന്ന് കേരളം ഭരിക്കുന്ന കക്ഷിക്കുണ്ടെന്ന വസ്തുത ചൂണ്ടിക്കാണിക്കുകയാണ്. എന്നിരുന്നാലും അതിനെ ചെറുക്കാനുള്ള അമ്പുകൾ കോൺഗ്രസിന്റെ ആവനാഴിയിൽ തന്നെയുണ്ട്. അതിൽ പ്രധാനം ജാതി സെൻസസ് സംബന്ധിച്ച ശക്തമായ വാദങ്ങൾ ഉയർത്തിക്കൊണ്ടുവരിക എന്നതാണ്. ഇന്ത്യയിലാദ്യമായി മുന്നോക്ക സമുദായ സംവരണം നടപ്പാക്കിയ സർക്കാരാണിത്. അക്കാര്യത്തിൽ ബി.ജെ.പി സർക്കാരിനുപോലും മാതൃകയായതും കേരളത്തിലെ ഭരണാധികാരികൾതന്നെ.

പിന്നോക്ക, ന്യൂനപക്ഷ സമുദായങ്ങൾക്ക്‌ അനുകൂലമായി തീരുന്ന ജാതി സെൻസസ് വേണമെന്നു കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. കേരളത്തിൽ അത്തരമൊരു മുന്നേറ്റത്തിന് ഇവിടത്തെ നേതൃത്വം തയാറാവുമോ എന്നറിയില്ല. മേൽത്തട്ടു വിഭാഗങ്ങളുടെ മാത്രം താൽപര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടിയും മുന്നണിയുമായി കോൺഗ്രസും യു.ഡി.എഫും പ്രവർത്തിച്ചാൽ ലീഗിനെയെന്നല്ല, കൂടെയുള്ള മറ്റു പിന്നോക്ക വിഭാഗങ്ങളെപ്പോലും അവർക്ക് നഷ്ടപ്പെട്ടെന്നു വരാം.

Content Highlights:Why Muslim League? Closer to CPM?


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.