
ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ ട്വിറ്റര്‍ ഹാന്‍ഡിലുകളും വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തു. മൂന്നാഴ്ച മുന്‍പാണ് ഇന്ത്യയുമായി ബന്ധപ്പെട്ട ആറ് ട്വിറ്റര്‍ ഹാന്റിലുകള്‍ വൈറ്റ് ഹൗസ് ഫോളോ ചെയ്തിരുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണൗള്ഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി, പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) എന്നിവരെ ട്വിറ്ററില്‍ ഫോളോ ചെയ്ത് തുടങ്ങിയത്.
നേരത്തെ കൊവിഡ് ചികിത്സയ്ക്കായുള്ള ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകള്‍ നല്‍കണമെന്ന ട്രംപിന്റെ ആവശ്യം പരിഗണിച്ച് ഇന്ത്യ കയറ്റുമതി നിയന്ത്രണത്തില്‍ ഇളവ് കൊണ്ടുവന്നതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് മോദിയെ ഫോളോ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വന്നത്.
ഏപ്രില്‍ 12 നാണ് മോദിയെ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നവരുടെ എണ്ണം 19ല്‍ നിന്ന് 13 ആയി കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ അമേരിക്കന്‍ എംബസിയേയും, അമേരിക്കയിലെ ഇന്ത്യന്‍ എംബസിയെയും വൈറ്റ് ഹൗസ് ഫോളോ ചെയ്തിരുന്നു. ഈ അക്കൗണ്ടുകളെയും ഇപ്പോള്‍ അണ്‍ഫോളോ ചെയ്തിരിക്കുന്നതായാണ് കാണുന്നത്.
ഇന്ത്യയ്ക്കെതിരെ യു.എസ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നടപടിയെന്നും ശ്രദ്ധേയമാണ്. നിരന്തരം മത സ്വാതന്ത്ര്യ ലംഘനങ്ങള്‍ അരങ്ങേറുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് കമ്മീഷന്റെ റിപ്പോര്‍ട്ട്. ഇന്ത്യയെ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് കമ്മീഷന് ശുപാര്‍ശ ചെയ്യുന്നു. കാരണം മതസ്വതന്ത്ര്യത്തിന്റെ കടുത്ത ലംഘനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. അങ്ങേ അറ്റം അസ്വസ്ഥത ഉളവാക്കുന്നതും അമ്പരപ്പിക്കുന്നതുമാണതെന്നും സി.എ.എ ചൂണ്ടിക്കാട്ടി കമ്മീഷന് വൈസ് ചെയര്‍ നദീനേ മെന്‍സ പറഞ്ഞു.