ഡോ. ടി.എസ് ശ്യാംകുമാർ
ജാതി സെന്‍സസ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ഇതൊരു ‘ദുര്‍ഭൂത’ മാണെന്ന നിലയിലാണ് സവര്‍ണ ശക്തികളും ഹിന്ദുത്വ പരിവാരികളും പരിഗണിക്കുന്നത്. ഇന്ത്യ പോലെ വൈവിധ്യപൂര്‍ണമായ ഒരു രാഷ്ട്രത്തില്‍ ക്ഷേമപദ്ധതികളും പ്രാതിനിധ്യമുള്‍പ്പെടെയുള്ള വിഷയങ്ങളും ഗൗരവതരമായും ശക്തമായും നടപ്പിലാക്കാന്‍ കഴിയണമെങ്കില്‍ വ്യത്യസ്ത ജാതി സമൂഹങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവേണ്ടതുണ്ട്. ഇത്തരമൊരു കൃത്യമായ വിവരത്തിന്റെ അഭാവത്തില്‍ ക്ഷേമപദ്ധതികള്‍ അര്‍ഹരുടെ കരങ്ങളിലേക്ക് എത്താതെ വരികയും ഭയാനകമാം വിധം പ്രാതിനിധ്യ ജനായത്തം തകരുകയും ചെയ്യും.
ഭൂരിപക്ഷ ഹിന്ദുവെന്ന മിത്ത്
ജാതി സെന്‍സസിനെ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ഹിന്ദുത്വ ബ്രാഹ്മണ്യവാദികള്‍ തന്നെയാണ്. ഭൂരിപക്ഷ ഹിന്ദു എന്ന കല്‍പിത കഥയുടെ മുകളിലാണ് ഹിന്ദുത്വര്‍ ഹിന്ദു രാഷ്ട്ര വാദമുള്‍പ്പെടെ മുന്നോട്ടു വയ്ക്കുന്നത്. യഥാര്‍ഥത്തില്‍, ബഹുഭൂരിപക്ഷം വരുന്ന ദലിത് പിന്നോക്ക ജനവിഭാഗങ്ങളെ ഹിന്ദുക്കളാക്കി അവതരപ്പിച്ചു കൊണ്ടാണ് ഭൂരിപക്ഷ മതവാദം ഉയര്‍ത്തുന്നത്.
എന്നാല്‍ ഉദ്യോഗ ഭരണരംഗങ്ങളിലും രാഷ്ട്രീയ അധികാരരംഗങ്ങളിലും ദലിത് പിന്നോക്ക മുസ് ലിം ജന വിഭാഗങ്ങള്‍ പുറന്തള്ളപ്പെടുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ ദലിതരും പിന്നോക്കരും അടങ്ങുന്ന ഭൂരിപക്ഷം വരുന്ന ബഹുജനങ്ങളുടെ പേരില്‍ തീര്‍ത്തും ന്യൂനപക്ഷമായ സവര്‍ണര്‍ ഉദ്യോഗ അധികാരരംഗങ്ങള്‍ കുത്തകയാക്കി മാറ്റിയിരിക്കുകയാണ്. ഭൂരിപക്ഷ മതത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന സവര്‍ണ ബ്രാഹ്മണ്യ മേധാവിത്വം തകരുമെന്ന ഭയം നിമിത്തമാണ് ബ്രാഹ്മണ്യ സേവകരായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ജാതി സെന്‍സസിനെ എതിര്‍ക്കുന്നത്. കൃത്യമായി ജാതി സെന്‍സസ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഓരോ രംഗങ്ങളിലും തുടരുന്ന ദാരിദ്ര്യം, പിന്നോക്കാവസ്ഥ, വിവിധ മണ്ഡലങ്ങളിലെ പ്രാതിനിധ്യ പ്രശ്‌നങ്ങള്‍ എന്നിവ മനസിലാക്കാന്‍ കഴിയൂ. ജാതി സെന്‍സസ് ഒരു ദുര്‍ഭൂതമാണെന്ന് കരുതി അടച്ചുവച്ചാല്‍ ബഹുഭൂരിപക്ഷം വരുന്ന ദലിത് പിന്നോക്ക ജനത ഉദ്യോഗരാഷ്ട്രീയ അധികാരരംഗങ്ങളില്‍ ഇപ്പോള്‍ അനുഭവിക്കുന്ന അടിമത്വം തുടരുകയാണ് ചെയ്യുക.
പ്രാതിനിധ്യത്തിനായുള്ള പോരാട്ടം
സമുദായ പ്രാതിനിധ്യമാണ് ദേശീയവാദമെന്നും സമുദായ പ്രാതിനിധ്യം കൂടാത്ത ദേശീയത്വം കേവലം കുത്തകയായെ വരികയുള്ളൂ എന്നും സഹോദരന്‍ അയ്യപ്പന്‍ നിരീക്ഷിക്കുന്നുണ്ട്. ഭരണഘടനാ ജനാധിപത്യത്തിന്റെ അടിസ്ഥാനം പ്രാതിനിധ്യ വ്യവസ്ഥയാണ്. പ്രാതിനിധ്യം കൃത്യമായി നടപ്പില്‍ വരുത്താന്‍ കഴിയണമെങ്കില്‍ ഓരോ ജനവിഭാഗങ്ങളുടെയും വിവിധ രംഗങ്ങളിലുള്ള പ്രാതിനിധ്യം കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ഇങ്ങനെ കണ്ടെത്തിയാല്‍ മാത്രമേ അമിത പ്രാതിനിധ്യമുള്ള ജാതി വിഭാഗങ്ങളെ കണ്ടെത്തുവാനും പ്രാതിനിധ്യ കുറവുള്ള ജാതി വിഭാഗങ്ങളെ ഉള്‍ക്കൊള്ളിക്കുവാനും കഴിയുകയുള്ളൂ. വിവരാവകാശ പ്രകാരം ലഭ്യമായ വിവിധ രേഖകളും മറ്റു കണക്കുകളും സൂചിപ്പിക്കുന്നതനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ സെക്രട്ടേറിയല്‍ തല ഉദ്യോഗങ്ങളില്‍ ദലിത് പിന്നോക്ക ജന വിഭാഗങ്ങള്‍ ഹിംസാത്മകമായ പുറന്തള്ളലാണ് അനുഭവിക്കുന്നത്. സംവരണം ഇല്ലാത്ത മണ്ഡലങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ ‘സവര്‍ണ രാജായി’ പരിണമിച്ചിരിക്കുന്നു. സംവരണം ഇല്ലായിരുന്നുവെങ്കില്‍ ഒരൊറ്റ ദലിതരും പാര്‍ലമെന്റിലും നിയമസഭകളിലും എത്തില്ലായിരുന്നു. ഇത് സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ ഇന്നും തുടരുന്ന സവര്‍ണ ദുഷ്പ്രഭുത്വത്തിന്റെ ഹീനതയെയാണ്. സംവരണം കാര്യക്ഷമമായി നടപ്പിലാക്കാതിരിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ ചില സര്‍വകലാശാലകള്‍ സംവരണ ചാര്‍ട്ട് തന്നെ നിഗൂഢ രേഖയാക്കി മറച്ചുവച്ചിരിക്കുന്നു. കേരളത്തിലെ ദേവസ്വം ബോര്‍ഡിന്റെ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന സവര്‍ണ കുത്തക, പ്രാതിനിധ്യത്തിന്റെ അഭാവത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.
പൊതുവിദ്യാഭ്യാസ- ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് സംവരണം എന്നത് തീര്‍ത്തും അപരിചിതമാണ്. ഇത്തരത്തില്‍ പല വിധേനയുള്ള പ്രാതിനിധ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ജാതി സെന്‍സസ് കൃത്യമായി നടത്തേണ്ടതുണ്ട്.
ജനാധിപത്യത്തിന്റെ സുസ്ഥിരതയ്ക്ക്
ജാതി സെന്‍സസ് ജാതിയെ ശാശ്വതീകരിക്കുകയും സ്വത്വചിന്തകളെ കൂടുതല്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യുമെന്നും പൊതുവെ വാദിക്കാറുണ്ട്. എന്നാല്‍ ദലിതരും പിന്നോക്കരും മുസ്ലിംകളും അവകാശവും അധികാരവും ചോദിക്കാന്‍ തുടങ്ങുമ്പോഴുള്ള ബ്രാഹ്മണ്യവാദികളുടെ സ്ഥിരം പല്ലവി മാത്രമാണിത്. നൂറ്റാണ്ടുകളായി ഇന്ത്യന്‍ സമൂഹത്തില്‍ സവര്‍ണജാതി വാലുകള്‍ പേരുകളില്‍ ചാര്‍ത്തിയും സവര്‍ണജാതി പ്രിവിലേജുകള്‍ ഉപയോഗിച്ച് ഉദ്യോഗ അധികാര ഭരണരംഗങ്ങള്‍ പിടിച്ചടക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തിന്റെ ഐക്യം തകരുന്നതായി ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് തോന്നാറേയില്ല.
അടിസ്ഥാനപരമായി ഇന്ത്യയില്‍ ജനാധിപത്യം ശക്തമായി നിലനില്‍ക്കണമെങ്കില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും അധികാര ഭരണരംഗങ്ങളില്‍ തുല്യ നീതിയിലുറച്ച പ്രാതിനിധ്യം ലഭ്യമാവേണ്ടതുണ്ട്. അധികാര ഭരണരംഗങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടണമെങ്കില്‍ പ്രാതിനിധ്യം അതിന്റെ ആധാര തത്വമായിരിക്കണം. സംവരണം നിലവിലില്ലാത്ത സ്വകാര്യ മേഖലകള്‍ സവര്‍ണ മേഖലയായി തുടരുന്നത് പ്രാതിനിധ്യ ജനാധിപത്യത്തിന്റെ പ്രാധാന്യമാണ് വെളിവാക്കുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ ജാതി സെന്‍സസ് ജനാധിപത്യ ഇന്ത്യയുടെ നിലനില്‍പ്പിനായുള്ള അനിവാര്യമായ പോരാട്ടമാണെന്ന് കാണാം. ഹിന്ദുത്വ ബ്രാഹ്മണ്യത്തെ നേരിടാനുള്ള ഫലപ്രദമായ ഒരുപാധി കൂടിയാണ് ജാതി സെന്‍സസ് എന്നതും മറക്കാതിരിക്കാം.
Comments are closed for this post.