2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘വരും തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ തോല്‍പിച്ചില്ലെങ്കില്‍ രാജ്യം മണിപ്പൂര്‍ പോലെ കത്തും’-സത്യപാല്‍ മലിക്

‘വരും തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ തോല്‍പിച്ചില്ലെങ്കില്‍ രാജ്യം മണിപ്പൂര്‍ പോലെ കത്തും’-സത്യപാല്‍ മലിക്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാജ്യമൊന്നാകെ മണിപ്പൂര്‍ പോലെ കത്തുമെന്ന് നിലവില്‍ മോദി സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകനായ മുന്‍ ബി.ജെ.പി നേതാവ് സത്യപാല്‍ മലിക്. സാമൂഹിക ഐക്യമോ നീതിയോ കാവിപ്പാര്‍ട്ടിക്ക് പ്രശ്‌നമല്ലെന്നും അധികാരം മാത്രമാണ് അവരുടെ ലക്ഷ്യമെന്നും പുല്‍വാമ വെളിപ്പെടുത്തലിലൂടെ വിവാദത്തിലായ ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണറും ജാട്ട് നേതാവുമായ സത്യപാല്‍ മലിക് തുറന്നടിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ബി.ജെ.പിക്കെതിരായ ശക്തികളെ ഏകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ മലിക് ‘നാഷനല്‍ ഹെറാള്‍ഡി’ന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഈ രൂക്ഷ പ്രതികരണം.

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
’45ലേറെ ദിവസമായി മണിപ്പൂര്‍ കത്തുകയാണ്. കേന്ദ്രത്തിലും മണിപ്പൂരിലുമുള്ള ബി.ജെ.പി സര്‍ക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നില്ല. 2024 ലോക്‌സഭ ഉള്‍പെടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി തോല്‍പിക്കപ്പെട്ടില്ലെങ്കില്‍ മണിപ്പൂര്‍ പോലെ രാജ്യം മുഴുവന്‍ ഇങ്ങനെ കത്തും’- അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ഇത്തരം തെറ്റായ നടപടികള്‍ക്കുള്ള പരിഹാരവും രാഷ്ട്രീയത്തില്‍ തന്നെയാണ് ഉള്ളതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കടുത്ത സോഷ്യലിസ്റ്റുകാരനും ഉത്തര്‍പ്രദേശിലെ സ്വാധീനമുള്ള ജാട്ട് നേതാക്കളില്‍ ഒരാളും കൂടിയായ മലിക് കൂട്ടിച്ചേര്‍ത്തു.

ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബ്രിജ്ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാത്തത് അധികാരത്തിന്റെ മത്ത് പിടിച്ചതുകൊണ്ടാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാ പരിശ്രമവും ബി.ജെ.പി വിരുദ്ധ ശക്തികളെ ഒന്നിപ്പിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, മണിപ്പൂര്‍ സര്‍ക്കാറിനെതിരെ ഭരണകക്ഷിയായ ബി.ജെ.പിയുടെ ഒമ്പത് എം.എല്‍.എമാര്‍ രംഗത്തുവന്നു. സര്‍ക്കാറില്‍ പൊതുജനത്തിനുള്ള വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നും ഇത് വീണ്ടെടുക്കാന്‍ ഭരണസംവിധാനത്തിലും സര്‍ക്കാര്‍ നടത്തിപ്പിലും ചില നടപടികള്‍ ആവശ്യമാണെന്നും ഒമ്പത് എം.എല്‍.എമാര്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു.

കരം ശ്യാം സിങ്, ടി.എച്ച്. രാധേശ്യാം സിങ്, സിഷികാന്ത് സിങ് സാപാം, രഘുമണി സിങ്, ബ്രോജന്‍ സിങ്, രൊബീന്ദ്രോ സിങ്, രാജേന്‍ സിങ്, കെബി ദേവി, ഡോ. വൈ രാധേശ്യാം എന്നീ മെയ്‌തെയി വിഭാഗക്കാരായ ഒമ്പത് ബി.ജെ.പി എം.എല്‍.എമാരാണ് സ്വന്തം സര്‍ക്കാറില്‍ ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ഡല്‍ഹിയില്‍ വന്ന് പ്രധാനമന്ത്രിയെ അറിയിച്ചത്.

സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നുവെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ഒന്നര മാസമായി വംശീയകലാപം തുടരുന്ന മണിപ്പൂരില്‍ മെയ്‌തേയി വിഭാഗക്കാരനായ മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെന്ന് ഏഴ് ബി.ജെ.പി എം.എല്‍.എമാര്‍ അടക്കം കുക്കി വിഭാഗക്കാരായ 10 എം.എല്‍.എമാര്‍ തുറന്നടിച്ചതിനു ശേഷമാണ് മെയ്‌തേയി വിഭാഗക്കാരും മുഖ്യമന്ത്രിക്കെതിരെ തിരിയുന്നത്.

ബി.ജെ.പി സര്‍ക്കാറില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന നിലപാടില്‍ പാര്‍ട്ടി ഭേദമെന്യേ ഒറ്റക്കെട്ടായ കുക്കികള്‍ കേന്ദ്രസേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വരുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയിലുള്ള അവിശ്വാസം പ്രധാനമന്ത്രിയെ അറിയിച്ച ഒമ്പത് എം.എല്‍.എമാരില്‍ എട്ടുപേര്‍ പിറ്റേന്ന് ബിരേന്‍ സിങ്ങിനെ പിന്തുണക്കുന്ന എം.എല്‍.എമാര്‍ക്കൊപ്പം ബി.ജെ.പിയിലുള്ള ആര്‍.എസ്.എസിന്റെ സംഘടന സെക്രട്ടറി ബി.എല്‍. സന്തോഷിനെ ഡല്‍ഹിയില്‍ കണ്ട് കുക്കി തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത് തെറ്റിദ്ധാരണ മൂലമാണെന്ന് ബി.എല്‍. സന്തോഷുമായുള്ള കൂടിക്കാഴ്ചക്കു ശേഷം അവരിലൊരാള്‍ പറയുകയും ചെയ്തു.

മുഖ്യമന്ത്രി ബിരേന്‍ സിങ്ങുമായി ബി.ജെ.പി എം.എല്‍.എമാര്‍ക്ക് എതിര്‍പ്പുള്ളതായി ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് കരുതി മണിപ്പൂര്‍ സര്‍ക്കാറിന് ഭീഷണിയില്ലെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ചിദാനന്ദ സിങ് അവകാശപ്പെട്ടു.

നിലവിലുള്ള പ്രതിസന്ധി തുടരുകയാണെന്നും ഇത് കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ച ബീരേന്‍ സിങ്ങിന് സംഭവിച്ചുവെന്നും പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള അഭിപ്രായം പരസ്യമായത് ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അയല്‍ സംസ്ഥാനമായ മിസോറമില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ബാധിക്കുന്ന തരത്തിലേക്കാണ് മണിപ്പൂരിലെ കാര്യങ്ങളുടെ പോക്ക്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.