2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

അശോകസ്തംഭത്തിൽനിന്ന് ധന്വന്തരിയിലേക്ക് മാറുമ്പോൾദേശീയ മെഡിക്കൽ കമ്മിഷന്റെ വെബ്‌സൈറ്റിലെ ലോഗോയിൽനിന്ന് അശോകസ്തംഭം മാറ്റുകയും പകരം ഹിന്ദുദൈവമായ ധന്വന്തരിയുടെ ചിത്രം ചേർക്കുകയും ചെയ്തിരിക്കുന്നു. നാഷനൽ മെഡിക്കൽ കമ്മിഷൻ ഓഫ് ഇന്ത്യ എന്നത് നാഷനൽ മെഡിക്കൽ കമ്മിഷൻ ഓഫ് ഭാരത് എന്നാക്കി. ഇന്ത്യയെ ഒരു മതരാജ്യമാക്കി മാറ്റുന്ന സംഘ്പരിവാർ പദ്ധതിയുടെ തുടർച്ചയായാണ് ഇതിനെ കാണാനാവുക. ആരോഗ്യരംഗത്തെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന കമ്മിഷൻ മതേതരമായും പുരോഗമനപരമായുംപ്രവർത്തിക്കേണ്ടതാണ്. രാജ്യത്തിന്റെ വൈവിധ്യത്തെയും മതേതര സംവിധാനത്തെയും ഉൾക്കൊള്ളുന്നതായിരിക്കണം അതിന്റെ നിലപാടുകൾ. ശാസ്ത്രീയവും ചരിത്രപരവും പുരോഗമനപരവുമായി കാഴ്ചപ്പാടുകളായിരിക്കണം അതിനെ നയിക്കേണ്ടത്.

എന്നാൽ, രാജ്യത്തെ ഭരണവർഗത്തെ പിടിമുറുക്കിയ ഹിന്ദുത്വവാദത്തിന്റെ ഇടുങ്ങിയ വഴിയിലൂടെയാണ് അതിന്റെയും പോക്ക്.മെഡിക്കൽ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ ചൊല്ലുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഒഴിവാക്കി ‘മഹർഷി ചരക് ശപഥ്’ നടപ്പാക്കാനുള്ള കമ്മിഷന്റെ കഴിഞ്ഞ വർഷത്തെ നിർദേശവും വിവാദമായിരുന്നു. അശോകസ്തംഭം മാറ്റിയത് അബദ്ധമല്ല, ആലോചിച്ച് ഉറപ്പിച്ചതാണെന്നർഥം. എന്തിനുവേണ്ടിയാണ് ദേശീയ മെഡിക്കൽ കമ്മിഷൻ നിലകൊള്ളുന്നതെന്ന് ഉത്തരവാദപ്പെട്ടവർ ആലോചിക്കേണ്ടതാണ്. രാജ്യത്ത് മിടുക്കരായ ഡോക്ടർമാരെ വാർത്തെടുക്കുകയും അതുവഴി വൈദ്യശാസ്ത്രമേഖലയിലേക്ക് സംഭാവനകൾ നൽകുകയുമാണ് മെഡിക്കൽ കമ്മിഷന്റെ ലക്ഷ്യം.

   

അതിനെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഇരുണ്ട ആലയിൽ കൊണ്ടുപോയി കെട്ടുന്നത് അംഗീകരിക്കാൻ കഴിയാത്തതാണ്. ഭരണഘടന നിലവിൽവന്ന് 75 വർഷം പൂർത്തിയാവുന്ന ഘട്ടത്തിൽ രാജ്യത്തെ ജനാധിപത്യത്തിന്റെ വിലയേറിയ ചിഹ്നങ്ങൾ തുടർച്ചയായി അപ്രത്യക്ഷമാകുകയും പകരം ഹിന്ദുത്വരാഷ്ട്രത്തിന്റെ ലക്ഷണങ്ങൾ ഇടംപിടിക്കുകയും ചെയ്യുന്നുവെന്നതാണ് പ്രധാന കാഴ്ച.
രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾ കീഴടങ്ങുകയോ കീഴടക്കപ്പെടുകയോ ചെയ്യുന്നു. പ്രതിപക്ഷം ദുർബലമാക്കപ്പെടുകയും എതിർസ്വരങ്ങൾ ജയിലിലാക്കപ്പെടുകയും ചെയ്യുന്നു. രാജവാഴ്ചയെന്ന സങ്കൽപ്പവും ഹിന്ദുരാഷ്ട്രമെന്ന ആശയവും തകർന്ന ദിവസമാണ് രാജ്യത്ത് ഭരണഘടന നിലവിൽ വരുന്നത്.

1950 ജനുവരി 26ന് ഭരണഘടന അംഗീകരിക്കപ്പെടുന്നത് നാല് പ്രധാന ലക്ഷ്യങ്ങളോടെയാണ്. 1, സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നീതി, ചിന്ത. 2, ആവിഷ്‌കാരം, വിശ്വാസം, ആരാധന എന്നിവയുടെ സ്വാതന്ത്ര്യം. 3, പദവിയുടെയും അവസരങ്ങളുടെയും സമത്വം. 4, വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കുന്ന സാഹോദര്യം എന്നീ നാലു മൂല്യങ്ങളിലായിരുന്നു അത്. ഈ ഭരണഘടനയാണ് ഓരോ പൗരനെയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പൗരനെന്ന അമൂല്യമായ പദവിയിലെത്തിച്ചത്.
ഈ മൂല്യങ്ങളിൽ നിന്നാണ് ഒരോ സ്ഥാപനവും പ്രവർത്തിക്കേണ്ടത്.

എന്നാൽ, പുതിയ ഇന്ത്യയിൽ ജനാധിപത്യ ഭരണസ്ഥാപനങ്ങൾ അതിവേഗം ജീർണിക്കുകയും ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ മാനദണ്ഡങ്ങളും ഉയർത്തിപ്പിടിക്കാനുള്ള ശേഷി അതിവേഗം നഷ്ടപ്പെടുകയും ചെയ്യുന്നു. ഹിന്ദു രാഷ്ട്രത്തിലേക്കുള്ള സഞ്ചാര സാധ്യത അതിവേഗം ഉയരുമ്പോൾ ഇന്ത്യയുടെ ജനാധിപത്യത്തിന് വ്യക്തവും നിലവിലുള്ളതുമായ അപകടമുണ്ടെന്ന് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നു. ഈ ജനാധിപത്യത്തിന്റെ മൂല്യത്തെ അട്ടിമറിക്കുന്ന നീക്കത്തിന്റെ ഉദാഹരണങ്ങളുടെ പരിസരത്ത് നിന്നാണ് നാഷനൽ മെഡിക്കൽ കമ്മിഷന്റെ ലോഗോയുടെ മാറ്റത്തെയും കാണേണ്ടത്. ഹിന്ദുമതമെന്നത് രാജ്യത്തിന്റെ സംസ്‌കാരമല്ല. അത് രാജ്യത്തെ വിവിധ മതങ്ങളിലൊന്ന് മാത്രമാണ്. മറിച്ചുള്ള വാദം അടിസ്ഥാനമില്ലാത്തതാണ്. ഹിന്ദുമതത്തിലെ വിശ്വാസപരമായ സങ്കൽപ്പങ്ങൾ രാജ്യത്തെ മൊത്തത്തിലുള്ള ജനങ്ങളെയോ അവരുടെ സംസ്‌കാരത്തെയോ പ്രതിനിധീകരിക്കുന്നുമില്ല.


ഈ സാഹചര്യത്തിൽ ധന്വന്തരിയുടെ ചിത്രം കമ്മിഷന്റെ ലോഗോയിൽ ഇടംപിടിക്കുന്നത് മറ്റു സമുദായങ്ങളുടെ മേൽ ഭൂരിപക്ഷത്തിന്റെ ചിഹ്നങ്ങളെ അടിച്ചേൽപ്പിക്കുന്നതായേ കാണാനാവൂ. മെഡിക്കൽ കമ്മിഷനെപ്പോലുള്ള സുപ്രധാന സ്ഥാപനം രാജ്യത്തിന് ഭീഷണിയായ ഹിന്ദുത്വരാഷ്ട്രീയ ലക്ഷ്യങ്ങളുടെ വാഹകരാകുന്നത് അംഗീകരിക്കാനാവാത്തതാണ്. മെഡിക്കൽ സ്ഥാപനങ്ങളുടെ നയം രൂപീകരിക്കുന്ന ഉന്നതസമിതിയാണ് മെഡിക്കൽ കമ്മിഷൻ.

കമ്മിഷന്റെ നയനിലപാടുകളിലുള്ള വ്യതിയാനം രാജ്യമെമ്പാടുമുള്ള സ്ഥാപനങ്ങളെ സ്വാധീനിക്കും. ഇന്ത്യയെന്നതിന് പകരം ഭാരത് എന്നാക്കിയതാണ് മറ്റൊന്ന്. ചരിത്രവുമായി ബന്ധമില്ലാത്തൊരു പേര് കമ്മിഷൻ സ്വീകരിക്കുന്നത് ഉചിതമല്ല. ഭാരതെന്ന പേരിന് ഇന്ത്യൻ ചരിത്രവുമായോ വസ്തുതയുമായോ ബന്ധമില്ല. അതൊരു മിത്താണ്. മിത്തിനെയല്ല, ശാസ്ത്രീയത അടിസ്ഥാനമാക്കി പ്രവർത്തിക്കേണ്ട ഒരു സംഘടന സ്വീകരിക്കേണ്ടത്.


ഭരതൻ എന്ന രാജാവ് ഭരിച്ചിരുന്ന രാജ്യമെന്ന ഐതിഹ്യത്തിലാണ് ഭാരത് എന്ന പേരുണ്ടാകുന്നത്. ഭരതൻ ഇന്ത്യ മുഴുവൻ ജയിച്ചടക്കിയെന്നാണ് ഐതിഹ്യം. ചരിത്രവുമായി ബന്ധമില്ലാത്ത കഥയാണിത്. ഋഗ്വേദത്തിലും ഭാരത, ഭാരതം ജനം തുടങ്ങിയ പരാമർശങ്ങളുണ്ട്. ഭാരതെന്ന പേരിൽ രാഷ്ട്രീയമോ ഭൂമിശാസ്ത്രപരമോ എന്നതിലുപരി മതപരവും സാമൂഹികവുമായ സാംസ്‌കാരിക അസ്തിത്വമാണുള്ളത്. ഭാരത് എന്നത് ബ്രാഹ്‌മണ സമൂഹം നിലനിൽക്കുന്ന അതിപ്രാദേശികവും ഉപഭൂഖണ്ഡവുമായ പ്രദേശത്തെ സൂചിപ്പിക്കുന്നതാണ്. മറ്റു ജാതി, മത വിഭാഗങ്ങളെ ആ പേര് ഉൾക്കൊള്ളുന്നില്ല. എന്നാൽ ഇന്ത്യയെന്ന പേര് അങ്ങനെയല്ല. സിന്ധുനദിക്ക് ഇംഗ്ലീഷിൽ പറയുന്ന ഇൻഡസ് എന്ന പേരാണ് ഇന്ത്യയായത്.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയെ ഇല്ലാതാക്കി മോദി സർക്കാർ ദേശീയ മെഡിക്കൽ കമ്മിഷന് രൂപം നൽകിയത് തന്നെ വൈദ്യശാസ്ത്ര മേഖലയിലെ ഹിന്ദുത്വ അജൻഡകളെ നടപ്പാക്കാനാണെന്ന ആരോപണം നേരത്തെയുയർന്നതാണ്. അശാസ്ത്രീയത ചൂണ്ടിക്കാട്ടി ഡോക്ടർമാരും ഇതിനെ എതിർത്തിരുന്നു. ഇന്ത്യൻ വൈദ്യമെന്ന പേരിൽ ശാസ്ത്രീയ അടിത്തറയില്ലാത്ത വൈദ്യാശാസ്ത്ര ശാഖകൾക്ക് അംഗീകാരം നൽകുന്നുവെന്ന ആശങ്കയാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടിയത്.
മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ ഉന്നത സ്ഥാപനം സംഘ്പരിവാർ അജൻഡയുടെ വാഹകരാകുന്നത് രോഗബാധയുടെ ലക്ഷണമാണ്. അത് തിരുത്തപ്പെടേണ്ടതാണെന്ന ബോധ്യം അതിനെ നയിക്കുന്നവർക്കുണ്ടാകണം. രാജ്യത്തെ പൊതുസമൂഹവും ഡോക്ടർമാരും അതിനായി സമ്മർദം ചെലുത്തുകയും വേണം.

Content Highlights:While moving from Ashoka pillar to Dhanvantari


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.