കോവിഡ് കാലത്ത് മന്ദഗതിയിലായ ഇന്ത്യയിലെ വ്യോമയാന മേഖല നിയന്ത്രണങ്ങള്‍ക്ക് ശേഷം വമ്പിച്ച തിരിച്ചുവരവാണ് നടത്തുന്നത്. ഡി.ജി.സി.എ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 30.55 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ വര്‍ഷം ആദ്യ പാദത്തിലുണ്ടായിട്ടുള്ളത്. 2022 ജനുവരി മുതല്‍ ആഗസ്റ്റ് വരെ 7 കോടി 70 ലക്ഷത്തിന് മുകളില്‍ മാത്രമായിരുന്നു ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം. എന്നാല്‍ 2023 ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇത് 10 കോടിക്ക് മുകളിലായതായാണ് റിപ്പോര്‍ട്ട്. സമാനമായി കഴിഞ്ഞ വര്‍ഷം ആഗസ്റ്റിനേക്കാള്‍ 2023 ആഗസ്റ്റിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 22.8 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഡി.ജി.സി.എ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ വിമാന സര്‍വീസുകളിലെ വമ്പന്‍മാരെ കുറിച്ചും പരാമര്‍ശമുണ്ട്. ആഗസ്റ്റ് 2023ലെ വിമാന കമ്പനികളില്‍ വരുമാനത്തിന്റെ കാര്യത്തിലും യാത്രക്കാരുടെ എണ്ണത്തിലും ബഡ്ജറ്റ് ഫ്രണ്ട്‌ലി കമ്പനിയായ ഇന്‍ഡിഗോ തങ്ങളുടെ അപ്രമാദിത്വം തുടരുന്നുവെന്നാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. മൂന്നില്‍ രണ്ട് വിപണിയും കീഴടക്കിയാണ് ഇന്‍ഡിഗോ ഇത്തവണയും ഒന്നാമതെത്തിയത്. തൊട്ടുപിന്നാലെ വിസ്താരയും മൂന്നാമത് എയര്‍ ഇന്ത്യയുമാണ് പട്ടികയില്‍ ഇടംപിടിച്ചത്.
ആഗസ്റ്റിലെ മൊത്തം ആഭ്യന്തര യാത്രക്കാരുടെ എണ്ണം 1 കോടി ഇരുപത് ലക്ഷത്തിന് മുകളിലാണ്. ഇതില്‍ 80 ലക്ഷത്തിനടുത്ത് യാത്രക്കാരും ഇന്‍ഡിഗോ വഴിയാണ് യാത്ര ചെയ്തിരിക്കുന്നത്. രണ്ടാമതുള്ള വിസ്താരയ്ക്കും എയര്‍ ഇന്ത്യക്കും 12 ലക്ഷത്തിന് മുകളിലുമാണ് ആഗസ്റ്റില്‍ യാത്രക്കാരുള്ളത്.
ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനുകളുടെ പട്ടിക
ഇന്‍ഡിഗോ- 78.67 ലക്ഷം
വിസ്താര- 12.17
എയര്‍ ഇന്ത്യ- 12.12
എയര്‍ ഏഷ്യ- 8.78
സ്‌പൈസ് ജെറ്റ്- 5.41
അകാസ എയര്‍- 5.27
അലയന്‍സ് എയര്‍- 1.25
ഫ്‌ളൈ ബിഗ്, ഇന്ത്യ വണ്‍, സ്റ്റാര്‍ എയര്‍ എന്നീ സര്‍വീസുകളില്‍ നിന്നായി 0.56 ലക്ഷം എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം.
വിപണി മൂല്യത്തിലും ബഹുദൂരം ഇന്‍ഡിഗോ
2023 ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവിലെ ആഭ്യന്തര വിപണി മൂല്യത്തിലും ഇന്‍ഡിഗോ തന്നെയാണ് മുന്നില്‍. മറ്റ് സര്‍വീസുകളെ അപേക്ഷിച്ച് 63.3 ശതമാനമാണ് ആഗസ്റ്റില്‍ മാത്രം ഇന്‍ഡിഗോ നേടിയ മാര്‍ക്കറ്റ് ഷെയര്‍. വിസ്താരക്കും എയര്‍ ഇന്ത്യക്കും ഇത് യഥാക്രമം 9.8 ശതമാനം മാത്രമാണ്.
ഇന്‍ഡിഗോയുടെ ആറ് മാസത്തെ മാര്‍ക്കറ്റ് ഷെയര്‍ (2023)
ജനുവരി- 54.6 ശതമാനം
ഫെബ്രുവരി- 55.9 ശതമാനം
മാര്‍ച്ച്- 56.8 ശതമാനം
ഏപ്രില്‍- 57.5 ശതമാനം
മെയ്- 61.4 ശതമാനം
ജൂണ്‍- 63.2 ശതമാനം
ജൂലൈ- 63.4 ശതമാനം
ആഗസ്റ്റ്- 63.3 ശതമാനം
Comments are closed for this post.