2022 December 01 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

എന്‍.ആര്‍.സിക്കു പിന്നാലെ തദ്ദേശീയ മുസ്‌ലിംകളെ കണ്ടെത്താന്‍ അസമിലെ ബി.ജെ.പി സര്‍ക്കാരിന്റെ പുതിയ സെന്‍സസ്: പുതിയ നീക്കം ബാക്കിയുള്ളവരെ ഒറ്റപ്പെടുത്താന്‍?

 

ഗുവാഹത്തി: എന്‍.ആര്‍.സിയും പിന്നാലെ കൊണ്ടുവന്ന സി.എ.എ ബില്ലും കാരണം കത്തുന്ന അസമില്‍ പുതിയൊരു സെന്‍സസുമായി ബി.ജെ.പി സര്‍ക്കാര്‍. തദ്ദേശീയരായ മുസ്‌ലിംകളെ കണ്ടെത്താനാണ് പുതിയ സെന്‍സസ് നടത്തുന്നത്. ഇതിനായി ബജറ്റില്‍ 100 കോടി രൂപ വകയിരിത്തിയിട്ടുണ്ട്.

ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ഒട്ടേറെയുള്ള സംസ്ഥാനമാണ് അസം. എന്‍.ആര്‍.സിയില്‍ ബി.ജെ.പിയിലെ പ്രമുഖര്‍ സംശയം പ്രകടിപ്പിക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കം. തദ്ദേശീയരായി കണക്കാക്കപ്പെടുന്ന ഗൊരിയ, മൊരിയ, ജോലാ, ദേസി എന്നീ സമൂഹങ്ങളില്‍ പെടുന്നവരെ കണ്ടെത്തുകയാണ് സര്‍വേയുടെ ലക്ഷ്യം. ഈ സമുദായ നേതാക്കളുടെ ഒരു യോഗം അസം ന്യൂനപക്ഷ ക്ഷേമമന്ത്രി രഞ്ജിത്ത് ദത്ത വിളിച്ചു ചേര്‍ത്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഈ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

90 ലക്ഷം പേര്‍ അനിശ്ചിതത്വത്തിലേക്ക്?

2011 ലെ സെന്‍സസ് പ്രകാരം 3.12 കോടി വരുന്ന അസം ജനസംഖ്യയിലെ 34.22 ശതമാനം മുസ്‌ലിംകളാണ്. അതില്‍ 12 ശതമാനം വരുന്നവരാണ് തദ്ദേശീയ മുസ്‌ലിംകള്‍. അതായത് അസമില്‍ 1.3 കോടി മുസ്ലിംകളുണ്ട്. ഇതില്‍ 90 ലക്ഷം പേരും ബംഗ്ലാദേശി വംശജരാണെന്നാണ് കണക്കാക്കുന്നത്. ബാക്കിയുള്ള 40 ലക്ഷം പേര്‍ തദ്ദേശീയരെന്ന് കണക്കാക്കുന്ന നാലു വിഭാഗങ്ങളില്‍പ്പെട്ടവരാണ്. തദ്ദേശീയരായ ഇവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് അസം ന്യൂനപക്ഷ വികസന ബോര്‍ഡ് ചെയര്‍മാന്‍ മുമിനുല്‍ അവ്വല്‍ പറഞ്ഞു.

തദ്ദേശീയരായ മുസ്ലിംകളെ തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് സെന്‍സസിനെ ന്യായീകരിച്ച് സര്‍ക്കാര്‍ പറയുന്നത്. അതുകൊണ്ട് കൃത്യമായ രേഖയുണ്ടാക്കുകയാണ് പുതിയ സര്‍വേയിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ബംഗ്ലാദേശി വംശജരായ ലക്ഷക്കണക്കിന് ജനങ്ങള്‍ എന്‍.ആര്‍.സിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്‍.ആര്‍.സിയെ വിശ്വാസമില്ലെന്ന് ന്യൂനപക്ഷ ബോര്‍ഡ് ചെയര്‍മാന്‍ പറയുന്നു. ഇപ്പോള്‍ തദ്ദേശീയരെ കണ്ടെത്താന്‍ ശ്രമിച്ചില്ലെങ്കില്‍ ഒരുവേള എല്ലാ തദ്ദേശീയരും അസമിന് പുറത്താകുന്ന സാഹചര്യം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015 ല്‍ തദ്ദേശീയരായ മുസ്ലിംകളെ കണ്ടെത്താന്‍ പ്രത്യേക സര്‍വെ നടത്തണമെന്നാവശ്യപ്പെട്ട് തങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ടിരുന്നുവെന്നും ന്യൂനപക്ഷ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

‘എന്‍.ആര്‍.സിയില്‍ ലക്ഷക്കണക്കിന് ബംഗ്ലാദേശി വംശജരായവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അതിനെ ആശ്രയിക്കാന്‍ കഴിയില്ല. ഇപ്പോള്‍ നടപടിയെടുത്തില്ലെങ്കില്‍ ഒരു ദിവസം തദ്ദേശീയരായ ഗോത്രവിഭാഗങ്ങള്‍ അസമില്‍ ഇല്ലാതാകും. ഒരു തവണ ഈ തദ്ദേശ ഗോതവിഭാഗങ്ങളെ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ അവരുടെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് എളുപ്പമാകും. ഈ ഗോത്രവിഭാഗങ്ങളുടെ പ്രതിനിധിയെന്ന നിലയില്‍ 2015ല്‍ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ഇത്തരമൊരു സര്‍വേ നടത്താന്‍ ഗോത്രവിഭാഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു’- ചെയര്‍മാന്‍ പറഞ്ഞു.

സര്‍വേ തയ്യാറാവുന്നതോടെ തദ്ദേശീയരല്ലെന്ന് കണ്ടെത്തുന്ന ഭൂരിപക്ഷം മുസ്‌ലിംകളും പ്രതിരോധത്തിലാവും. അവരെ ഒറ്റപ്പെടുത്താനും വികസനത്തിന് തടസം അവരാണെന്ന് പറയാനും എളുപ്പം സാധിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.