2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

മാറുന്ന ഉപരി പഠന സാധ്യതകള്‍; ആരൊക്കെ വന്നാലും ഇന്ത്യക്കാര്‍ക്ക് പ്രിയം യു.എസ് തന്നെ; കാരണമിത്

മാറുന്ന ഉപരി പഠന സാധ്യതകള്‍; ആരൊക്കെ വന്നാലും ഇന്ത്യക്കാര്‍ക്ക് പ്രിയം യു.എസ് തന്നെ; കാരണമിത്

വിദേശ പഠനത്തിനായി രാജ്യം വിടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് യു.എസ്.എ. എം.ഇ.എ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ അധ്യായന വര്‍ഷം 13 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായി വിദേശത്തേക്ക് വിമാനം കയറിയെന്നാണ് കണ്ടെത്തിയത്. ഇതില്‍ തന്നെ 4,65000 വിദ്യാര്‍ഥികളും അമേരിക്കയിലെ വിവിധ യൂണിവേഴ്‌സിറ്റികളാണ് തെരഞ്ഞടുത്തത്. 2023ലെ അധ്യായന വര്‍ഷം അവസാനിക്കാനിരിക്കെ 90000 സ്റ്റുഡന്റ് വിസകളാണ് ആഗസ്റ്റിലും സെപ്റ്റംബറിലുമായി യു.എസ്. എംബസി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കിയത്. നിലവില്‍ കാനഡ, യു.എ.ഇ, ആസ്‌ട്രേലിയ, യു.കെ എന്നീ രാജ്യങ്ങളേക്കാള്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം യു.എസ് ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്തുകൊണ്ടിയിരിക്കുമിത്? ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടും മറ്റ് രാജ്യങ്ങളെ മാറ്റി നിര്‍ത്തി കൂടുതല്‍ പണം മുടക്കിയും യു.എസിലേക്ക് ചേക്കേറാന്‍ മലയാളികളടക്കം മത്സരിക്കുകയാണ്.

വിദ്യാഭ്യാസ നിലവാരം
യു.എസിലെ വിദ്യാഭ്യാസ സമ്പ്രദായം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതായാണ് പരിഗണിക്കപ്പെടുന്നത്. അക്കാദമിക മികവിന് പേരുകേട്ട യൂണിവേഴ്‌സിറ്റികളാണ് യു.എസ് നിങ്ങള്‍ക്കായി ഓഫര്‍ ചെയ്യുന്നത്. ലോകോത്തര നിലവാരമുള്ള ക്യാമ്പസുകളും, ഗവേഷണ സാധ്യതകളും, ഫാക്കല്‍റ്റികളും, മെച്ചപ്പെട്ട ഫീല്‍ഡ് പഠനവും യു.എസ് നിങ്ങള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. 2023ലെ ടൈംസ് പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ ആദ്യം 25ല്‍ 16 അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളാണ് ഇടംപിടിച്ചത്. അക്കാദമിക മേഖലയിലെ ഈ ട്രാക്ക് റെക്കോര്‍ഡ് തന്നെയാണ് യു.എസ്സിനെ പ്രിയങ്കരമാക്കുന്ന പ്രധാന ഘടകം.

അക്കാദമിക് വൈവിദ്യം
വൈവിദ്യമായ അക്കാദമിക സംസ്‌കാരമാണ് യു.എസിനെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. ആത്യാധുനിക സാങ്കേതിക വിദ്യയെ ഉള്‍ക്കൊള്ളുന്ന STEM പ്രോഗ്രാമുകള്‍ മുതല്‍ ലിബറല്‍ ആര്‍ട്‌സ് വരെ ഉള്‍ക്കൊള്ളുന്ന വിപുലമായ അക്കാദമിക സമ്പ്രദായമാണ് യു.എസ് മുന്നോട്ട് വെക്കുന്നത്. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ താല്‍പര്യമുള്ള മേഖലയില്‍ കൂടുതല്‍ പര്യവേക്ഷണം നടത്താനുള്ള സാധ്യതയും യു.എസ് അക്കാദമിക് മേഖല മുന്നോട്ട് വെക്കുന്നുണ്ട്.

ആഗോള നെറ്റ് വര്‍ക്കിങ്
അമേരിക്കയിലേക്ക് ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ആഗോള നെറ്റ് വര്‍ക്കിങ് സാധ്യതകള്‍ കൂടി നേടാനാവും. വിപുലമായ അന്താരാഷ്ട്ര വിദ്യാര്‍ഥി സമൂഹവുമായുള്ള സഹകരണം ഇന്ത്യക്കാര്‍ക്ക് പുതിയ സാധ്യതകള്‍ തുറന്നു കൊടുക്കുന്നു.

ജോലി സാധ്യതകള്‍
ഉപരി പഠനത്തിന് ശേഷം ലഭിക്കുന്ന ജോലി സാധ്യതകളാണ് യു.എസിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായ അമേരിക്കയാണ് പല ആഗോള ഭീമന്‍ കമ്പനികളുടെയും ജന്മസ്ഥലം. മാത്രമല്ല ലോകത്തിലെ ഒട്ടുമിക്ക കമ്പനികളുടെയും ആസ്ഥാനങ്ങളും, ഔട്ട്‌ലെറ്റുകളും നമുക്ക് യു.എസില്‍ കാണാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഏത് മേഖലയില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കും യു.എസ് മുന്നോട്ട് വെക്കുന്ന ജോലി സാധ്യതകള്‍ വളരെ വലുതാണ്.

വിസ പോളിസികള്‍
യു.എസിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നവരെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രതിസന്ധിയാണ് വിസ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യു.എസ് വിസ നേടുക എന്നത് ശ്രമകരമായ പണിയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസം വലിയ ആശങ്കയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ പ്രതിസന്ധിക്ക് പരിഹാരമെന്നോണം വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്ന് യു.എസ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കായുള്ള എഫ് 1 വിസയില്‍ കാതലായ മാറ്റങ്ങള്‍ക്കാണ് യു.എസ് ഇപ്പോള്‍ തയ്യാറെടുക്കുന്നത്. വിസ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷമുള്ള അനിശ്ചിത കാല കാലതാമസം ഒഴിവാക്കാനാണ് പുതിയ നീക്കം. മാത്രമല്ല ചില വിസ മേഖലകളില്‍ ഓണ്‍ലൈന്‍ സാധ്യതകള്‍ തുറന്നുകൊടുക്കാനുള്ള തീരുമാനവും പ്രാവര്‍ത്തികമാക്കുന്നുണ്ട്.

ഭാവി സാധ്യതകള്‍
കഴിഞ്ഞ കുറച്ച് നാളുകളായി വിദേശ വിദ്യാഭ്യാസം തേടി രാജ്യം വിടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. കാനഡ പോലുള്ള രാജ്യങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സ്‌കീമുകള്‍ വരെ പ്രഖ്യാപിക്കുകയുണ്ടായി. ഇതോടെ ഇന്ത്യക്കാര്‍ക്കിടയില്‍ നിന്ന് കാനഡയിലേക്ക് വമ്പിച്ച കുടിയേറ്റമാണ് നടന്നത്. യു.കെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും സമാനമായ സാധ്യതകള്‍ തുറന്നിട്ടതോടെ ഈ രാജ്യങ്ങളിലെ സാമ്പത്തിക മേഖലയും ശക്തിപ്രാപിക്കുകയുണ്ടായി.

എന്നാല്‍ യു.എസിന്റെ കഠിനമായ വിസ നിയമങ്ങള്‍ യു.എസിലേക്കുള്ള കുടിയേറ്റത്തിന് വിലങ്ങു തടിയായി. ഇതോടെ കാനഡയും മറ്റ് സ്റ്റഡി ഡെസ്റ്റിനേഷനുകളും വമ്പിച്ച പുരോഗതി നേടുകയും ചെയ്തു. എന്നാല്‍ പിന്നീട് കാനഡയിലെ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധിയും യു.കെ പോലുള്ള രാജ്യങ്ങള്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ക്ക് മുതിര്‍ന്നതും വിദേശ വിദ്യാഭ്യാസ മേഖലയില്‍ യു.എസിന് പുതിയ സാധ്യതകള്‍ തുറന്നിടുകയുണ്ടായി. കാനഡ ലക്ഷ്യം വെച്ച നല്ലൊരു ശതമാനം വിദ്യാര്‍ഥികളും യു.എസിലേക്ക് ചേക്കേറാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായാണ് സ്റ്റുഡന്റ് വിസകളിലടക്കം നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റാന്‍ യു.എസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് വരും നാളുകളില്‍ യു.എസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കുടിയേറ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിതക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.